Connect with us

Articles

രക്ഷിതാക്കളുടെ ശ്രദ്ധക്ക്

Published

|

Last Updated

മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് പല പെണ്‍കുട്ടികളെയും തെറ്റിലേക്ക് നയിക്കാറുണ്ട്. ചെറുപ്പം മുതലേ കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും സാധിച്ചു കൊടുക്കുന്നതിലൂടെ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മരല്ല. എത്ര വലിയ തെറ്റു ചെയ്താലും ശാസിക്കുകയോ ചെയ്തത് തെറ്റാണെന്ന് പറഞ്ഞുകൊടുക്കുകയോ ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല. ഇത് കുട്ടിയുടെ ഭാവിജീവിതത്തെ തന്നെ ദോഷമായി ബാധിക്കും. പറയുന്നതെന്തും സാധിച്ചു കിട്ടുന്ന കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരുടെ ആഗ്രഹങ്ങളും വലുതായിരിക്കും. ഇത് സാധിച്ചുകിട്ടാതെ വരുമ്പോള്‍ അവര്‍ മാനസികമായി തകര്‍ന്നുപോകുന്നു. ആഗ്രഹിച്ചത് സാധിച്ചു കിട്ടാന്‍ വേണ്ടി എന്തു തെറ്റു ചെയ്യാനും അവര്‍ തയ്യാറാകുന്നു.
കൗമാരപ്രായമെത്തിയ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ സെക്‌സ് റാക്കറ്റുകള്‍ വ്യാപകമാണ്. പ്രധാനമായും സ്‌കൂള്‍, കോളജ് തലത്തിലെ പെണ്‍കുട്ടികളാണ് ഇരകള്‍. ജോലിത്തിരക്കിനിടയില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയില്ല. കൂടാതെ ചെറുപ്രായത്തില്‍ തന്നെ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്ത് സ്വതന്ത്രമായി വിടുന്നു. ഇത് അവരുടെ ഭാവി ശോഭനമാക്കുന്നതിനു പകരം അപകടങ്ങളിലേക്കാണ് വഴിതെളിക്കുന്നത്. മൊബൈല്‍ ഫോണില്‍ വരുന്ന പരിചയമില്ലാത്ത കോളുകള്‍ക്ക് മറുപടി നല്‍കുന്നതും ഫോണില്‍ കൂടി ശബ്ദം മാത്രം കേട്ട് പരിചയമുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുന്നതും സൗഹൃദം വളര്‍ന്നു പ്രണയമാകുന്നതും ഇന്ന് നിത്യസംഭവമായി മാറിയിരിക്കുന്നു. സംസാരം റെക്കോര്‍ഡ് ചെയ്ത് ചൂഷണവിധേയരാകുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നു. കൂടാതെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്നവരും കുറവല്ല. ആവശ്യമില്ലാതെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങിക്കൊടുക്കേണ്ടതില്ല. മുറി അടച്ചിരുന്ന് മണിക്കൂറുകളോളം മൊബൈലില്‍ സംസാരിക്കുന്നതും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
പെണ്‍കുഞ്ഞുങ്ങളുടെ വസ്ത്രധാരണത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ചെറിയ കുട്ടിയാണെങ്കിലും ഒരു പ്രദര്‍ശനവസ്തുവായി കുട്ടിയെ സമൂഹത്തില്‍ നിര്‍ത്തരുത്. കാരണം എത്ര ചെറിയ കുട്ടിയാണെങ്കിലും അവരെ നോട്ടമിടുന്നവര്‍ ഉണ്ടാകാം. അങ്ങനെയുള്ളവര്‍ക്ക് അതൊരു കുട്ടിയാണെന്ന പരിഗണന ചിലപ്പോള്‍ ഉണ്ടായെന്നുവരില്ല. അത്തരം സംഭവങ്ങളും നമ്മുടെ നാട്ടില്‍ ധാരാളം അരങ്ങേറുന്നുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥിനികളില്‍ പ്രണയം വര്‍ധിച്ച് വരുന്നു.
