Connect with us

National

വരള്‍ച്ച: കേന്ദ്രത്തിനെതിരെ വീണ്ടും സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കടുത്ത വരള്‍ച്ചയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി വിമര്‍ശം. വരള്‍ച്ചമൂലം ദുരിതം സംബന്ധിച്ച ഹരജി പരിഗണിക്കുന്നതിനിടെ വൈകിയെത്തിയ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്.
ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിക്കേണ്ട അഡീഷനല്‍ സോളിസിറ്റര്‍ എത്താതിരുന്നതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. വിഷയം വളരെ ഗൗരവമേറിയതായിരുന്നിട്ടു പോലും കൃത്യസമയത്ത് അഭിഭാഷകനെ സര്‍ക്കാര്‍ വിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇവിടെ ചില നിടപടിക്രമങ്ങളൊക്കെയുണ്ടെന്ന് കോടതി ചൂണ്ടികാണിച്ചു. കോടതിയില്‍ ഇന്നലെ അസൗകര്യം അറിയിച്ചതിനാല്‍ ഹരജിയിലുള്ള തുടര്‍വാദം ഇന്നത്തേക്ക് മാറ്റി.
അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കിലായതിനാലാണ് വൈകുന്നതെന്ന് ജൂനിയര്‍ അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് കോടതിയുടെ രോഷപ്രകടനം. അപ്പോഴേക്കും ധൃതിയില്‍ ഓടിയെത്തിയ പിങ്കി ആനന്ദിനോട് ഞങ്ങളുടെ സമയം വളരെ വിലപ്പെട്ടതാണെന്നു ജഡ്ജിമാര്‍ പറഞ്ഞു. വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് അഭിയാന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് തേടിയപ്പോഴാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ഹാജരായിട്ടില്ലെന്ന് അറിയുന്നത്.
ഇന്നലെ രാവിലെ കോടതിയുടെ എട്ടാം മുറിയിലാണ് ഹരജി പരിഗണിച്ചത്്. ബുധനാഴ്ച ഹരജി പരിഗണിച്ച കോടതി, വരള്‍ച്ചാ പ്രശ്‌നം പരിഹരിക്കുന്നതിലുണ്ടായ വീഴ്ചയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.

Latest