Connect with us

Gulf

ഒമാനില്‍ റെഡ് സിഗ്നല്‍ മറികടന്നാല്‍:500 റിയാല്‍ പിഴയും ഒരു വര്‍ഷം തടവും

Published

|

Last Updated

മസ്‌കത്ത്:ഒമാനില്‍ റെഡ് സിഗ്നല്‍ മറികടക്കുന്നവര്‍ക്കുള്ള ശിക്ഷ ഉയര്‍ത്തി. 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ താഴെ ജയില്‍ തടവും അനുഭവിക്കണം. ഡ്രൈവര്‍മാര്‍ക്ക് ഏറെ അപകടം വരുത്തിവെക്കുന്ന ഒന്നാണ് ഇത്. സിഗ്നല്‍ മറികടക്കുന്നത് ഒഴിവാക്കി അപടങ്ങള്‍ ഇല്ലാതാക്കാനുമാണ് റോയല്‍ ഒമാന്‍ പോലീസിന്റെ നീക്കം. സിഗ്നങ്ങള്‍ മറികടന്നുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ ശിക്ഷാ നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്.
നിരുത്തരവാദിത്വപരമായി വാഹനം ഓടിക്കുന്നവര്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ്. ബൈക്കുകള്‍ മുതല്‍ വലിയ ട്രക്കുകള്‍ വരെ കൃത്യമായ രീതിയില്‍ അല്ലാത വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി. ജി സി സി ട്രാഫിക് വാരാഘോഷങ്ങളുടെ ഭാഗമായി പുറത്തിറിക്കിയ കുറിപ്പിലാണ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നത്.

അപകടങ്ങള്‍ കുറക്കുന്നതിന് ബോധവത്കരണം അടക്കമുള്ള വിവിധങ്ങളായ നടപടികളാണ് പോലീസ് നടപ്പിലാക്കി വരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുണ്ടുള്ള ഡ്രൈവിംഗിനെതിരെ പോലീസ് ക്യാമ്പയിന്‍ തുടരുകയാണ്.
വാഹനം ഓടിക്കേണ്ട ട്രാക്കുകളെ കുറിച്ച് ബോധ്യമുള്ള ഡ്രൈവര്‍മാര്‍ അനുവദനീയമല്ലാത്ത ട്രാക്കുകളിലൂടെ വാഹനം ഓടിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന്ന് പുറമെ ചെറുപ്പക്കാര്‍ക്കിടയില്‍ ചെറിയ ബൈക്കുകളുടെ ഉപയോഗം വര്‍ധിച്ചതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
എന്നാല്‍, നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ കണക്ക് പ്രകാരം കഴിഞ്ഞ മാസം രാജ്യത്തുണ്ടായ അപകടത്തില്‍ കുറവ് വന്നിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ അപകടങ്ങളില്‍ കൂടുതലും അമിത വേഗത കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമക്കുന്നു. അതേസമയം, റെഡ് സിഗ്നല്‍ മറി കടക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇത് വലിയ അപകടങ്ങള്‍ക്കും വാഹനങ്ങളുടെ കൂട്ട ഇടികള്‍ക്കും ഇടവരുത്തുന്നു. അശ്രദ്ധമായി വാഹനം ഓടിക്കുന്നവരും അമിത വേഗതയയില്‍ വരുന്നവരുമാണ് സിഗ്നല്‍ ഗൗനിക്കാതെ മുന്നോട്ട് പോകുന്നത്. ഇതില്‍ കുറവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പിഴയും ശിക്ഷാ കാലയളവും പോലീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.