Connect with us

Gulf

ഇറാഖില്‍ കുടിയിറക്കപ്പെട്ടവര്‍ക്കു വേണ്ടി 73 ലക്ഷം റിയാല്‍ പദ്ധതിയുമായി ഖത്വര്‍

Published

|

Last Updated

ദോഹ: ഇറാഖില്‍ ആഭ്യന്തര ആക്രമണങ്ങളിലും കലാപങ്ങളിലും ഇരകളായി സ്വന്തം വീടുകളില്‍നിന്നും നാടുകളില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനു വേണ്ടി 72 ലക്ഷം റിയാലിന്റെ പദ്ധതികള്‍ ഖത്വര്‍ നടപ്പിലാക്കുന്നു. അഭയാര്‍ഥികള്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടി അടിയന്തരമായി നടപ്പിലാക്കേണ്ട സഹായ പദ്ധതിക്കാണ് ഖത്വര്‍ റെഡ് ക്രസന്റ് രൂപം നല്‍കിയിരിക്കുന്നത്. ഇറാഖ് അല്‍ അന്‍ബാര്‍ ഗവര്‍ണറേറ്റിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് പദ്ധതി.
കഴിഞ്ഞയാഴ്ചയില്‍ 8,000 കുടുംബങ്ങള്‍ക്കു വേണ്ടി പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള റിപ്പോര്‍ട്ട് റെഡ് ക്രസന്റ് പുറത്തിറക്കിയിരുന്നു. ഇറാഖിലെ ജനതക്കുവേണ്ടി നടപ്പിലാക്കുന്ന സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് റെഡ്ക്രസന്റിന് എല്ലാ ഭാഗത്തുനിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്ന് സെക്രട്ടറി ജനറല്‍ സാലിഹ് ബിന്‍ അലി അല്‍ മുഹന്നദി പറഞ്ഞു. പാര്‍പ്പിടം, ആരോഗ്യം, വെള്ളം, ഭക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലഭിക്കാതെ പ്രയാസപ്പെടുന്ന ജനങ്ങള്‍ക്കു വേണ്ടിയാണ് സഹായമെത്തിക്കുന്നത്. ഖത്വറിലെ റെഡ്ക്രസന്റ് ഓഫീസ് അവിടെ ജനങ്ങളുമായി അടുത്തു നിന്ന് പ്രവര്‍ത്തിക്കുന്നു. വിവിധ രാജ്യാന്തര, പ്രാദേശിക സഹായ സംഘടനകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. കൃത്യസമയത്തു തന്നെ സഹായം എത്തിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. ലഭ്യമാകാത്തവര്‍ക്ക് ലഭിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 4,000 കുടുംബങ്ങള്‍ക്ക് ഭക്ഷണം (650,000 ഡോളര്‍), 8,000 കുടുംബങ്ങള്‍ക്ക് ശുദ്ധജലം (500,000 ഡോളര്‍), 8,000 കുടുംബങ്ങള്‍ക്ക് ആരോഗ്യസുരക്ഷ (650,000 ഡോളര്‍), 8,000 കുടുംബങ്ങള്‍ക്ക് ഭക്ഷണം (200,000 ഡോളര്‍) ഇങ്ങനെയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കുന്നതിന് വിവിധ രീതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് റെഡ് ക്രസന്റ് റിസോഴ്‌സ് മൊബിലൈസേഷന്‍ മേധാവി അഹ്മദ് അല്‍ ഖുലൈഫി അറിയിച്ചു. 92966ലേക്ക് എസ് എം എസ് അയച്ച് 100 റിയാല്‍ സംഭാവന നല്‍കാം. 500 റിയാല്‍ (92770), 1000 റിയാല്‍ (92740) ഇങ്ങനെയാണ് മറ്റു നമ്പരുകള്‍. കൂടാതെ റെഡ് ക്രസന്റ് ആസ്ഥാനത്ത് നേരിട്ടെത്തിയും പ്രധാന ഷോപിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ മുഖേനയും സംഭാവനകള്‍ നല്‍കാം. റെഡ് ക്രസന്റിന്റെ വെബ് സൈറ്റ് വഴിയും ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചും സംഭാവന നല്‍കാനാകും. റെഡ് ക്രസന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ വാം വിന്റര്‍ കാംപയിന്റെ കീഴില്‍ അയ്യായിരം ഭവനരഹിതരായ ഇറാഖി കുടുംബങ്ങള്‍ക്കാണ് ഥണുപ്പു വസ്ത്രങ്ങളും മറ്റും വിതരണം ചെയ്തത് മൊസുല്‍, അല്‍ അന്‍ബാര്‍, ആമിരിയ, ഫുല്ലൂജ, ബഗ്ദാദ്, റമാദി, ദിയാല, ഹലാബ്ജ എന്നിവിടങ്ങളിലായിരുന്നു തണുപ്പുവസ്ത്രം എത്തിച്ചത്.

Latest