Connect with us

Editorial

വെള്ളം കൊണ്ട് കളിക്കരുത്

Published

|

Last Updated

ഒരു ഭാഗത്ത് കുടിവെള്ളത്തിന് വേണ്ടി ജനങ്ങളുടെ പരക്കംപാച്ചില്‍. മറു ഭാഗത്ത് വെള്ളത്തിന്റെ ദുരുപയോഗവും ധുര്‍ത്തും. ഈ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ മറാത്താവാഡ മേഖലയിലെ ലത്തൂരില്‍ ഇതിനിടെ കുടിവെള്ളത്തിന് വേണ്ടി കലാപം പോലും നടന്നു. തീവണ്ടിയില്‍ വെള്ളമെത്തിച്ചാണ് അവിടെ ശുദ്ധജലക്ഷാമത്തിന് സര്‍ക്കാര്‍ പരിഹാരം കാണുന്നത്. സംസ്ഥാനത്ത് പല പ്രദേശങ്ങളിലും സര്‍ക്കാര്‍ ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യുന്ന കുടിവെള്ളം കൊണ്ടാണത്രെ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്തുത്. അതിനിടെയാണ് ഐ പി എല്‍ മാമാങ്കത്തിന് വേണ്ടി വന്‍തോതില്‍ വെള്ളത്തിന്റെ ദുരുപയോഗം. മത്സരം നടക്കുന്ന ഗ്രൗണ്ടുകളിലെ പിച്ചുകള്‍ നനക്കുന്നതിനാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ വെള്ളം ഉപയോഗിക്കുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങളോടുള്ള കടുത്ത അനീതിയും ക്രിമിനല്‍ കുറ്റവുമാണെന്നാണ് ബുധനാഴ്ച മുംബൈ ഹൈക്കോടതി നിരീക്ഷിച്ചത്. മത്സരം മഹാരാഷ്ട്രയില്‍ നിന്ന് ജലദൗര്‍ലഭ്യമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് മാറ്റാനും ബി സി സി ഐയോട് കോടതി നിര്‍ദേശിക്കുകയുണ്ടായി. ഏപ്രില്‍ ഒമ്പത് മുതല്‍ മുംബൈ, നാഗ്പൂര്‍, പൂനെ എന്നിവിടങ്ങളിലായി നടക്കുന്ന ക്രിക്കറ്റിന് ഗ്രൗണ്ട് നനക്കാന്‍ 60 ലക്ഷം ലിറ്റര്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ക്രിക്കറ്റ് അസോസിയേഷന് ജനങ്ങളുടെ പ്രശ്‌നത്തേക്കാള്‍ പ്രാമുഖ്യം ക്രിക്കറ്റിനാണ്. കളിക്ക് മാറ്റില്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച മട്ടില്‍ അത് നടക്കുമെന്നുമായിരുന്നു കോടതി പരാമര്‍ശത്തോടുള്ള അസോസിയേഷന്‍ ഭാരവാഹികളുടെ പ്രതികരണം. അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കാനും മറ്റുമുള്ള വേദികളാണല്ലോ ഇത്തരം മാമാങ്കങ്ങള്‍.
മഹാരാഹാഷ്ട്ര മാത്രമല്ല ആന്ധ്ര, തെലുങ്കാന, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങള്‍ ഈ വര്‍ഷം വരള്‍ച്ചയുടെ കെടുതിയിലാണ്. അത്യുഷ്ണം സഹിക്കാനാകാതെ നിരവധി പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ചു കൊണ്ടിരിക്കുന്നത്. തെലുങ്കാനയില്‍ മാത്രം ഈ വര്‍ഷം 66 പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ 50 ഉം കര്‍ണാടകയില്‍ 27 ഉം മഹാരാഷ്ട്രയിലെ 21 ഉും ജില്ലകള്‍ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെങ്ങും കഴിഞ്ഞ വര്‍ഷം മഴ ഗണ്യമായി കുറവായിരുന്നു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മഹാരാഷ്ട്രയിലെ മറാത്താവാഡയില്‍ കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത അനുഭവപ്പെടുന്നത്. ഈ മേഖലയിലെ അണക്കെട്ടുകളെല്ലാം വറ്റുവരണ്ടിരിക്കയാണ്. ലക്ഷക്കണക്കിനാളുകള്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്ന് മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് കന്നുകാലികള്‍ ചത്തൊടുങ്ങി. മുവ്വായിരത്തിലേറെ കര്‍ഷര്‍ കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചക്കെടുതി മൂലം മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തിരുന്നു. മഴക്കുറവ് രാജ്യത്ത് ശക്തമായ വരള്‍ച്ചയുണ്ടാക്കുമെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നിട്ടും മുന്‍കൂട്ടി പ്രതിവിധി കാണുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഉദാസീനത കാണിച്ചു. ഭരണകൂടങ്ങളുടെ ഈ വീഴ്ചയെ കഴിഞ്ഞ ദിവസം സുപ്രീം കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ചു പ്രശ്‌നത്തിന് കുറേയേറെ പരിഹാരം കാണാമായിരുന്നുവെന്നും ഇതിന് കേന്ദ്രം മുന്‍കൈയെടുക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നുമാണ് നീതിപീഠത്തിന്റെ വിമര്‍ശം.
രാജ്യത്തെ കുടിവെള്ള ലഭ്യത വര്‍ഷം തോറും കുറഞ്ഞു വരികയാണ്. 2001ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ പ്രതിശീര്‍ഷ ജലലഭ്യത 1,816 ക്യൂബിക് ആയിരുന്നെങ്കില്‍ 2011ലെ സെന്‍സസ് അനുസരിച്ചു 1,545 ക്യൂബിക് മീറ്റര്‍ ആയി കുറഞ്ഞു. ഗ്രാമങ്ങളില്‍ താമസിക്കുന്ന 35 ശതമാനം പേര്‍ക്ക് മാത്രമാണ് വീടുകളില്‍ കുടിവെള്ളം ലഭിക്കുന്നത്. അവശേഷിക്കുന്നവര്‍ പുറത്തുള്ള സ്രോതസുകളെ ആശ്രയിക്കുകയാണ്. ഇവരില്‍ 22 ശതമാനം കുടിവെള്ളത്തിനായി അര കി. മീറ്ററിലധികം സഞ്ചരിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ വെള്ളത്തിന്റെ ദുരുപയോഗവും മലിനീകരണവും കര്‍ശനമായി തടയേണ്ടതുണ്ട്. പ്രത്യേകിച്ചു വരള്‍ച്ച രൂക്ഷമാകുകയും ലക്ഷക്കിനാളുകള്‍ കുടിവെള്ളം കിട്ടാതെ പ്രയാസപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേവല വിനോദത്തിന് വെള്ളം ദുരുപയോഗം ചെയ്യുന്നത് നീതീകരിക്കാവതല്ല. വിനോദമല്ല ജീവന്‍ നിലനിര്‍ത്താനാവശ്യമായ അടിസ്ഥന സൗകര്യങ്ങളാണ് ഇപ്പോള്‍ ജനങ്ങള്‍ക്കാവശ്യം. വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. ശുദ്ധജല പ്രശ്‌നം മുന്‍കാലങ്ങളില്‍ ഇന്നത്തെ പോലെ രൂക്ഷമല്ലാതിരുന്നിട്ടും, അതിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയ തലമുറ വിവേകപുര്‍വമാണ് അത് വിനിയോഗിച്ചിരുന്നതും സംരക്ഷിച്ചിരുന്നതും. ആ ഒരു ജീവിത രീതിയിലേക്ക് ഇന്നത്തെ തലമുറയും മടങ്ങേണ്ടിയിരിക്കുന്നു.

---- facebook comment plugin here -----

Latest