Connect with us

Organisation

തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ മറവില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കരുത്: എസ് എസ് എഫ്‌

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ മറവില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി. എസ് എസ് എഫ് ഉത്തരമേഖലാ ധര്‍മജാഗരണ യാത്രക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തി ലേഖനമെഴുതിയ പത്രപ്രവര്‍ത്തകനോട് വിശദീകരണമാവശ്യപ്പെട്ട കോട്ടയം ജില്ലാ കലക്ടറുടെ നടപടി പത്രസ്വാതന്ത്ര്യത്തിനു മേലുള്ള കൈയേറ്റമാണ്. അതേസമയം, വെല്ലുവിളികള്‍ക്കിടയിലും സത്യസന്ധമായി വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഭരണപക്ഷത്തിന്റെ നാവായി സമീപകാലത്ത് ചില മാധ്യമ സ്ഥാപനങ്ങള്‍ രംഗത്തെത്തിയത് ജനാധിപത്യ സമൂഹത്തെ ആകുലപ്പെടുത്തുന്നതാണ്- അദ്ദേഹം പറഞ്ഞു.
ഉത്തരമേഖലാ യാത്രക്ക് ഇന്നലെ സുല്‍ത്താന്‍ ബത്തേരി, ഗൂഡല്ലൂര്‍, എടക്കര എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ഉമര്‍ ഓങ്ങല്ലൂര്‍, മുഹമ്മദലി കിനാലൂര്‍, അശ്‌റഫ് അഹ്‌സനി, സി എന്‍ ജഅ്ഫര്‍, അബ്ദുര്‍റഹ്മാന്‍ നിലമ്പൂര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ് നയിക്കുന്ന മധ്യമേഖലാ ധര്‍മ ജാഗരണയാത്ര വേങ്ങര, മലപ്പുറം, പാണ്ടിക്കാട്, എടവണ്ണ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി അരീക്കോട് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, കെ എം എ റഹീം , വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അരീക്കോട് നടന്ന സ്വീകരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

Latest