Connect with us

Gulf

തൊഴിലാളികളുടെ ക്ഷേമം നിരീക്ഷിക്കാന്‍ രാജ്യാന്തര കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് ചുമതല

Published

|

Last Updated

ദോഹ: ലോകകപ്പ് ഫുട്‌ബോളിനു വേണ്ടി രാജ്യത്തു നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും അവയുടെ കാര്യക്ഷമത പരിശോധിക്കുന്ന നടപടികളും നിരീക്ഷിക്കുന്നതിനും രാജ്യാന്തര കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് ചുമതല നല്‍കിയതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡലിവറി ആന്‍ഡ് ലഗസി അറിയിച്ചു.
സണ്‍ഡേ ഇംപാക്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് നിരീക്ഷണം നിര്‍വഹിക്കുക. തൊഴിലാളികളുടെ ക്ഷേമ, ജീവിത നിലവാരം വരുത്തുന്നതിനായി കമ്മിറ്റി നിശ്ചയിച്ച പരിശോധനയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണമാണ് കമ്പനി മുഖ്യമായും നിര്‍വഹിക്കുക. വേള്‍ഡ് കപ്പ് 2022ന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എല്ലാം പാലിക്കണമെന്ന് കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ള വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സ്റ്റാന്‍ഡേര്‍ഡ് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് നടപടി. സ്റ്റാന്‍ഡേര്‍ഡിന്റെ രണ്ടാമത് എഡിഷന്‍ മാര്‍ച്ച് ഒന്നിന് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതില്‍ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, എംപ്ലോയ്‌മെന്റ്, താമസ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള സുപ്രീം കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ കമ്പനികള്‍, ഫിഫ, സര്‍ക്കാറിതര സംഘടനകള്‍ എന്നിവയുമായുള്ള ആഴത്തിലുള്ള കൂടിയാലോചനയിലൂടെയാണ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സ്റ്റാന്‍ഡേര്‍ഡിന്റെ രണ്ടാമതു പതിപ്പ് തയാറാക്കിയത്. 2014ലാണ് ആദ്യ പതിപ്പ് പുറത്തിറക്കിയത്.
രണ്ടാമത് എഡിഷനില്‍ ഉള്‍പ്പെടുത്തിയ നിബന്ധനകള്‍ അനുസരിച്ചുള്ള പരിഷ്‌കരണങ്ങള്‍ ഇപ്പോള്‍ നടന്നു വരികയാണ്. ലോകകപ്പ് പദ്ധതി സ്ഥലങ്ങളില്‍ എന്‍ ജി ഒകളുടെ നിരന്തര സന്ദര്‍ശനത്തിലൂടെ നിലവാരവും സുരക്ഷയും ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നു. രാജ്യത്തു നടപ്പില്‍ വരുത്തിയ പ്രവര്‍ത്തനങ്ങള്‍ ആംനസ്റ്റി ഇന്റര്‍നാഷനലിനു വിശദീകരിക്കുന്നതിനു വേണ്ടി സുപ്രീം കമ്മിറ്റി മാനേജ്‌മെന്റ്, വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ യൂനിറ്റ് പ്രതിനിധികള്‍ ജനുവരിയില്‍ ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ ഒരു സ്വതന്ത്ര രാജ്യാന്തര കമ്പനിയെ നിരീക്ഷണത്തിനു നിയോഗിച്ച് സുതാര്യതയും സുരക്ഷയും ഉറപ്പു വരുത്താന്‍ കമ്മിറ്റി തയാറായിരിക്കുന്നത്.
തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി നടത്തി വരുന്ന തുടര്‍ച്ചയായ പരിശ്രമത്തിന്റെയും പ്രതിബദ്ധതുടെയും ഭാഗമായാണ് സ്വതന്ത്ര കണ്‍സള്‍ട്ടന്‍സി കമ്പനിയെ നിയോഗിച്ചതെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. ഓരോ ചുവടുവെപ്പിലും തൊഴിലാളിക്ഷേമം മുഖ്യമായി തന്നെ പരിഗണിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്ന ആഗ്രത്തോടെയാണ് ഇപ്പോഴത്തെ നീക്കം. അതോടൊപ്പം നടപടികള്‍ ഫലപ്രദമായിരിക്കണമെന്നതിലും നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലുഘട്ടങ്ങളുള്ള ഓഡിറ്റിംഗ് നടപടികളിലൂടെയാണ് കണ്‍സള്‍ട്ടന്‍സി കമ്പനി ദൗത്യം നിര്‍വഹിക്കുക. സുപ്രീം കമ്മിറ്റിയുടെയും കരാര്‍ കമ്പനുകളുടെയും പ്രവര്‍ത്തനങ്ങള്‍ കമ്പനി പതിവായി നിരീക്ഷിക്കും. തൊഴിലാളികളുടെ ജോലി നിലവാരം, ചികിത്സ തുടങ്ങി എല്ലാ രംഗങ്ങളും തങ്ങള്‍ പരിശോധിക്കുമെന്നും സുപ്രീം കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ അനുസരിച്ച് കരാര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് മുഖ്യമായ ചുമതലയെന്നും ഇംപാക്റ്റ് ലിമിറ്റഡ് ഡവലപ്‌മെന്റ് ഡയറക്ടര്‍ റോസി ഹര്‍സ്റ്റ് പറഞ്ഞു.
തൊഴില്‍ സ്ഥലത്തെയും താമസസ്ഥലത്തെയും സുരക്ഷക്കും നിലവാരത്തിനും പുറമേ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ചുള്ള ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് കമ്മിറ്റി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ തൊഴില്‍ വകുപ്പുമായും മനുഷ്യാവകാശ രംഗത്തു പ്രവര്‍ത്തിക്കന്ന സന്നദ്ധ സംഘടനകളുമായും നിരന്തം തുറന്ന സംവാദം നടത്തുന്നതിനും കമ്മിറ്റി രംഗത്തുവരുന്നു. തൊഴിലാളിക്ഷേമത്തെപ്രതി കഴിഞ്ഞ ദിവസം ആംനസ്റ്റി ഇന്റര്‍നാഷനല്‍ നടത്തിയ പരാര്‍മശത്തെ നിഷേധിച്ചു കൊണ്ട് ഖത്വര്‍ ഗവണ്‍മെന്റും സുപ്രീം കമ്മിറ്റിയും പ്രസ്താവന നടത്തിയതിനു പിറകേയാണ് ഓഡിറ്റ് കമ്പനിയെ നിയോഗിച്ചുകൊണ്ടുള്ള പ്രഖ്യാപനം.

---- facebook comment plugin here -----

Latest