Connect with us

National

ബംഗാളിലും അസാമിലും ആദ്യ ഘട്ടം കനത്ത പോളിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍, അസാം നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ കനത്ത പോളിംഗ്, പ്രാഥമിക കണക്കനുസരിച്ച് ബംഗാളില്‍ 83 ശതമാനവും അസാമില്‍ 76 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബംഗാളില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ ഒരിടത്ത് മാധ്യമ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യപ്പെട്ടതൊഴിച്ചാല്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബംഗാളിലെ 18ഉം അസാമിലെ 65ഉം മണ്ഡലങ്ങളില്‍ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഉച്ച വരെ ബംഗാളില്‍ 63.3 ശതമാനവും അസമില്‍ 56 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അസാമില്‍ ആദ്യ മണിക്കൂറില്‍ ദുര്‍ബലമായിരുന്ന പോളിംഗ് പത്തിന് ശേഷം ശക്തമായി. ബംഗാളിലെ ജംഗല്‍മഹല്‍ പ്രദേശത്തിന്റെ ഭാഗമായ പടിഞ്ഞാറന്‍ മിഡ്‌നാപ്പൂര്‍, ബാങ്കുര, പുരുലിയ എന്നീ മൂന്ന് ജില്ലകളിലും വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന മാവോയിസ്റ്റുകളുടെ ആഹ്വാനം വോട്ടര്‍മാര്‍ തള്ളിയെന്നാണ് ഇവിടങ്ങളിലെ വോട്ടിംഗ് ശതമാനം കാണിക്കുന്നത്.
ലാല്‍ഗഢ് ഉള്‍പ്പെടെ നേരത്തെ മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിഡ്‌നാപ്പൂരിലെ സല്‍ബോണിയില്‍ ബംഗാളി ടി വി ചാനലിന്റെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കുടിവെള്ളവും വൈദ്യുതിയും എത്താത്തതില്‍ പ്രതിഷേധിച്ച് പുരുലിയ ജില്ലയിലെ ഒരു ഗ്രാമത്തിലെ മുന്നൂറിലധികം വോട്ടര്‍മാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
അസാമില്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോനേബാള്‍ തുടങ്ങിയ പ്രമുഖര്‍ ഇന്നലെ ജനവിധി തേടിയവരില്‍ ഉള്‍പ്പെടും.
ബംഗാളില്‍ 133 സ്ഥാനാര്‍ഥികളാണ് 18 മണ്ഡലങ്ങളിലുമായി ഇന്നലെ ജനവിധി തേടിയത്. ഇടതു മുന്നണിക്ക് 13 സ്ഥാനാര്‍ഥികളാണുള്ളത്. അഞ്ചിടത്ത് ജനാധിപത്യ മതേതര കക്ഷികളെ പിന്തുണക്കും. അസമില്‍ ആദ്യഘട്ടത്തില്‍ 539 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

Latest