Connect with us

Business

വിപണികളില്‍ റബ്ബര്‍ ഷീറ്റ് ക്ഷാമം രൂക്ഷം; സ്വര്‍ണ വില ചാഞ്ചാടി

Published

|

Last Updated

വേനല്‍ കടുത്തതോടെ കുരുമുളക് ചെടികള്‍ വാടിക്കരിയുന്നു, അടുത്ത സീസണില്‍ ഉത്പാദനം കുറയുമെന്ന ആശങ്കയില്‍. മുംബൈ ലോബി നാളികേരോത്പന്നങ്ങളുടെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തി. മുഖ്യ വിപണികളില്‍ റബ്ബര്‍ ഷീറ്റ് ക്ഷാമം രൂക്ഷം, ടയര്‍ കമ്പനികള്‍ നിരക്ക് ഉയര്‍ത്തി. ആഭരണ വിപണികളില്‍ സ്വര്‍ണ വില ചാഞ്ചാടി.

കൊച്ചി: വരള്‍ച്ച രൂക്ഷമായതോടെ പല ഭാഗങ്ങളിലും കുരുമുളക് കൊടികള്‍ ഉണങ്ങി തുടങ്ങി. വരുന്ന രണ്ടാഴ്ചകളില്‍ പകല്‍ താപനിലയില്‍ വീണ്ടും ഉയരുമെന്ന വിലയിരുത്തല്‍ കൂടി കണക്കിലെടുത്താല്‍ പല തോട്ടങ്ങളിലും കുരുമുളക് ചെടികള്‍ക്ക് കൂടുതല്‍ നാശം സംഭിവിക്കാം. ഇത് അടുത്ത സീസണിലെ ഉത്പാദനത്തെയും ബാധിക്കാം. മുഖ്യ വിപണികളില്‍ മുളകിന്റെ ലഭ്യത ചുരുങ്ങിയതോടെ ആഭ്യന്തര വ്യാപാരികള്‍ വില ഉയര്‍ത്തിയും ലഭ്യത ഉറപ്പ് വരുത്താന്‍ മത്സരിച്ചു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റലിന് 68,100 രൂപ. ഈസ്റ്റര്‍ കഴിഞ്ഞതോടെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും രാജ്യന്തര വിപണിയില്‍ തിരിച്ച് എത്തി. ബയ്യര്‍മാരുടെ വരവ് കയറ്റുമതി ഓര്‍ഡറുകള്‍ക്ക് അവസരം ഒരുക്കാം. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ യു എസ് ഷിപ്പ്‌മെന്റിന് 10,700 ഡോളറും യൂറോപ്യന്‍ കയറ്റുമതികള്‍ക്ക് 10,450 ഡോളറുമാണ്.
ചുക്കിനെ ബാധിച്ച തളര്‍ച്ച തുടരുന്നു. ഉത്തരേന്ത്യന്‍ അന്വേഷണങ്ങള്‍ കുറവാണ്. കൊച്ചിയില്‍ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 18,000 രൂപയിലും വ്യാപാരം നടന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പില്‍ നിന്നും ചുക്കിന് പുതിയ ഓര്‍ഡറില്ല. അതേ സമയം നിരക്ക് ഉയരുമെന്ന കണക്ക് കൂട്ടലില്‍ സ്‌റ്റോക്കിസ്റ്റുകള്‍ ചരക്ക് പിടിക്കുകയാണ്.
പ്രമുഖ വിപണികളില്‍ ഭക്ഷ്യയെണ്ണ വിലകള്‍ ഉയര്‍ന്നിട്ടും വെളിച്ചെണ്ണയെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. പാം ഓയില്‍ സൂര്യകാന്തി, സോയ എണ്ണ വിലകള്‍ ഉയര്‍ന്നിട്ടും സമ്മര്‍ദത്തില്‍ അകപ്പെട്ട വെളിച്ചെണ്ണക്ക് തിരിച്ചു വരവ് നടത്താനായില്ല. നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ പുതിയ കൊപ്ര വരവ് ശക്തമാണ്. മുംബൈ ലോബി കുറഞ്ഞ വിലക്ക് പരമാവധി കൊപ്ര ശേഖരിക്കുകയാണ്. കൊച്ചിയില്‍ കൊപ്ര 5280 രൂപയിലും വെളിച്ചെണ്ണ 7700 ലും വാരാന്ത്യ ക്ലോസിംഗ് നടന്നു. ഈ വാരാന്ത്യം വിഷു ഡിമാന്‍ഡിന് തുടക്കം കുറിക്കുന്നതോടെ വെളിച്ചെണ്ണ മികവിന് ശ്രമം നടത്താം.
വരള്‍ച്ച രൂക്ഷമായതോടെ ഹൈറേഞ്ചിലെ ഏല തോട്ടങ്ങള്‍ പലതും വരണ്ട് ഉണങ്ങി. കാലാവസ്ഥ വ്യതിയാനം മൂലം പല തോട്ടങ്ങളിലും വിളവെടുപ്പ് അവസാന ഘട്ടത്തിലാണ്. ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് ഇത് മൂലം ഓരോ വാരം പിന്നിടും തോറും കുറയുകയാണ്. പിന്നിട്ട വാരം മികച്ചയിനം ഏലം കിലോ 1110 രൂപയില്‍ ലേലം കൊണ്ടു.
ടയര്‍ നിര്‍മാതാക്കള്‍ ആര്‍ എസ് എസ് നാലാം ഗ്രേഡ് ഷീറ്റ് 11,400 രൂപയില്‍ നിന്ന് 11,700 ലേക്ക് ഉയര്‍ത്തി. അഞ്ചാം ഗ്രേഡ് 11,500 ല്‍ വ്യാപാരം നടന്നു. ലാറ്റക്‌സ് 7900 ല്‍ ന്ന് 8300 ലേക്ക് ഉയര്‍ന്നു. കൊച്ചി, കോട്ടയം, മലബാര്‍ വിപണികളില്‍ റബ്ബര്‍ ഷീറ്റ് വരവ് നാമമാത്രമാണ്.
വിവാഹ സീസണിന് തുടക്കം കുറിച്ചതോടെ സ്വര്‍ണാഭരണ വിപണികള്‍ ഉണര്‍ന്നു. 21,040 രൂപയില്‍ നിന്ന് 21,360 വരെ കയറിയ ശേഷം ശനിയാഴ്ച പവന്‍ 21,280 ലാണ്. ലണ്ടനില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം 1222 ഡോളറില്‍ ക്ലോസിംഗ് നടന്നു.