Connect with us

Editorial

പഠിച്ചവര്‍ക്ക് മാത്രം ക്ലാസ് കയറ്റം

Published

|

Last Updated

സ്‌കൂളില്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവരും പഠിക്കാത്തവരുമായ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും ഇനി പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും വിജയം. രാജസ്ഥാനിലെ വാസുദേവ് ദേവ്‌നാനിയുടെ നേതൃത്വത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ അടങ്ങുന്ന സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പരിഷ്‌കരണം. ഇതുസംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വിജ്ഞാപനം താമസിയാതെ ഉണ്ടാകുമെന്നാണ് വിവരം.ചില സംസ്ഥാനങ്ങളില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ ഒരിക്കല്‍ക്കൂടി അവസരം നല്‍കുന്ന സംവിധാനമുണ്ട്. ഈ സാധ്യതയും കേന്ദ്രം പരിശോധിച്ചുവരുന്നു. വാസുദേവ് ദേവ്‌നാനി റിപ്പോര്‍ട്ടിന്മേല്‍ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.തോല്‍വി സമ്പ്രദായം പുനഃസ്ഥാപിക്കുന്നതിന് അനകൂലമായാണ് കേരളം അന്ന് പ്രതികരിച്ചത്.
പതിനാല് വയസ്സ് വരെയുള്ള കുട്ടികളുടെ പഠനം ഉറപ്പാക്കുന്ന 2009ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പായതോടെയാണ് സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെ ആരെയും തോല്‍പ്പിക്കേണ്ടെന്ന തീരുമാനമുണ്ടായത്. ഈ രീതി പഠന നിലവാരം കുത്തനെ താഴാന്‍ ഇടയാക്കി. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുടെ പഠനനിലവാരം പോലുമില്ലാതെയായി. ഓരോ വര്‍ഷവും ആയിരക്കണക്കിന് കോടി രൂപ വിദ്യാഭ്യാസ മികവിനായി ചെലവഴിച്ചിട്ടും കേരളത്തിലെ സ്‌കൂളുകളില്‍ കുട്ടികളുടെ പഠന നിലവാരം കുത്തനെ കുറയുന്നുവെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ സുബിര്‍ ശുക്ല തലവനായി കേന്ദ്രം നിയോഗിച്ച ജോയിന്റ് റിവ്യൂ മിഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. പ്രൈമറി ക്ലാസുകളില്‍ മികച്ച പഠനം കാഴ്ച വെക്കുന്ന കുട്ടികള്‍ അപ്പര്‍ പ്രൈമറി ക്ലാസുകളിലും ഹൈസ്‌കൂളുകളിലും എത്തുമ്പോള്‍ നിലവാരത്തില്‍ താഴെ പോകുന്നതായി കമ്മിറ്റി വിലയിരുത്തുന്നു. ഏറ്റവും കൂടുതല്‍ നിലവാര ത്തകര്‍ച്ച ഭാഷാ പഠനത്തിലും കണക്കിലുമാണ്. ഭാഷാ പഠനത്തില്‍ മൂന്നാം ക്ലാസില്‍ 70.14 ശതമാനം പഠന മികവ് കാട്ടിയിരുന്നെങ്കില്‍ അഞ്ചാം ക്ലാസിലെത്തുമ്പോള്‍ ഇത് 67.34 ആയും എട്ടാം ക്ലാസില്‍ എത്തുമ്പോഴേക്കും 54.40 ആയും കുറയുകയാണ്. കണക്കില്‍ പ്രൈമറി ക്ലാസില്‍ 61. 43 ശതമാനം മികവ് കാട്ടിയിരുന്നവര്‍ അപ്പര്‍ പ്രൈമറിയില്‍ എത്തുമ്പോള്‍ ഇത് 42.33 ശതമാനത്തിലേക്ക് താഴ്ന്നു. ഹൈസ്‌കൂളിലാകട്ടെ 38.11 ശതമാനമാണ് പഠന നേട്ടം.
