Connect with us

Articles

വറ്റുന്ന വെള്ളം

Published

|

Last Updated

2005 മുതല്‍ 2015 വരെ ഒരു പതിറ്റാണ്ട് ഐക്യരാഷ്ട്ര സംഘടന ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കായി, പ്രത്യേകിച്ച് ജലവും സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ചുള്ള പ്രശ്‌ന പരിഹാരങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഇന്ന് ലോകത്ത് 1. 2 ശതകോടി ജനങ്ങള്‍ക്ക് കുടിക്കാന്‍ ശുദ്ധജലം ലഭ്യമല്ല. വര്‍ഷത്തില്‍ 2. 8 ശതകോടി ജനങ്ങള്‍ ഒരു മാസമെങ്കിലും ജലക്ഷാമം നേരിടുന്നവരാണ്. 2025ല്‍ 1. 8 ശതകോടി ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യത ഉണ്ടാകില്ലത്രേ. ലോകത്ത് ലഭ്യമായ ഭൂഗര്‍ഭ ജലത്തിന്റെ ഭൂരിഭാഗവും തീര്‍ന്നുവരുന്നു എന്ന വസ്തുത മാനവരാശി ഞെട്ടലോടെയാണ് കാണുന്നത്.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഭൂമിയിലെ ജലചംക്രമണത്തെയും ഹൈഡ്രോളജിക്കല്‍ സൈക്കിളിനെയുമാണ്.(ചലചക്രം) 2050ഓടെ ജലലഭ്യത ലോക ജനസംഖ്യയുടെ ഭൂരിപക്ഷത്തെയും പ്രതികൂലമായി ബാധിക്കുമെന്ന വാര്‍ത്തയാണ് വരുന്നത്. ലോകത്ത് ലഭ്യമായ ശുദ്ധജലത്തിന്റെ ഭൂരിഭാഗവും (എഴുപത് ശതമാനം) ഭക്ഷ്യോത്പാദനത്തിനുള്ള കാര്‍ഷിക മേഖലയിലാണ് ചെലവാകുന്നത്. എന്നാല്‍, 2020 ആകുന്നതോടെ 100 മുതല്‍ 400 ശതമാനമായി അധിക ജലം ഭക്ഷ്യോത്പാദന രംഗത്ത് ആവശ്യമായി വരുമെന്നാണ് ഐ പി സി സി മുന്നറിയിപ്പ് തരുന്നത്. വെള്ളം കൂടുതല്‍ ഉപയോഗിച്ചാലും ഭക്ഷ്യേത്പാദനം 50 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന പ്രവചനം ഭൂമിയിലെ ജനങ്ങള്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ജലദൗര്‍ലഭ്യം കാരണം പട്ടിണിയിലാകുമെന്ന സത്യത്തിലാണ് ചെന്നെത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടുതല്‍ കനത്ത പ്രശ്‌നങ്ങള്‍ 2020 ഓടെ കണ്ടുതുടങ്ങുമത്രേ.
കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പ്രതിഭാസവും ലോകത്തെ കൂടുതല്‍ വരള്‍ച്ചയിലെത്തിച്ചിരിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ആദ്യവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടനുഭവിച്ചത് 900 ദശലക്ഷം ആളുകളാണ്. ഇന്നത് ഇരട്ടിയായി മാറിയിരിക്കുന്നു. ഭൂഗര്‍ഭജലത്തിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതിനാല്‍, ഇന്ത്യയിലെ പലയിടത്തും ജലവിതാനം 300 മീറ്ററെങ്കിലും കുറഞ്ഞതായി കണക്കാക്കുന്നു. ലോകത്ത് 48000 വന്‍കിട അണക്കെട്ടുകളുണ്ട്. ഇത് നദികളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. 