കുട്ടികള്‍ തെറ്റു ചെയ്തു എന്നു മനസ്സിലാക്കിയാല്‍ ദേഷ്യപ്പെടാതെ അനുനയത്തില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. എത്ര തിരക്കുണ്ടെങ്കിലും ദിവസവും കുറച്ചു സമയമെങ്കിലും കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണം. അവരുടെ ഓരോ ദിവസത്തേയും വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കണം. മറ്റ് ആരെക്കാളും മാതാപിതാക്കളോട് എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ കുട്ടികള്‍ക്ക് കഴിയണം. മാതാപിതാക്കള്‍ മക്കളുടെ നല്ല കൂട്ടുകാരായിരിക്കണം. അവരോട് കൂട്ടുകൂടുകയും അവര്‍ക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നല്‍കുകയും വേണം. മാതാപിതാക്കളും കുട്ടികളുമായി സൗഹൃദപരമായ ബന്ധമുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.
അസ്വാഭാവികമായ സംസാരമോ നോട്ടമോ പെരുമാറ്റമോ ആരില്‍ നിന്നുണ്ടായാലും അരുത് എന്ന് വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ ശരീരഭാഷയിലൂടെയോ പറയുന്നതിനും ചെറുത്തുനില്‍ക്കുന്നതിനും മക്കളെ ചെറുപ്പം മുതല്‍ പഠിപ്പിക്കുക. പരിധിവിട്ടുള്ള ലാളനകള്‍ക്ക് നിന്നു കൊടുക്കരുതെന്ന് ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുക. ഒരു കാരണവശാലും കൗമാരക്കാരായ പെണ്‍കുട്ടികളെ ബന്ധു ഗൃഹങ്ങളിലോ അയല്‍വീടുകളിലോ കൂട്ടുകിടക്കാന്‍ അയക്കരുത്.
മാതാപിതാക്കള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ, കുടുംബവഴക്ക്, മദ്യപിച്ച് വീട്ടില്‍ വഴക്ക് തുടങ്ങിയ കുടുംബാന്തരീക്ഷം കുട്ടികളെ മാനസികമായി മാതാപിതാക്കളില്‍ നിന്നും അകറ്റുന്നു. ഇങ്ങനെയുള്ള കുട്ടികള്‍ തനിക്കു ലഭിക്കില്ലെന്നു കരുതിയ സ്‌നേഹം കാമുകനില്‍ നിന്നോ അന്യ പുരുഷനില്‍ നിന്നോ ലഭിക്കുമ്പോള്‍ അവര്‍ ആ സ്‌നേഹം നഷ്ടപ്പെടാതിരിക്കാന്‍ എന്തു തെറ്റു ചെയ്യാനും തയ്യാറാകും. കാരണം അവര്‍ കൂടി നഷ്ടപ്പെട്ടാല്‍ തനിക്കാരുമില്ലെന്ന തോന്നലാണ് മിക്ക കുട്ടികളേയും തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇത് അവരെ പലവിധ ചൂഷണത്തിനും ഇരകളാക്കുന്നു. ചാനലുകളുടെ കടന്നുകയറ്റവും സിനിമകളിലെ പാശ്ചാത്യ സംസ്‌കാരവും ഇപ്പോഴത്തെ പെണ്‍കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. തെറ്റായാലും ശരിയായാലും മാതാപിതാക്കളോട് തുറന്നുപറയാന്‍ കുട്ടികള്‍ക്ക് കഴിയണം. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിയുമായി ഒരാത്മബന്ധം കാത്തുസൂക്ഷിക്കണം. എന്റെ ബസ്റ്റ്ഫ്രണ്ട് എന്റെ മാതാപിതാക്കളാണെന്ന് നമ്മുടെ മക്കള്‍ക്ക് പറയാന്‍ കഴിയണം.

Latest