Connect with us

Kannur

അഭിമാന പോരാട്ടത്തിന് കടന്നപ്പള്ളി ഇറങ്ങി

Published

|

Last Updated

കണ്ണൂര്‍: ഇടതു മുന്നണിക്കൊപ്പം മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഉറച്ചു നില്‍ക്കുകയും മറ്റ് ഏത് ഘടകക്ഷികളെക്കാളും സി പി എമ്മിനെ പിന്തുണക്കുകയും ചെയ്ത കോണ്‍ഗ്രസ് എസിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന അഭിമാനപ്പോരാട്ടത്തിന് കടന്നപ്പള്ളിരാമചന്ദ്രന്‍ കളത്തിലിറങ്ങി. വിജയ സാധ്യതയുള്ള സീറ്റ് നല്‍കണമെന്ന ആവര്‍ത്തിച്ചുള്ള അപേക്ഷ മുന്നണി നിരസിച്ചതോടെ എല്ലാ പിണക്കങ്ങളും പരിഭവവും മാറ്റിവച്ചാണ് വീണ്ടും ജനവിധി തേടാന്‍ കടന്നപ്പള്ളിയിറങ്ങിയത്.
ഇന്നലെ കണ്ണൂര്‍ കാള്‍ടെക്‌സിലെ ഗാന്ധി പ്രതിമയിലും എ കെ ജി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കടന്നപ്പള്ളി പ്രചാരണത്തിനിറങ്ങിയത്. കണ്ണൂര്‍ മണ്ഡലത്തിലെ രക്തസാക്ഷി കുടുംബങ്ങള്‍, ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ചാണ് പര്യടനത്തിന് തുടക്കമിട്ടത്. ഇടതുമുന്നണിയിലെ പ്രധാന നേതാക്കളെല്ലാം കടന്നപ്പള്ളിയോടൊപ്പം ഇന്നലെ പ്രചാരണത്തിനായുണ്ടായിരുന്നു. കടന്നപ്പള്ളിയെ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയ എ പി അബ്ദുല്ലക്കുട്ടി തന്നെയാവും കണ്ണൂരില്‍ ജനവിധി തേടാന്‍ സാധ്യതയെന്നാണ് സൂചന. എന്നാല്‍ കെ സുധാകരനുള്‍പ്പടെയുള്ളവരുടെ പേരും അവസാനഘട്ടത്തില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.
പാര്‍ലിമെന്ററി രംഗത്ത് ഇത്തവണയും സാന്നിധ്യമറിയിച്ചില്ലെങ്കില്‍ ഇനി എത്രകാലം കോണ്‍ഗ്രസ് എസ് എന്ന ചെറിയ പാര്‍ട്ടിക്ക് നിലനില്‍ക്കാനാകുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യങ്ങള്‍ നിലനില്‍ക്കവെയാണ് കടന്നപ്പള്ളി ഇത്തവണ എന്തുവന്നാലും വിജയിക്കണമെന്ന ആഗ്രഹത്തോടെ പോരാട്ടത്തിനിറങ്ങുന്നത്. കണ്ണൂരിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലുണ്ടായ അത്ഭുതങ്ങളും തുണച്ചാല്‍ എന്തായാലും ഇക്കുറി കര പറ്റാനാകുമെന്നാണ് സി പി എം അടക്കമുള്ള ഇടതു കക്ഷികളുടെ നേതാക്കള്‍ വ്യക്തമാക്കുന്നത്. ഇവര്‍ കടന്നപ്പള്ളിക്കു കൊടുത്ത വാക്കും അതാണ്. കണ്ണൂര്‍ പിടിച്ചെടുക്കാനാകുമെന്ന ഈ ഉറപ്പിന്‍മേലാണ് കണ്ണൂരില്‍ മത്സരിക്കാനായി കടന്നപ്പള്ളിയിറങ്ങിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായിരിക്കെ, 21 മാത്തെ വയസ്സില്‍ കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ രാഷ്ട്രീയ രംഗത്തെ അതികായന്‍ ഇ കെ നായനാരെ പരാജയപ്പെടുത്തിയാണ് കടന്നപ്പള്ളി രാമചന്ദ്രന്‍ പാര്‍ലിമെന്റ് രാഷ്ട്രീയത്തിന്റെ ജൈത്രയാത്രക്ക് തുടക്കമിടുന്നത്. പിന്നീട് ഇടതു മുന്നണിയിലെത്തിയ അദ്ദേഹം ഏത് പ്രതിസന്ധി ഘട്ടത്തിലും മുന്നണിക്കൊപ്പം നിലകൊള്ളുകയും ഇടതുപക്ഷ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമായിരുന്നു.
1980ല്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിലെ ഡോ കെ സി ജോസഫിനെ പരാജയപ്പെടുത്തി സംസ്ഥാന നിയമസഭയിലെത്തിയ ഇദ്ദേഹം പിന്നീട്, പേരാവൂര്‍, എടക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടിയിട്ടുണ്ട്. പേരാവൂര്‍, എടക്കാട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച ഇദ്ദേഹം വി എസ് മന്ത്രിസഭയില്‍ ദേവസ്വം വകുപ്പു മന്ത്രിയുമായിരുന്നു.
കഴിഞ്ഞ തവണ കണ്ണൂര്‍ മണ്ഡലത്തില്‍ എ പി അബ്ദുല്ലക്കുട്ടിയോട് ആറായിരത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest