Connect with us

Kerala

സോണിയ ഇടപെട്ടിട്ടും ഫലമുണ്ടായില്ല; കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ച പരാജയം

Published

|

Last Updated

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ സോണിയാ ഗാന്ധി നടത്തിയ ഇടപെടലും പരാജയപ്പെട്ടു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും കടുംപിടുത്തം തുടര്‍ന്നതോടെ സ്ഥാനാര്‍ഥികളെ കണ്ടെത്താനാകാതെ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകളാണ് വിജയം കാണാതെ പോയത്. ഇതോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇനിയും വൈകുമെന്ന് ഉറപ്പായി. അടുത്ത ചര്‍ച്ച എപ്പോള്‍ വേണമെന്ന കാര്യം എഐസിസി തീരുമാനിക്കും. ഉമ്മന്‍ചാണ്ടിയും സുധീരനും ഞായറാഴ്ച തന്നെ ഡല്‍ഹിക്ക് മടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആരോപണ വിധേയരായവരെ മത്സരിപ്പിക്കരുതെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചു നിന്ന സുധീരന്‍ ഇന്ന് നിലപാടില്‍ അയവ് വരുത്തിയിരുന്നു. അഞ്ച് സിറ്റിംഗ് സീറ്റുകളില്‍ എംഎല്‍എമാരെ മത്സരിപ്പിക്കരുതെന്ന് നിലപാടെടുത്തിരുന്ന സുധീരന്‍ കെ ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാത്രം മാറ്റിയാല്‍ മതിയെന്ന നിലപാടാണ് ഇന്ന് സ്വീകരിച്ചത്. എന്നാല്‍ ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. ഇവരെ മാറ്റിയാല്‍ താനും മാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.

രമേശ് ചെന്നിത്തല, എകെ ആന്റണി, മുകുള്‍ വാസ്‌നിക്ക്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഈ ചര്‍ച്ചക്ക് മുമ്പായി ഉമ്മന്‍ചാണ്ടിയും സുധീരനും കേരളാ ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ, ചെന്നിത്തലയെയും ആന്റണിയേയും കണ്ടും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചകള്‍ നടത്തി.

അതേസമയം, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ചര്‍ച്ചകള്‍ നല്ല നിലക്കാണ് മുന്നോട്ട് പോകുന്നതെന്നും സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വിഎം സുധീരന്‍ പ്രതികരിച്ചു. ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.