Connect with us

Sports

നേട്ടങ്ങളുടെ സ്മാഷുതിര്‍ത്ത അമീര്‍ മാഷ് പടിയിറങ്ങുന്നു

Published

|

Last Updated

കണ്ണൂര്‍: പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മാര്‍ച്ച് മാസത്തില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്റെ പടി കയറി വരുമ്പോള്‍ വോളിബോള്‍പരിശീലകന്‍ കോഴിക്കോട് പയ്യോളി സ്വദേശി വി ടി അമീറുദ്ദീന്‍ എന്ന അമീര്‍ മാഷിന് കണ്ണൂരിലെ കായികമേഖലയില്‍ ഒരു പൊളിച്ചെഴുത്ത് സാധ്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. ഒരു കാലത്ത് ഏറെ പേരും പെരുമയും നേടിയിരുന്ന കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂള്‍ കായിക വഴിയില്‍ കിതച്ചപ്പോള്‍ കൈപിടിച്ചുയര്‍ത്താനെത്തിയ അമീര്‍മാഷിന് ചിലപ്പോള്‍ അതൊരു നിയോഗമായേ കണക്കാക്കാനാകൂ. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളിലെ പതിനാറ് വര്‍ഷത്തെ സേവന കാലയളവില്‍ ട്രാക്കിലും ഫീല്‍ഡിലുമായി പത്തിലധികം അന്തര്‍ദേശീയ താരങ്ങളെയും 150 ലധികം ദേശീയ താരങ്ങളെയും 250 ലേറെ സംസ്ഥാന താരങ്ങളെയും സമ്മാനിച്ച ഈ കായികാധ്യാപകന്‍ പടിയിറങ്ങുന്നത് കണ്ണൂരിന്റെ കായിക ചരിത്രത്തില്‍ എക്കാലത്തും മായാത്ത സുവര്‍ണ്ണ രേഖകള്‍ കോറിയിട്ടാണ്.
പയ്യോളി മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലായിരുന്നു പ്രാഥമിക പഠനം. അവിടെ നിന്നാണ് ബാസ്‌ക്കറ്റ് ബോളിലേക്കും വോളിബോളിലേക്കുമുള്ള തുടക്കം. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ കേരള സ്‌ക്കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിലെ അംഗമായിരുന്നു. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പേരാമ്പ്ര സി കെ ജി മെമ്മോറിയല്‍ ഗവ. കോളജ് പഠനത്തിനിടയിലാണ് വോളിബോളിലേക്കുള്ള രംഗ പ്രവേശം.
ബാസ്‌ക്കറ്റ് കോര്‍ട്ട് ഇല്ലാത്തത് കൊണ്ട് വോളിബോളിനാണ് മുഴുവന്‍ സമയവും ചെലവഴിച്ചത്.പിന്നീട് കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ രണ്ട് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് കേരള റോഡ് വെ വോളിബോള്‍ ടീമില്‍ മൂന്ന് വര്‍ഷം അംഗമായി. കായികാധ്യാപകനായുള്ള ഔദ്യോഗിക ജീവിതത്തിനു തുടക്കമാകുന്നത് 1984 ല്‍ ബേപ്പൂര്‍ ഫിഷറീസ് എച്ച് എസിലാണ്. രണ്ട് വര്‍ഷത്തെ അവിടുത്തെ ജോലിയിലൂടെ ബേപ്പൂര്‍ ഫിഷറീസ് ഹൈസ്‌ക്കൂളിന്റെ അതുവരെയില്ലാത്ത വിജയഫലം നേടി കൊടുത്തു. പിന്നീട് രണ്ട് വര്‍ഷം വടകര സംസ്‌കൃത സ്‌കൂളിലും പരിശീലകനായി പ്രവര്‍ത്തിച്ചു.
ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ മേപ്പയ്യൂര്‍ ഗവ. എച്ച് എസിലായിരുന്നു തുടര്‍ന്നുള്ള സേവനം. അക്കാലത്തായിരുന്നു ഏറെ പിന്നാക്കാവസ്ഥയിലായ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനായി സ്‌പോര്‍ട്‌സ് ജോയിന്റ് ഡയരക്ടര്‍ ആയിരുന്ന ഡോ. വി ഗബ്രിയല്‍ 200 കായികാധ്യാപകരെ തിരഞ്ഞെടുത്ത് ഇന്‍ സര്‍വ്വീസ് കോഴ്‌സ് നല്‍കി, അതില്‍ മികവു പുലര്‍ത്തിയ നാല്‍പത് പേരെ കണ്ടെത്തി, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ എന്‍ ഐ എസ് കായിക പരിശീലന കോഴ്‌സിന് അയച്ചത്.
ഇതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ വിജയം കരസ്ഥമാക്കിയഅമീര്‍ മാഷും ഉള്‍പ്പെ ഉള്‍പ്പെടെ നാല് പേരെയാണ് കണ്ണൂരില്‍ നിയമിച്ചത്.