അഞ്ചാം ക്ലാസിലെ കുട്ടിക്ക് രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാനറിയില്ലെന്നും എട്ടാം ക്ലാസുകാരില്‍പോലും എ മുതല്‍ ഇസെഡ് വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍ തെറ്റാതെ എഴുതാന്‍ കഴിയുന്നവര്‍ വിരളമാണെന്നും ഈ വര്‍ഷം തുടക്കത്തില്‍ പ്രസിദ്ധീകരിച്ച “ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജുക്കേഷന്‍” (ആസര്‍) റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. 2010ല്‍ 80.1 ശതമാനം വിദ്യാര്‍ഥികള്‍ക്ക് കണക്കുകൂട്ടാന്‍ അറിയാമായിരുന്നെങ്കില്‍ അഞ്ച് വര്‍ഷത്തിനകം 39.3 ശതമാനമായി കുറഞ്ഞു. എന്‍ സി ഇ ആര്‍ ടിയുടെ നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേപ്രകാരം കണക്കില്‍ യു പിക്കും ബീഹാറിനും പിറകിലാണ് കേരളത്തിന്റെ സ്ഥാനമെന്നും ആസാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യം. പഠനത്തിലൂടെയാണ് അറിവ് വളരുന്നത്. പരീക്ഷയില്‍ ജയിക്കണമെങ്കില്‍ നന്നായി പഠിക്കണമെന്ന സ്ഥിതിയുണ്ടാകുമ്പോള്‍ മാത്രമേ വിദ്യാര്‍ഥികളില്‍ പഠന തത്പരത ഉണരുകയുള്ളൂ. പഠിച്ചാലും ഇല്ലെങ്കിലും ജയിക്കാമെന്ന് വന്നാല്‍ പ്രയത്‌നിച്ച് മുന്നേറാനും പരിശ്രമിച്ച് വിജയം നേടാനുമുള്ള താത്പര്യവും ആവേശവും നഷ്ടമാകുന്നു. ഒന്നും പഠിച്ചില്ലെങ്കിലും എഴുതാനോ വായിക്കാനോ അറിയില്ലെങ്കിലും ക്ലാസ് കയറ്റം കിട്ടുമെന്നറിഞ്ഞാല്‍ പിന്നെ കുട്ടികളെങ്ങിനെ പഠിക്കും?അര്‍ഹതയില്ലാത്തവരെയും വിജയിപ്പിക്കുന്ന രീതി കുട്ടികളുടെ അക്കാദമിക നിലവാരം മാത്രമല്ല അവരുടെ എല്ലാവിധ കഴിവുകളുടെയും വളര്‍ച്ച തടയുന്നു. മാത്രമല്ല, പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത നഷ്ടമാക്കുകയും കുട്ടികളെ പഠന വിമുഖരാക്കി മാറ്റുകയും ചെയ്യും. ആള്‍ പ്രമോഷന്‍ രീതി നിലവില്‍ വന്നപ്പോള്‍ തന്നെ വിദ്യാഭ്യാസ നിലവാരത്തെ അത് സാരമായി ബാധിക്കുമെന്ന് അക്കാദമിക് മേഖലയിലെ പല പ്രമുഖരും ഓര്‍മപ്പെടുത്തിയതാണ്.
രാജ്യത്ത് ആദ്യമായി സ്മ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ മികവിലും കേരളം ദേശീയ തലത്തില്‍ ഏറെ മുന്നിലായിരുന്നു. ഇടക്കാലത്ത് പരീക്ഷിച്ച അശാസ്ത്രീയ പരീക്ഷണങ്ങളാണ് ഈ മികവ് നഷ്ടപ്പെടുത്തിയത്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ചു പഠന രീതികള്‍ മാറ്റുകയായിരുന്നു. അക്കാദമികമായ കാര്യങ്ങളില്‍ രാഷ്ട്രീയ താത്പര്യങ്ങളും ലക്ഷ്യങ്ങളും കടന്നു കൂടിയാല്‍ എന്തൊക്കെ സംഭവിക്കാമോ അതാണ് ഇവിടെ സംഭവിച്ചത്. വളരെ കരുതലോടെ നടപ്പാക്കേണ്ടതാണ് വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍. പരീക്ഷകളില്‍ മികവ് പ്രകടിപ്പിക്കാത്തവരെ തോല്‍പ്പിക്കുന്ന മുന്‍സമ്പ്രദായം പുനഃസ്ഥാപിക്കുന്നതോടൊപ്പം അധ്യാപക നിയമനത്തില്‍ ഗുണനിലവാരം ഉറപ്പുവരുത്തുക, സ്‌കൂള്‍ ഭരണനിര്‍വഹണം കാര്യക്ഷമമാക്കുക, സര്‍വീസ് കാലത്തെ പരിശീലനം കാര്യക്ഷമമാക്കുക, ബോധന പഠനരൂപങ്ങളും നിരന്തര മൂല്യനിര്‍ണയവും കൃത്യമായി വിലയിരുത്തുക തുടങ്ങിയ നപടികളും കാര്യക്ഷമമാക്കേണ്ടതുണ്ട്. അതു വഴി കൈമോശം വന്ന നമ്മുടെ സ്‌കൂള്‍ തല പഠന മികവ് വീണ്ടെടുക്കണം.

Latest