Connect with us

Kannur

ഇനി ഒന്നാം തീയതി മിലിട്ടറി കാന്റീനുകളിലും മദ്യം കിട്ടില്ല

Published

|

Last Updated

പയ്യന്നൂര്‍: ഇനി മുതല്‍ ഒന്നാം തീയതികളില്‍ സംസ്ഥാനത്തെ മിലിട്ടറി കാന്റീനുകളിലും മദ്യവില്‍പ്പന ഉണ്ടാകില്ല. ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും പിന്നാലെയാണ് മിലിട്ടറി കാന്റീനുകളും ഒന്നാം തീയതി അവധിയാകുന്നത്. സര്‍ക്കാറിന്റെ മദ്യനയവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മിലിട്ടറി കാന്റീനുകളില്‍ സര്‍ക്കാര്‍ കത്തു നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മിലിട്ടറി കാന്റീനുകള്‍ വഴി പ്രതിരോധ സേനകളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിരമിച്ചവര്‍ക്കും മാസം തോറും നല്‍കി വരുന്ന മദ്യ ക്വാട്ട പൊതുജനങ്ങള്‍ക്ക് വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് നിര്‍ദ്ദേശിച്ച് കാന്റീന്‍ അധികൃതര്‍ക്കാണ് സര്‍ക്കാര്‍ കത്തു നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ മാസം ഒന്നാം തീയതിയും മിലട്ടറി കാന്റീനുകളില്‍ മദ്യവില്‍പ്പന ഉണ്ടാകില്ല.
സര്‍ക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ബാറുകള്‍ അടച്ചു പൂട്ടിയെങ്കിലും മിലിട്ടറി കാന്റീന്‍ വഴി ലഭിക്കുന്ന മദ്യം വിമുക്ത ഭടന്മാര്‍ അടക്കമുള്ളവര്‍ വ്യാപകമായി പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് മദ്യം പുറത്ത് വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പു വരുത്താനാണ് മിലിട്ടറി കാന്റീന്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നത്‌