Connect with us

Gulf

പ്രകൃതി സംരക്ഷണവും ഊര്‍ജലാഭവും: പൊതുജനാഭിപ്രായം അറിയാന്‍ സര്‍വേ

Published

|

Last Updated

ദോഹ: വൈദ്യുതിയുടെയും ജലത്തിന്റെയും ഉപയോഗ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, പൊതുഗതാഗത്തിന്റെ ഉപയോഗം തുടങ്ങിയ രംഗങ്ങളില്‍ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും അഭിപ്രായം അറിയുന്നതിന് സര്‍വേ നടത്തുന്നു. ഖത്വര്‍ എന്‍വിയോണ്‍മെന്റ് ആന്‍ഡ് എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് സര്‍വേ നടത്തുന്നത്.
അന്തരീക്ഷ മലിനീലീകരണം കുറക്കുന്നതിന് കമ്പനികള്‍ക്കു മേല്‍ ചുമത്താവുന്ന നിയന്ത്രണങ്ങള്‍, കാലാവസ്ഥാ മാറ്റത്തിന്റെ ഉത്തരാവാദികള്‍ ആരാണ് തുടങ്ങിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തുന്നത്. ഈ രംഗത്ത് നടത്തുന്ന മൂന്നു റൗണ്ട് സര്‍വേയില്‍ രണ്ടാമത്തേതാണിത്. ഈ വര്‍ഷം ആദ്യത്തില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ചോദ്യാവലികള്‍ നല്‍കി വിവരശേഖരണം നടത്തിയിരുന്നു.
ഊര്‍ജസുരക്ഷാ, പരിസ്ഥിതി സംരക്ഷണ നയങ്ങള്‍ രൂപപ്പെടുത്തുന്നതിനു മുമ്പ് ഈ മേഖലയില്‍ ജനങ്ങള്‍ക്കുള്ള അവബോധം മനസ്സിലാക്കുകയും അവരെ കൂടുതല്‍ അറിവു നേടുന്നതിനു പ്രചോദനം നല്‍കുകയും ചെയ്യേണ്ടതുണ്ടെന്ന് സര്‍വേ സംഘം പറയുന്നു. ഊര്‍ജോപയോഗം നിയന്ത്രിക്കുന്നതിനു വേണ്ടി രാജ്യത്തു നടപ്പിലാക്കി വരുന്ന തര്‍ശീദ് പദ്ധതിയെക്കുറിച്ചുള്ള അവബോധം വളര്‍ത്തലും സര്‍വേയുടെ ലക്ഷ്യമാണ്. ഡവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയാറാക്കുമ്പോള്‍ അതില്‍ പരിഗണിക്കേണ്ട ക്രമങ്ങള്‍ സര്‍വേയിലുടെ വ്യക്തമാകുമെന്നും കരുതുന്നു.
വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഗ്യാസ് ഉപയോഗംവഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറക്കാന്‍ സാധിച്ചിട്ടുണ്ട്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപയോഗവും കുറക്കാന്‍ സാധിച്ചു. അതേസമയം രാജ്യത്ത് പുതിയ ഉപയോക്താക്കള്‍ വര്‍ധിക്കുന്നത് ഫലത്തില്‍ ഉപയോഗത്തിന്റെ അളവ് വര്‍ധിക്കുന്നതിനും ഇടയാക്കുന്നു. വെള്ളം നഷ്ടപ്പെടുത്തിക്കളയുന്നത് തടയാന്‍ ഖത്വറില്‍ നിയമമുണ്ട്. എന്നാല്‍ ഉപയോഗം കുറക്കുന്നതിനായി രാജ്യത്തു വസിക്കുന്നവര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് സര്‍വേയില്‍ ചോദിക്കുന്നു. ഊര്‍ജത്തിനു പുറമേ പ്ലാസ്റ്റിക് ഉപയോഗം കുറക്കല്‍, യാത്രക്കുപയോഗിക്കുന്ന മാര്‍ഗങ്ങള്‍ എന്നിവയും അന്വേഷിക്കുന്നു.
കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് അഭിപ്രായവും തേടുന്നു. മനുഷ്യരാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്തം എന്നതിലേക്ക് ജനത്തെ കൊണ്ടുവരുന്നതിനുള്ള ശ്രമം കൂടിയാണിത്. മൂന്നു സര്‍വേകളും പൂര്‍ത്തിയായ ശേഷം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ സര്‍വേ ഫലത്തിന്റെയും വിശദമായ അവലോകനത്തിന്റെയും അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. 17 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് സര്‍വേയില്‍ പങ്കെടുക്കാന്‍ അവസരം.

Latest