Connect with us

Kerala

മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതില്‍ അനിശ്ചിതത്വം; പുതിയ റേഷന്‍ കാര്‍ഡ് വിതരണം വൈകും

Published

|

Last Updated

മലപ്പുറം: ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ അനാവശ്യ ഇടപെടലിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ പുതിയ റേഷന്‍ കാര്‍ഡുകള്‍ കൈകളിലെത്താന്‍ ഇനിയും മാസങ്ങളെടുക്കും. കാര്‍ഡ് പുതുക്കുന്നതിലുള്ള ജോലികളെല്ലാം ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ മാസത്തോടെ പുതിയ കാര്‍ഡ് നല്‍കാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ നിലവിലെ ബി പി എല്‍ വിഭാഗത്തെ മുഴുവനും പുതിയ കാര്‍ഡിലെ ബി പി എല്‍ വിഭാഗത്തിന് പകരം സംവിധാനമായ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ നിലപാടെടുത്തു.
ഇതോടെ പുതിയ റേഷന്‍ കാര്‍ഡ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികളെല്ലാം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂര്‍, തിരുവനന്തപുരം, എറണാകുളം താലൂക്കുകളിലെ കരട് ലിസ്റ്റ് മാത്രമാണ് ഇപ്പോള്‍ തയ്യാറായിട്ടുള്ളത്.
കൊടുങ്ങല്ലൂര്‍ താലൂക്കിലെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ നിലവില്‍ ബി പി എല്‍ വിഭാഗത്തില്‍ പെട്ട പലരും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇക്കാര്യം സ്ഥലം എം എല്‍ എയായ ടി എന്‍ പ്രതാപന്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും നിലവില്‍ ബി പി എല്‍ വിഭാഗത്തിലുള്ളവരെ മുഴുവന്‍ പേരെയും പുതിയ പട്ടികയിലും ഉള്‍പ്പെടുത്തണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയുമായിരുന്നു. തിരഞ്ഞടുപ്പിന് മുമ്പ് കരട് ലിസ്റ്റ് പ്രസ്വീകരിച്ചാല്‍ ഇതേ പരാതി ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ തിരക്കിട്ട് പുതിയ കാര്‍ഡ് അച്ചടിക്കേണ്ടതില്ലെന്ന നിലപാടിലെത്തിയത്. ബി പി എല്‍ വിഭാഗത്തില്‍ പെട്ടവരെ മുഴുവന്‍ പുതിയ പട്ടികയിലും ഉള്‍പ്പെടുത്തേണ്ടതില്ലെന്നും നിലവിലെ അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രം പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ തീരുമാനം.
1996 ലെ ബി പി എല്‍ പട്ടികയാണ് ഇപ്പോഴും നിലവിലുള്ളത്. അന്ന് വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളുകളില്‍ പലരും ഇപ്പോള്‍ എ പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരായിരിക്കും. ഈ സാഹചര്യത്തില്‍ അപേക്ഷാ ഫോമില്‍ നല്‍കിയ വിവരങ്ങള്‍ക്കനുസരിച്ച് അര്‍ഹതയുള്ളവരെയും കാന്‍സര്‍, ഓട്ടിസം, കിഡ്‌നി രോഗബാധിതര്‍, വികലാംഗര്‍, വിധവ, നിരാലംബര്‍ എന്നിവരേയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇതുവരെ ബി പി എല്‍ വിഭാഗത്തിലുള്ളവരെ മുഴുവന്‍ വീണ്ടും ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷമായിരിക്കും കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കുക. സംസ്ഥാനത്ത് 81 താലൂക്കുകളിലായി 83 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളത്. 2014 നവംബറിലാണ് പുതിയ റേഷന്‍ കാര്‍ഡ് പുറത്തിറക്കാന്‍ 19 കോടി രൂപക്ക് സി ഡിറ്റിന് കരാര്‍ നല്‍കിയത്. പ്രിന്റിംഗ് ജോലികള്‍ സിഡിറ്റിന്റെ കീഴില്‍ നടന്നുവരുന്നതിനിടയിലാണ് മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാതെ പുതിയ കാര്‍ഡ് വിതരണം നടക്കില്ല. കരട് ലിസ്റ്റില്‍ ആക്ഷേപമുള്ളവരുടെ പരാതി തീര്‍പ്പാക്കാനും കൂടുതല്‍ സമയം വേണ്ടി വരും.
പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഐ സി ഡി എസ് ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി പരാതി പരിശോധിച്ച ശേഷം ജില്ലാ സപ്ലൈ ഓഫീസര്‍, കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങിയ ജില്ലാ തല സമിതിയുടെയും പരിശോധനക്ക് ശേഷമായിരിക്കും പരാതിയില്‍ അന്തിമ തീരുമാനമുണ്ടാകുക. പുതിയ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാറിന്റെ ഭക്ഷ്യ സുരക്ഷ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാനും സാധിക്കുകയുള്ളു.

Latest