Connect with us

National

ബി ജെ പി ഭാരത മാതാവിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: പഠാന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് ചാരസംഘടന ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തിന് വ്യോമതാവളം തുറന്നുകൊടുത്തതിലൂടെ ബി ജെ പി സര്‍ക്കാര്‍ ഭാരതാംബയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ ഈ ആരോപണമുന്നയിച്ചത്.
ഐ എസ് ഐക്ക് രാജ്യത്തെ തന്ത്രപ്രധാനമായ വ്യോമതാവളത്തില്‍ പ്രവേശനമനുവദിച്ചതിലൂടെ മോദി സര്‍ക്കാര്‍ രാജ്യ താത്പര്യങ്ങളെയാണ് കളഞ്ഞുകുളിച്ചിരിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള സംയുക്ത അന്വേഷണ സംഘത്തെയാണ് ഇന്ത്യ പഠാന്‍കോട്ട് വ്യോമതാവളം സന്ദര്‍ശിക്കാന്‍ അനുവദിച്ചത്. ഈ സംഘത്തില്‍ ഐ എസ് ഐ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. മാത്രമല്ല, ആക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്ന് ഈ സംഘത്തെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതു നാണക്കേടുണ്ടാക്കുന്നതാണ്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി പാക്കിസ്ഥാനു മുന്നില്‍ രാജ്യത്തെ നാണം കെടുത്തുന്നതെന്നും മറ്റൊരു ട്വിറ്റര്‍ സന്ദേശത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. ആര്‍ എസ് എസും ബി ജെ പിയും ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നുണ്ടെങ്കിലും ഐ എസ് ഐയെ ഇന്ത്യയിലേക്ക് ക്ഷണിക്കുക വഴി ഭാരതാംബയെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

Latest