Connect with us

Eranakulam

ഹജ്ജ് യാത്ര: സഊദി എയര്‍ലൈന്‍സുമായി കരാറായി

Published

|

Last Updated

നെടുമ്പാശ്ശേരി: കേരളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് ഇത്തവണ സഊദി എയര്‍ലൈന്‍സ് വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക. ഇത് സംബന്ധിച്ച് വിമാനക്കമ്പനിയുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ധാരണയിലെത്തി. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ യാത്ര എയര്‍ ഇന്ത്യ വിമാനങ്ങളിലായിരുന്നു. 2014 ല്‍ സഊദി എയര്‍ലൈന്‍സായിരുന്നു സര്‍വീസുകള്‍ നടത്തിയിരുന്നത്.

കഴിഞ്ഞ തവണ എയര്‍ ഇന്ത്യയുടെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ മികച്ചതായിരുന്നുവെന്നാണ് പൊതുവെ അഭിപ്രായം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം നടത്തിരുന്ന ഹജ്ജ് ക്യാമ്പില്‍ ഹജ്ജ് യാത്രക്കാരുടെ സൗകര്യത്തിനായി എയര്‍ ഇന്ത്യ മികച്ച സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇവിടെ പ്രത്യേക കൗണ്ടര്‍ തന്നെ തുറന്നിരുന്നു. ബാഗേജ് പരിശോധനയും ഹജ്ജ് ക്യാമ്പില്‍ വെച്ച് തന്നെ നടത്തി. ബോര്‍ഡിംഗ് പാസും ക്യാമ്പില്‍ തന്നെയാണ് വിതരണം ചെയ്തത്. കൂടാതെ ഹജ്ജ് യാത്രക്കാര്‍ക്ക് ആവശ്യമായ സംസം നേരത്തെ തന്നെ എത്തിച്ചിരുന്നു. കൃത്യസമയത്ത് സര്‍വീസുകള്‍ നടത്തി ഹാജിമാരെ സഹായിച്ച എയര്‍ ഇന്ത്യയെ ഇത്തവണ കേരളത്തില്‍ നിന്നുള്ള സര്‍വീസില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാണ്.
ഈ തവണയും കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്ര കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ്. കരിപ്പൂരില്‍ റണ്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതും വലിയ വിമാനങ്ങള്‍ ഇറക്കുവാന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കാതിരുന്നതും കരിപ്പൂരില്‍ നിന്നും ഈ തവണയും ഹജജ് യാത്ര നടത്തുന്നതിന് തടസ്സമായി. ഈ തവണയും കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരില്‍ കൂടുതല്‍ പേരും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്.