National
നരേന്ദ്ര മോദി രാജ്യത്ത് വിദ്വേഷവും വിഭാഗീയതയും വളര്‍ത്തുന്നു: സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മോദി രാജ്യത്ത് വിദ്വേഷം പരത്താന്‍ ശ്രമിക്കുകയാണെന്ന് സോണിയ ആരോപിച്ചു. പ്രധാനമന്ത്രി വിദേശ രാജ്യങ്ങളില്‍ എല്ലാ ആളുകളെയും ആശ്ലേഷിക്കുകയും വലിയ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യും. എന്നാല്‍ തിരികെ വന്നശേഷം രാജ്യത്ത് വിദ്വേഷം പരത്താനാണ് ശ്രമിക്കുന്നതെന്നും സോണിയ പറഞ്ഞു. ആസാമില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സോണിയ മോദിക്കെതിരെ ആഞ്ഞടിച്ചത്.
സമൂഹത്തില്‍ വര്‍ഗീയതയും വിഭാഗീയതയും പരത്താനാണ് ബിജെപിയുടെ ശ്രമം. ആസാം സാമുദായിക ഐക്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. ശങ്കര്‍ദേവ, അസാന്‍ ഫക്കിര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണ് ആസാമിന്റെ സാമുദായിക ഐക്യത്തിന്റെ ആധാരം. എന്നാല്‍ മോദിയും കൂട്ടാളികളും ഇതിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തുടനീളം നടന്ന് ഇവര്‍ വ്യാജ വാഗ്ദാനങ്ങളും വിഭാഗീയ ചിന്തകളും പ്രചരിപ്പിക്കുകയാണെന്നും സോണിയ പറഞ്ഞു.