Connect with us

International

ആഗോള തലത്തില്‍ വധശിക്ഷയുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Published

|

Last Updated

ന്യൂയോര്‍ക്ക്: 2015 വര്‍ഷത്തില്‍ ആഗോളതലത്തില്‍ വധശിക്ഷയുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് വധശിക്ഷയുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാന്‍, പാക്കിസ്ഥാന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളാണ് കൂടുതല്‍ വധശിക്ഷ നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ല്‍ 1061 പേരെ വധശിക്ഷക്ക് വിധേയമാക്കിയപ്പോള്‍ 2015ല്‍ ഇതിന്റെ എണ്ണം 1634 ആയി ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ ചൈനയിലെ വധശിക്ഷകള്‍ ഉള്‍പ്പെടുന്നില്ല. വധശിക്ഷ സംബന്ധിച്ച വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കുന്ന രാജ്യമാണ് ചൈന. മറ്റു ലോക രാജ്യങ്ങള്‍ കൂടിയെല്ലാം നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണത്തോട് ചൈന മാത്രം നടത്തുന്ന വധശിക്ഷകളുടെ എണ്ണം സാമ്യപ്പെടുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ സെക്രട്ടറി ജനറല്‍ സാലില്‍ ശെട്ടി അവകാശപ്പെടുന്നു. എന്നാല്‍ വധശിക്ഷ നല്‍കുന്ന കാര്യത്തില്‍ അടുത്തിടെയായി ചൈനീസ് സര്‍ക്കാര്‍ പുനരാലോചനകള്‍ നടത്തുന്നതിനാല്‍ എണ്ണത്തില്‍ താരതമ്യേന കുറവുണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു.
2015ല്‍ വധശിക്ഷ നിരോധിച്ച് നാല് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. റിപ്ലബ്ലിക് ഓഫ് കോംഗോ, ഫിജി, മഡഗാസ്‌കര്‍, സുരിനാം എന്നീ നാല് രാജ്യങ്ങളാണ് വധശിക്ഷ കഴിഞ്ഞ വര്‍ഷം നിയമവിരുദ്ധമാക്കിയത്. ഇതോടെ വധശിക്ഷ നിരോധിച്ച രാജ്യങ്ങളുടെ എണ്ണം 102 ആയി ഉയര്‍ന്നു. ഈ വര്‍ഷം മംഗോളിയയും വധശിക്ഷ വിരുദ്ധ നിയമം പാസ്സാക്കുമെന്നാണ് കരുതപ്പെടുന്നത്.

Latest