കണ്ണൂരിലെത്തിയ അമീര്‍ മാഷ് കണ്ടത് കായിക താരങ്ങളുടെ പരിമിതമായ സൗകര്യങ്ങളുടെ ദയനീയ കഥയും കാഴ്ചയുമായിരുന്നു. സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും ലഭിക്കുമെന്ന പ്രതീക്ഷയോടെ നിര്‍ധന കുടുംബത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും സ്വന്തമായി ബൂട്ട് പോലുമില്ലാത്ത അവസ്ഥയായിരുന്നു ഇവിടെ.
പിന്നീടങ്ങോട്ട് ഈ കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തും, കായിക പരിശീലനത്തിനായുള്ള ഉപകരണങ്ങള്‍ വാങ്ങി കൊടുത്തും നല്ല കായികതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ അമീര്‍ മാഷ് നിരന്തരം പ്രയത്‌നിച്ചു. അതിന്റെ ഫലമായിരുന്നു ദേശീയ അന്തര്‍ദേശീയ സംസ്ഥാന തലത്തില്‍ പുതിയ കായികതാരങ്ങളുടെ ഉദയം.
മാഷിന്റെ പരിശീലനത്തിലൂടെ സംസ്ഥാന തലത്തില്‍ സ്‌ക്കൂള്‍, മിനി, സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍ വിഭാഗങ്ങൡല്‍ നേട്ടമുണ്ടാക്കിതുടങ്ങി.
ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരള വോളിബോള്‍ ടീമിന്റെ പരിശീലകനായി 13 തവണ സേവനമനുഷ്ടിച്ചതില്‍ പത്ത് തവണയും ടീമിനെ കിരീടമണിയിച്ചു. രണ്ട് തവണ രണ്ടാം സ്ഥാനവും ഏറ്റവും ഒടുവില്‍ നടന്ന മീറ്റില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. കൂടാതെ കേരള ജൂനിയര്‍ ടീമിന്റെ പരിശീലകനായപ്പോള്‍ ദേശീയ മീറ്റില്‍ രണ്ട് തവണ രണ്ടാം സ്ഥാനം നേടിക്കൊടുത്ത മാഷ് യൂത്ത് ടീമിനെ ഒരു തവണ ദേശീയ ചാമ്പ്യന്‍മാരുമാക്കി. ദേശീയ ഗെയിംസിലും ഫെഡറേഷന്‍ കപ്പിലും കേരള വനിത സീനിയര്‍ ടീമിന്റെ അസി.
കോച്ചായി സേവനമനുഷ്ടിച്ചപ്പോള്‍ രണ്ട് മീറ്റിലും കിരീടനേട്ടമുണ്ടാക്കി. 2014 ല്‍ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ റണ്ണര്‍അപ് ആയ കേരള വനിതാ ടീമിന്റെ ചീഫ് കോച്ചായിരുന്നു അമീര്‍ മാഷ്. മാത്രമല്ല മാഷിന്റെ കായിക പരിശീലനത്തിലൂടെയുള്ള നേട്ടങ്ങളുടെ പട്ടിക ഇതില്‍ തീരുന്നില്ല.
വിവിധ കായിക വിഭാഗങ്ങളിലായി മാഷ് പരിശീലിപ്പിച്ച 13 വിദ്യാര്‍ഥികളാണ് ഇത്തവണത്തെ ദേശീയ മത്സരങ്ങളില്‍ ജെയ്‌സിയണിഞ്ഞത്.
കണ്ണൂര്‍ സ്‌പോര്‍ടിസ് ഡിവിഷന്റെ ഈ മികവ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാഷ് പരിശീലിപ്പിച്ച അഞ്ച് പേര്‍ കെ എസ് ഇ ബിയിലും അഞ്ച് പേര്‍ കേരള പോലീസിലും പത്തിലധികം പേര്‍ റെയില്‍വെയിലും മുപ്പതോളം പേര്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലുമായി ഇന്ന് ജോലി ചെയ്യുന്നു.
ഏപ്രില്‍ മാസം കണ്ണൂരിനോട് കണ്ണീരോടെ വിടപറയാതിരിക്കാന്‍ മനസിനെ പരിശീലിപ്പിക്കുകയാണ് ഇപ്പോള്‍ അമീര്‍ മാഷ്. കായികതാരങ്ങളെ സ്വന്തം നാടും വീടും വിട്ടുനിന്ന് മക്കളെക്കാളേറെ സ്‌നേഹിച്ചും പരിചരിച്ചും നേട്ടങ്ങളുടെ പടികയറ്റി വിട്ട മാഷിനെ, പലരും ജീവിതത്തിലെ പിന്നാമ്പുറങ്ങളില്‍ നിന്ന് മായ്ച്ചു കളയുന്നത് പലപ്പോഴും അദ്ദേഹത്തെ വേദനിപ്പിക്കാറുണ്ട്.
എന്നാലും എല്ലാവരും നന്നാവണം അത്ര മാത്രമേ ഈ കായികാധ്യാപകന്റെ മനസ്സിലുള്ളത്. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്റെ പടിയിറങ്ങുമ്പോഴും കായികരംഗത്ത് തന്നെ ഇനിയും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കണ്ണൂരിന്റെ സ്വന്തം അമീര്‍ മാഷ്..

---- facebook comment plugin here -----

Latest