2030ന് മുമ്പ് തന്നെ ജലലഭ്യതയെക്കാള്‍ 50 ശതമാനം ജലഉപയോഗം കൂടുതലാകുമത്രേ. ഒരു കപ്പ് ചായക്ക് 140 ലിറ്റര്‍ ജലവും ഒരു ജോഡി ജീന്‍സ് നിര്‍മിക്കാന്‍ 6000 ലിറ്റര്‍ ജലവും വേണമെന്ന് കണക്കാക്കുന്നു. ശുദ്ധമായ ജലലഭ്യത എല്ലാ പൗരന്മാരുടെയും അവകാശമാണെന്ന് ലോക രാജ്യങ്ങള്‍ അംഗീകരിക്കുന്നുണ്ട്. പ്രാദേശിക ജലലഭ്യതയിലുണ്ടാകുന്ന കുറവ് തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതിന് ഇടവരുത്തും.
രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങള്‍ ഭൂഗര്‍ഭ റീ ചാര്‍ജിംഗ് ജലത്തേക്കാളേറെ ജലം ഉപയോഗിച്ചുവരുന്നുണ്ട്. കേരളം ഉള്‍പ്പെടെ മറ്റു പല സംസ്ഥാനങ്ങളും ഈ നിലയിലെത്തിക്കൊണ്ടിരിക്കുന്നു. തമിഴ്‌നാടും ഉത്തര്‍ പ്രദേശും ഭൂഗര്‍ഭജല ഉപയോഗത്തില്‍ അപകടനിലയിലെത്തിനിര്‍ക്കുന്നു. ഇന്ന് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജലത്തിന്റെ 57 ശതമാനവും ഭൂഗര്‍ഭ ജലമാണെന്നതാണ് വസ്തുത. ഇത് കൂടാതെ കേരളത്തിലെ 14 ജില്ലകളിലെയും ജലത്തിന്റെ ക്വാളിറ്റിയില്‍ വന്നിരിക്കുന്ന മാറ്റം ശ്രദ്ധേയമാണ്. ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കേരളത്തില്‍ പലയിടത്തും ലഭ്യമായ ജലം ശുദ്ധമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയിലും പാലക്കാട്ടും കുടിവെള്ളത്തില്‍ ഫഌറസൈഡിന്റെ അംശം ഉണ്ടത്രേ. പ്രതിവര്‍ഷം കേരളത്തില്‍ ജലത്തിന്റെ ഉപയോഗത്തില്‍ 14 ശതമാനത്തിന്റെ ശരാശരി വര്‍ധനവാണ് കാണിക്കുന്നത്. മഴവെള്ളത്തിന്റെ കണക്ക് നോക്കിയാല്‍ കേരളത്തില്‍ ജലദൗര്‍ലഭ്യത ഉണ്ടാകേണ്ടതില്ല. എന്നാല്‍, ലഭ്യമായ മഴവെള്ളത്തിന്റെ 50 ശതമാനമെങ്കിലും നഷ്ടമാകുന്നതായാണ് കണക്ക്. മഴവെള്ളം പെട്ടെന്ന് മലിനജലമാകുന്നതിനുള്ള സാധ്യത നമ്മുടെ നാട്ടിലുണ്ട്. മാലിന്യ സംസ്‌കരണത്തിന്റെ അഭാവമാണ് പ്രധാന കാരണം. വ്യവസായ മലിനീകരണവും അഴുക്കുചാലുകളും അതില്‍ പങ്ക് വഹിക്കുന്നുണ്ട്.
ഇതു കൂടാതെ സംസ്ഥാനത്തെ ജലസംഭരണികളായ പാടശേഖരങ്ങള്‍, മലകള്‍, കുന്നുകള്‍, കോള്‍നിലങ്ങള്‍, ചതുപ്പുകള്‍, വനങ്ങള്‍ എന്നിവയെല്ലാം നാശോന്മുഖമായിരിക്കുന്നു. ഭൂഗര്‍ഭ റീ ചാര്‍ജിംഗ് ഏറ്റവും ദുഷ്‌കരമായിരിക്കുന്നു. ഹൈറേഞ്ചില്‍ വന നശീകരണം മൂലം മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങിയിരുന്ന പ്രകൃതിദത്തമായ സംവിധാനങ്ങള്‍ എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു. ജലമാനേജ്‌മെന്റിന്റെ അഭാവത്താല്‍, ശുദ്ധമായ മഴവെള്ളം മഴ മാറി 24 മണിക്കൂറിനുള്ളില്‍ തന്നെ കായലിലും കടലിലും ചെന്നു ചേര്‍ന്ന് ഉപ്പുമയമാകുന്നു.
ഇപ്പോള്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്. വേനലിലെ കനത്ത ചൂടില്‍ പകല്‍ പണിയെടുത്ത് തളര്‍ന്നുവരുന്ന കുടുംബാംഗങ്ങള്‍ രാത്രി കുടിവെള്ളം ശേഖരിക്കുന്നതിനായുള്ള തിടുക്കത്തിലാണ്. ടാങ്കര്‍ ലോറി വെള്ളം മലിനമാണോ എന്ന ആശങ്കയും ജനത്തിനുണ്ട്.
സംസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിലേക്ക് നയിച്ചത് ഇവിടുത്തെ ഭരണനേതൃത്വങ്ങളുടെ അശാസ്ത്രീയ കാഴ്ചപ്പാടുകളും വികസന പദ്ധതികളുമായിരുന്നു എന്നതില്‍ സംശയമില്ല. പ്രകൃതിക്ക് രൂപമാറ്റം വരാതിരിക്കാന്‍ നമ്മുടെ പൂര്‍വികര്‍ നിര്‍മിച്ച നിയമങ്ങള്‍ അസ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ പലതും ഭൂമാഫിയക്കും മണല്‍മാഫിയക്കും പാറ, ചെങ്കല്‍, കളിമണ്ണ് മാഫിയകള്‍ക്കും സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങളുടെ മേല്‍ അഴിഞ്ഞാട്ടം നടത്താന്‍ അവസരമൊരുക്കുകയാണ്. ഭൂഗര്‍ഭ റീ ചാര്‍ജിംഗ് നടക്കാതിരിക്കുന്നത് ഭൂമിയോടുള്ള കടുത്ത ക്രൂരതയുടെ ഫലമായാണ്.
വനപ്രദേശത്ത് കുന്നിടിക്കാന്‍ അനുമതി, വനഭൂമിയില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ ഒഴിപ്പിക്കാതെ കൂടുതല്‍ കെട്ടിടങ്ങള്‍ക്കായി അനുമതി, വനനിയമങ്ങളുടെ ലംഘനം, ഖനനത്തിന് മുമ്പുള്ള പരിസ്ഥിതി ആഘാതപഠനം ഒഴിവാക്കല്‍, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കായി തീറെഴുതി നിത്യഹരിത വനത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തുന്നതിനുള്ള ഉത്തരവ്, ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ചുള്ള ഉത്തരവ് തുടങ്ങിയ നൂറുകണക്കിന് പരിസ്ഥിതിവിരുദ്ധമായ ഉത്തരവുകളാണ് കേരള സംസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിലേക്ക് നയിച്ചത്. പുഴകളില്‍ നിന്ന് വണല്‍വാരാന്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും കരമണല്‍ ഖനനത്തിന് അനുമതി നല്‍കുകയും ചെയ്തു. പാടശേഖരങ്ങള്‍ നികത്തിയെടുത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടം കൊഴുപ്പിപ്പിച്ചു. ഇത്തരം ഭരണപരിഷ്‌കാരങ്ങള്‍ ഇല്ലാതാക്കിയത് സംസ്ഥാനത്തെ ജലസ്രോതസ്സുകളെയാണെന്നോര്‍ക്കണം. ജനം ഉണര്‍ന്നു പ്രവൃത്തിച്ചില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ജലം കിട്ടാക്കനിയായി മാറുമെന്നതില്‍ തര്‍ക്കമില്ല.

Latest