Connect with us

Kerala

വീല്‍ചെയറില്‍ 'ഓടിനടന്ന്' ശിവന്‍കുട്ടി

Published

|

Last Updated

തിരുവനന്തപുരം: രാവിലെ തന്നെ നേമത്തെ സി പി എം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയെ നടുറോഡില്‍ വീല്‍ചെയറില്‍ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു നാട്ടുകാര്‍. ഒരാഴ്ച മുമ്പ് കുളിമുറിയിലെ പടിയില്‍ കാല്‍ വഴുതി വീണ് പരുക്കേറ്റതിനെ തുടര്‍ന്നാണ് വി ശിവന്‍കുട്ടി വീല്‍ചെയറില്‍ പ്രചാരണമാരംഭിച്ചത്. അപ്രതീക്ഷിത വീഴ്ചയില്‍ ഇടത് കാലിനേറ്റ പരുക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെങ്കിലും വീഴ്ചയില്‍ തളരാതെ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയിരുന്നു.
എം എല്‍ എ എന്ന നിലയില്‍ മണ്ഡലത്തിലെ തിരക്കിട്ട പ്രവര്‍ത്തനകള്‍ക്ക് വേണ്ടി ഇറങ്ങാനുളള ധൃതിയില്‍ അപ്രതീക്ഷിതമായി ബാത്ത് റൂമിലെ സ്റ്റെപ്പില്‍ ഒന്ന് കാല്‍ വഴുതി വീണു. പരിശോധനയില്‍ ലിഗ്മെന്റിന് ഒരു സ്‌ക്രാച്ച്. ഡോക്ടര്‍മാര്‍ ഒരു ആഴ്ചത്തെ നിര്‍ബന്ധിത വിശ്രമം പറഞ്ഞിരിക്കുകയാണ്. ആയതിനാല്‍ എന്റെ ഒരാഴ്ചത്തെ പരിപാടികള്‍ മാറ്റിവെക്കുകയാണ്. ഈ അസൗകര്യം നേരിട്ടതില്‍ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളും സദയം ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു എന്നായിരുന്നു ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കാലില്‍ ബാന്‍ഡേജ് ചുറ്റി ഇരിക്കുന്ന ഫോട്ടോയടക്കമായിരുന്നു പോസ്റ്റ്. മണ്ഡലത്തിലെ ബി ജെ പി എതിരാളി ഒ രാജഗോപാല്‍ ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചത് സമൂഹമാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
അതിന് പുറമെയാണ് ഇന്നലെ മുതല്‍ വീല്‍ ചെയറില്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യാര്‍ഥിക്കാന്‍ ഇറങ്ങിയത്. പരിപൂര്‍ണവിശ്രമമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ അവഗണിച്ചാണ് പ്രചരണം. കൂടുതല്‍ ദിവസം വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രചരണത്തിന് വീല്‍ ചെയര്‍ തിരഞ്ഞെടുത്തത്.
നേരില്‍ക്കണ്ട് വോട്ടപേക്ഷിക്കുക എന്നത് സ്ഥാനാര്‍ഥിയുടെ കടമയാണെന്ന് ശിവന്‍കുട്ടി പറയുന്നു. കുറച്ച് വേദന സഹിച്ചാണെങ്കിലും അത് പാലിക്കണമെന്നതാണ് ആഗ്രഹം. ഒ രാജഗോപാല്‍ ശക്തമായി രംഗത്തുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം തന്നെ വേണ്ടാത്ത ജനങ്ങളെ തനിക്കും വേണ്ട എന്ന് പറഞ്ഞുപോയ ആളാണ് ഒ രാജഗോപാല്‍ എന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. നേമം നിലനിര്‍ത്തുക എന്നത് ശിവന്‍കുട്ടിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നം കൂടിയാണ്. സോളാര്‍ കേസിലും ബാര്‍കോഴ കേസിലും നിയമസഭക്കകത്ത് സര്‍ക്കാറിനെതിരായ പടനീക്കത്തില്‍ മുന്നണിപരാളിയായിരുന്നു ശിവന്‍കുട്ടി.

Latest