Connect with us

Gulf

വാണിജ്യ, നിക്ഷേപ മേഖലകളില്‍ സഹകരണത്തിന് ധാരണ

Published

|

Last Updated

റിയാദ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സഊദി അറേബ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി കൂടിക്കാഴ്ച നടത്തി. തീവ്രവാദത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാനും വാണിജ്യം, നിക്ഷേപം എന്നീ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. റോയല്‍ കോര്‍ട്ടില്‍ മോദിയെ സല്‍മാന്‍ രാജാവ് ഔദ്യോഗികമായി സ്വീകരിച്ചു. ഇന്നലെ ഉച്ചക്ക് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ചേരമാന്‍ ജുമുഅ മസ്ജിദിന്റെ സ്വര്‍ണം പൂശിയ മാതൃക സല്‍മാന്‍ രാജാവിന് മോദി ഉപഹാരമായി നല്‍കി. എ ഡി 629ല്‍ വാണിജ്യത്തിനായി ഇന്ത്യയിലെത്തിയ അറബികളാണ് പള്ളി നിര്‍മിച്ചത്. ആരോഗ്യമന്ത്രിയും ദേശീയ എണ്ണക്കമ്പനിയുടെ മേധാവിയുമായി മോദി കൂടിക്കാഴ്ച നടത്തി. ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ അഞ്ചിലൊന്നും സഊദിയില്‍ നിന്നാണ്.
ഏകീകൃത പരോക്ഷ നികുതി സംവിധാനമായ ജി എസ് ടി ബില്‍ സര്‍ക്കാര്‍ ഉടന്‍ പാസ്സാക്കുമെന്ന് സഊദിയിലെ വിവിധ കമ്പനി സി ഇ ഒമാരുടെയും ഇന്ത്യന്‍ വ്യവസായികളുടെയും യോഗത്തില്‍ മോദി ഉറപ്പ് നല്‍കി. ബില്‍ എപ്പോള്‍ പാസ്സാക്കുമെന്ന് പറയുന്നില്ലെങ്കിലും ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മോദി വ്യക്തമാക്കി. പ്രതിരോധം, റെയില്‍വേ, ഊര്‍ജ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് സഊദി വ്യവസായികളെ മോദി ക്ഷണിച്ചു. വിദേശ നിക്ഷേപകര്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. വ്യവസായം ഉദാരമാക്കുന്ന പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് ലോക ബേങ്ക് പന്ത്രണ്ട് സ്ഥാനം ഉയര്‍ത്തിയിട്ടുണ്ട്. മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ കാരണം റാങ്കിംഗ് ഇനിയും ഉയരുമെന്ന് മോദി പറഞ്ഞു.
സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന റിയാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സെന്ററില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടാണ് റിയാദിലെ മോദിയുടെ രണ്ടാം ദിവസം തുടങ്ങിയത്.
അഞ്ച് ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി സഊദിയിലെത്തിയത്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സും വാഷിംഗ്ടണും സന്ദര്‍ശിച്ച ശേഷമാണ് മോദി റിയാദിലെത്തിയത്. സഊദി സന്ദര്‍ശിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് മോദി. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സഊദി സന്ദര്‍ശിച്ചിരുന്നു.

Latest