Connect with us

National

അസാം മുഖ്യന്റെ 'സൈക്കോളജിക്കല്‍ മൂവ്'

Published

|

Last Updated

അസാമിലെ 61 നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്‌യുടെ ഇടത് ആഭിമുഖ്യം പുറത്തുവരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ അരങ്ങേറ്റം കുറിച്ച ബി ജെ പിയെ തകര്‍ക്കാനുള്ള ബുദ്ധിപരമായ നീക്കമായാണ് ഗൊഗോയിയുടെ പ്രസ്താവനയെ പരിഗണിക്കേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കാത്ത ഇടത് പാര്‍ട്ടികളിലേക്കെത്തുന്ന വോട്ടുകള്‍ കോണ്‍ഗ്രസിലെത്തിക്കാനുള്ള “സൈക്കോളജിക്കല്‍ മൂവാ”യി ഇതിനെ കാണാവുന്നതാണ്.
ഇടത് പാര്‍ട്ടികളായ സി പി എം, സി പി ഐ, എസ് യു സി ഐ എന്നിവക്ക് പ്രാദേശികമായി സ്വാധീനമുള്ള മേഖലകളിലാണ് ഇനി വോട്ടെടുപ്പ് നടക്കാനുള്ളത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ഇടത് വോട്ടുകളെ വലത്തോട്ട് തിരിച്ചുവിടുന്നതിന് പ്രേരകമാകുന്നതാണ് ഗൊഗോയിയുടെ വാക്കുകള്‍. ഗൊഗോയിക്കെതിരെ അഴിമതി ആരോപണമടക്കമുള്ളവ ഉന്നയിച്ച ഇടത് നേതാക്കളെ വിമര്‍ശിക്കുന്നതിന് പകരം സൗമ്യമായ രീതിയില്‍ സൗഹൃദം ആവശ്യപ്പെടുകയാണ് അദ്ദേഹം. ബി ജെ പിയുടെ മുന്നേറ്റം തടയാന്‍ തങ്ങളുടെ വോട്ട് കോണ്‍ഗ്രസിന് സഹായിക്കുമെങ്കില്‍ അങ്ങനെയാകട്ടെയെന്ന് ഇടത് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ചിന്തിപ്പിക്കുന്ന രീതിയിലാണ് ഗൊഗോയിയുടെ സംസാരം.
തിരഞ്ഞെടുപ്പിന് ശേഷമുള്ള ഇടത് പാര്‍ട്ടികളുടെ പിന്തുണയല്ല ഗൊഗോയ് ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ നിയമസഭയില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ഒറ്റ സീറ്റുമില്ല. എന്നാല്‍ തൊട്ടുമുമ്പത്തെ സഭയില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇടത് പാര്‍ട്ടികള്‍ക്ക് ഇക്കുറി ആ സീറ്റ് തിരച്ചുപിടിക്കാന്‍ സാധിക്കുമെന്ന വിശ്വാസമൊന്നും ഗൊഗോയിക്കില്ല. തൂക്കുസഭ വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് സ്വതന്ത്രരുടെ പിന്തുണ തേടുമെന്നാണ് ഗൊഗോയ് ആദ്യം പ്രതികരിച്ചത്. വിശദീകരിച്ച് ചോദിച്ചപ്പോഴാണ് ഇടത് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞത്.
നാലാം ടേമിനായി ജനവിധി കാത്തിരിക്കുന്ന ഗൊഗോയിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ മോദി തരംഗം കനത്ത ആഘാതമായിരുന്നു ഉണ്ടാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14ല്‍ ഏഴ് സീറ്റും ബി ജെ പി നേടിയപ്പോള്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. ചെറിയ പാര്‍ട്ടിയായി തള്ളിയിരുന്ന എ ഐ യു ഡി എഫ് മൂന്ന് സീറ്റുകള്‍ നേടുകയും ചെയ്തു.
ബി ജെ പിയുടെ മുന്നേറ്റം തടയാന്‍ ബദ്‌റുദ്ദീന്‍ അജ്മലിന്റെ എ ഐ യു ഡി എഫ്, കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമം നടത്തിയിരുന്നു. മുസ്‌ലിം വിഭാഗങ്ങളുടെ മികച്ച പിന്തുണയുള്ള ബദ്‌റുദ്ദീനെ കോണ്‍ഗ്രസ് പരിഗണിച്ചില്ല. ബി ജെ പിക്കെതിരെ ബീഹാറിലെ മഹാസഖ്യ മാതൃകയിലുള്ള സഖ്യമായിരുന്നു ബദ്‌റുദ്ദീന്‍ പദ്ധതിയിട്ടത്. കോണ്‍ഗ്രസ് അവഗണിച്ചതോടെ ജെ ഡി യു, ആര്‍ ജെ ഡി തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് എ ഐ യു ഡി എഫ് ജനവിധി തേടുന്നത്.