Connect with us

Gulf

ജി സി സിയിലെ ജനങ്ങള്‍ പണം ചെലവഴിക്കുന്നത് കരുതലോടെ

Published

|

Last Updated

ദോഹ: അവശ്യവസ്തുക്കള്‍ക്ക് മാത്രം പണം ചെലവഴിക്കുന്ന രീതിയിലേക്ക് ജി സി സി രാഷ്ട്രങ്ങളിലെ ജനങ്ങള്‍ മാറിയതായി സര്‍വേ റിപ്പോര്‍ട്ട്. അതേസമയം, എണ്ണ വിലയിടിവ് കഴിഞ്ഞ വര്‍ഷത്തെ ചെലവഴിക്കലില്‍ പ്രതിഫലിച്ചിട്ടില്ലെന്നും അമേരിക്കന്‍ എക്‌സ്പ്രസ് മിഡില്‍ ഈസ്റ്റ് കണ്ടെത്തി. ഖത്വര്‍, യു എ ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്.
വസ്ത്രം, ചെരുപ്പ് എന്നിവക്കും അവധി ദിനങ്ങളിലുമാണ് കൂടുതല്‍ ചെലവഴിക്കല്‍. ആഡംബര വസ്തുക്കള്‍ക്ക് വേണ്ടിയുള്ള ചെലവഴിക്കലിലും മാറ്റമില്ല. സാമ്പത്തിക പ്രയാസം നേരിയ തോതില്‍ ചെലവഴിക്കലില്‍ പ്രതിഫലിച്ചിട്ടുണ്ടെങ്കിലും പറയത്ത പ്രതിഫലനം ഉണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ എക്‌സ്പ്രസ് മിഡില്‍ ഈസ്റ്റ് സി ഇ ഒ മസീന്‍ ഖൗരി പറഞ്ഞു. ചെലവഴിക്കലില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നതിനും അവശ്യവസ്തുക്കളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെന്നതിനും തെളിവാണിത്. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ സര്‍വേയില്‍ നിരവധി പേരില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികരിച്ച 430 പേര്‍ സാധാരണ വീടുകളില്‍ ആഡംബര വസ്തുക്കള്‍ വാങ്ങുന്നവരാണ്. 75000 ഡോളര്‍ ആണ് ഇവരുടെ വാര്‍ഷിക വരുമാനം.
സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നതിന് വേണ്ടിയുള്ള ചെലവഴിക്കല്‍ 40 വയസ്സിന് മുകളിലുള്ളവര്‍ കുറച്ചിട്ടുണ്ട്. 51 ശതമാനം പേര്‍ ഇതിന് മുന്‍ഗണന നല്‍കുന്നത് പുനരാലോചിക്കുകയാണ്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതും കുറച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ 55 ശതമാനം പേരാണ് വീടുകളില്‍ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുന്നത്. ഒമാനില്‍ 88 ശതമാനം പേരും വീടുകളില്‍ വെച്ച് ഭക്ഷണം കഴിക്കുന്നവരാണ്. സമൂഹത്തില്‍ സ്വീകാര്യതക്കുള്ള ചെലവഴിക്കല്‍ 41 ശതമാനം കുറച്ചിട്ടുണ്ട്.
ആഡംബര വസ്തുക്കള്‍ക്ക് വേണ്ടി ചെലവഴിക്കുന്നവരില്‍ ഖത്വറാണ് മുന്നില്‍. ഖത്വറില്‍ ചെലവഴിക്കുന്ന ശരാശരി തുക 4074 ഡോളര്‍ ആണെങ്കില്‍ യു എ ഇയില്‍ ഇത് പകുതി മാത്രമാണ്. ആഡംബര ഷോപ്പിംഗിനുള്ള ഇടങ്ങളില്‍ ദോഹക്ക് രണ്ടാം സ്ഥാനമാണ്. ഒന്നാമത് അബുദബിയും മൂന്നാമത് കുവൈത്ത് സിറ്റിയുമാണ്.

Latest