Connect with us

Kannur

പേമെന്റ് സീറ്റ് വിവാദം: തളിപ്പറമ്പിലെ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് യു ഡി എഫ് ജില്ലാ നേതൃത്വം

Published

|

Last Updated

കണ്ണൂര്‍: പേമെന്റ് സീറ്റ് വിവാദം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ യു ഡി ഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും മുന്നണിയുടെ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മന്ത്രി കെ സി ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഘടകകക്ഷികളാണ് ഈ വിഷയം ഉന്നയിച്ചത്. സ്ഥാനാര്‍ഥിയെ മാറ്റാന്‍ കെ എം മാണി തയ്യാറാകണമെന്ന് കോണ്‍ഗ്രസും ലീഗും അടക്കമുള്ള കക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രശ്‌നം സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് വിടാനും യോഗത്തില്‍ ധാരണയായി.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് അനുവദിച്ച സീറ്റ് പണം വാങ്ങിയാണ് നമ്പ്യാര്‍ മഹാസഭ ചെയര്‍മാനും ഐ ടി വ്യവസായിയുമായ രാജേഷ് നമ്പ്യാര്‍ക്ക് നല്‍കിയതെന്നായിരുന്നു ആരോപണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യമായി ആരോപണവുമായി രംഗത്ത് വന്നത്. രാജേഷ് നമ്പ്യാര്‍ക്കെതിരെ നഗരത്തില്‍ പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സ്ഥാനാര്‍ഥിയെ മാറ്റിയില്ലെങ്കില്‍ റിബലിനെ നിര്‍ത്തുമെന്ന് യൂത്ത്‌കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പണം കൊടുത്താണ് സ്ഥാനാര്‍ഥിയായതെന്ന ആക്ഷേപം രാജേഷ് നമ്പ്യാര്‍ തള്ളിക്കളഞ്ഞു. പേമെന്റ് സീറ്റെന്ന കാര്യം തനിക്കറിയില്ലെന്നും പണം കൊടുത്ത് സീറ്റ് വാങ്ങാമെന്ന കാര്യം താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്നും രാജേഷ് നമ്പ്യാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Latest