Connect with us

Gulf

ദോഹ മെട്രോയെ ഡിജിറ്റലാക്കാന്‍ ഉരീദു

Published

|

Last Updated

ദോഹ: ഖത്വര്‍ റയില്‍ പദ്ധതികളില്‍ അത്യാധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകൊണ്ട് യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ ഉരീദു. ഭാവിതലമുറ ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ടെക്‌നോളജി പരിഹാരങ്ങള്‍ സംവിധാനിക്കുന്നതു സംബന്ധിച്ചുള്ള സുപ്രധാന കരാറില്‍ ഖത്വര്‍ റെയിലും ഉരീദുവും ഇന്നലെ ഒപ്പു വെച്ചു. ഖത്വര്‍ റയില്‍ ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ രൂപകല്‍പ്പന, നിര്‍മാണം, പ്രവര്‍ത്തിപ്പിക്കല്‍ കരാണ് ഒപ്പു വെച്ചത്.
സമഗ്രമായ ഐ ടി സി സംവിധാനങ്ങള്‍ കൊണ്ട് ദോഹമെട്രോയെയും ഇതര റയില്‍ പദ്ധതികളെയും ലോകോത്തരമാക്കുന്നതിനാണ് ഉരീദു തയാറെടുക്കുന്നത്. ഖത്വര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമിനുള്ള പ്രാഥമിക ഐ ടി സേവനം നല്‍കുന്ന സ്ഥാപനംകൂടിയായി ഉരീദു മാറി. നെക്സ്റ്റ് ജനറേഷന്‍ ഐ ടി സേവനങ്ങളാണ് ഉരീദു ഖത്വര്‍ റയിലിനു നല്‍കുക. ഖത്വര്‍ റയില്‍ ശൃംഖലയിലാകെയും സ്റ്റേഷനുകളിലും അത്യാധുനിക വിവര, വിനിമയ സൗകര്യങ്ങള്‍ ലഭിക്കും.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ സ്വദേശികള്‍, വിദേശികള്‍, സഞ്ചാരികള്‍ എന്നിവര്‍ക്കെല്ലാം വിസ്മയകരമായ ആശയവിനിമയ സംവിധാനങ്ങളാണ് ലഭ്യമാകുക. സ്റ്റേഷനുകളിലും ട്രെയിനിലും വൈ ഫൈ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കും. പദ്ധതിയുടെ വികസന ഘട്ടത്തിലും മെച്ചപ്പെട്ട ഐ ടി സി സേവനങ്ങള്‍ നല്‍കും. ഇന്നലെ നടന്ന ചടങ്ങില്‍ ഉരീദു സി ഇ ഒ വലീദ് അല്‍ സെയ്ദ്, ഖത്വര്‍ റയില്‍ സി ഇ ഒ ഡോ, എന്‍ജിനീയര്‍ സാദ് അല്‍ മുഹന്നദി എന്നിവരാണ് കരാറില്‍ ഒപ്പു വെച്ചത്.
ഖത്വറിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായ റയില്‍ പദ്ധതിയില്‍ ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തന്നെ സജ്ജീകരിക്കുമെന്ന് ഉരീദു സി ഇ ഒ വലീസ് അല്‍ സെയ്ദ് പറഞ്ഞു. ലോകോത്തര സേവനങ്ങളാണ് സജ്ജമാക്കുക. പാരിസ്ഥിതികവും സാമ്പത്തികവുമായ ലാഭങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടുള്ളതായിരിക്കും പദ്ധതികള്‍.
റയില്‍ പദ്ധയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണെന്നും അതിന്റെകൂടി ഭാഗമായാണ് ഉരൂദിവിനെ ഐ ടി സ്വലൂഷന്‍ ഏല്‍പ്പിക്കുന്നതെന്നും ഖത്വര്‍ റയില്‍ സി ഇ ഒ ഡോ, എന്‍ജിനീയര്‍ സാദ് അല്‍ മുഹന്നദി പറഞ്ഞു.