Connect with us

Kerala

എല്‍ഡിഎഫ് കരട് പ്രകടനപത്രികയായി: ജൈവകൃഷി മുതല്‍ അതിവേഗ റെയില്‍ വരെ

Published

|

Last Updated

തിരുവനന്തപുരം: ജൈവകൃഷി വ്യാപകമാക്കുന്നത് മുതല്‍ അതിവേഗ റെയില്‍വേ വരെ നിര്‍ദേശിച്ച് എല്‍ ഡി എഫിന്റെ കരട് പ്രകടന പത്രിക. കേരളത്തെ സ്ത്രീസൗഹൃദ സംസ്ഥാനമാക്കുമെന്നും യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ പ്രാദേശികതലത്തില്‍ സംവിധാനങ്ങളുണ്ടാക്കുമെന്നും കരട് പത്രികയിലുണ്ട്. അതേസമയം, മദ്യനയം സംബന്ധിച്ച് പ്രകടനപത്രികയില്‍ വ്യക്തതയില്ല. മദ്യനിരോധമല്ല, മദ്യവര്‍ജനമാണ് മുന്നണിയുടെ ലക്ഷ്യമെന്നാണ് പ്രകടന പത്രിക പറയുന്നത്. ഇന്നലെ ചേര്‍ന്ന എല്‍ ഡി എഫ് യോഗമാണ് കരട്പത്രിക തയ്യാറാക്കിയത്. ഘടകകക്ഷികളുടെ കൂടി നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഈ മാസം 21ന് പ്രകടനപത്രിക പ്രസിദ്ധീകരിക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൂടുതല്‍ സഹായം നല്‍കും. ഐ ടി മേഖലയില്‍ കൂടുതല്‍ വികസനം കൊണ്ടുവരുന്നതോടൊപ്പം ടൂറിസം മേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തും. എക്‌സ്പ്രസ് ഹൈവേ പ്രാവര്‍ത്തികമാക്കും. റോഡുകള്‍ നവീകരിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ജലമാര്‍ഗ ചരക്കുനീക്കവും ഗതാഗതസൗകര്യവും പ്രോത്സാഹിപ്പിക്കുമെന്നും കരട് പത്രികയില്‍ പറയുന്നു.
യുവാക്കള്‍ക്കും കാര്‍ഷികമേഖലക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കരട് പ്രകടനപത്രികയാണ് ഇടതുപക്ഷം അവതരിപ്പിക്കാനൊരുങ്ങുന്നത്. ഐ ടി രംഗത്തുനിന്ന് കൂടുതല്‍ വരുമാനം ഉണ്ടാക്കുക, ഐ ടി രംഗത്തെ കയറ്റുമതിയും തൊഴില്‍ സാധ്യതകളും വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. കാര്‍ഷികമേഖലയില്‍ യന്ത്രവത്കൃത സാങ്കേതികവിദ്യാധിഷ്ഠിതമായ വികസനമാണ് ഇടതുപക്ഷം വിഭാവനം ചെയ്യുന്നത്. കേരളത്തെ വനിതാ സൗഹൃദ സംസ്ഥാനമാക്കും. വനിതാ ജീവനക്കാരുടെ പ്രസവ അവധി നീട്ടിനല്‍കും. ഒപ്പം പുരുഷന്‍മാര്‍ക്കുകൂടി പ്രസവാവധിയുടെ ആനുകൂല്യം ഒരുമാസമെങ്കിലും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നതിന് പാക്കേജ് കൊണ്ടുവരും. വിവിധ ക്ഷേമ പെന്‍ഷനുകള്‍ വീടുകളിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരുമെന്നും കരട് പത്രികയിലുണ്ട്. ഇന്ന് മുതല്‍ എല്‍ ഡി എഫ് ഉപസമിതി ചേര്‍ന്ന് പ്രകടനപത്രികക്ക് പൂര്‍ണരൂപം നല്‍കും. സി പി എം സംഘടിപ്പിച്ച കേരളാ പഠനകോണ്‍ഗ്രസില്‍ അവതരിപ്പിച്ച കേരളാ വികസന കാഴ്ചപ്പാടുകളിലെ പ്രധാന നിര്‍ദേശങ്ങള്‍ തന്നെയാണ് എല്‍ ഡി എഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Latest