Connect with us

Kerala

പുതിയ ചിരിയുമായി പഴയ മുഖങ്ങള്‍...

Published

|

Last Updated

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രം ഏത് ദിശയിലേക്ക് നീങ്ങണമെന്ന് നിശ്ചയിക്കുന്ന സംസ്ഥാനത്തെ അതിപ്രധാനമായ മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ പലതുകൊണ്ടും സവിശേഷതയാര്‍ജിച്ച മണ്ഡലം. മഞ്ചേശ്വരത്തിന്റെ തിരഞ്ഞെടുപ്പുഗോദയില്‍ ഏറ്റുമുട്ടുന്നത് തുല്യശക്തികളാണ്.
ഇരുമുന്നണികള്‍ക്കും കരുത്തരായ സ്ഥാനാര്‍ഥികള്‍. ഇവരോട് കിടപിടിക്കുന്ന സ്ഥാനാര്‍ഥി തന്നെ ബി ജെ പിക്കുമുണ്ട്. ജയം ആര്‍ക്ക് എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയാത്തത്ര സ്വാധീനം ഇവര്‍ക്ക് മണ്ഡലത്തിലുണ്ട്.
2011ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ തന്നെയാണ് ഇക്കുറിയും മഞ്ചേശ്വരത്തെ പോര്‍ക്കളത്തിലുള്ളതെന്നതാണ് ഒരു പ്രത്യേകത. കേരളത്തില്‍ അക്കൗണ്ട് തുറപ്പെടുമെന്ന് ബി ജെ പി അവകാശപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും സിറ്റിംഗ് എം എല്‍ എയുമായ പി ബി അബ്ദുര്‍റസാഖാണ് ഇക്കുറിയും യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ അബ്ദുര്‍റസാഖ് പരാജയപ്പെടുത്തിയ ബി ജെ പിയിലെ കെ സുരേന്ദ്രന്‍, മുന്‍ എം എല്‍ എ. സി എച്ച് കുഞ്ഞമ്പു എന്നിവരും അങ്കത്തിനിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ പി ബി അബ്ദുര്‍ റസാഖിന്റെ വിജയത്തിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന അബ്ദുര്‍റസാഖിന്റെ സഹോദരനും മുന്‍ ഐ എന്‍ എല്‍ നേതാവുമായ പി ബി അഹമദ് ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണ്.
കേരളത്തില്‍ മറ്റൊരു മണ്ഡലത്തിലുമില്ലാത്ത രീതിയിലാണ് മുമ്പ് മത്സരിച്ചവര്‍ തന്നെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വീണ്ടുമെത്തുന്നതെന്ന പ്രത്യേകതയും മഞ്ചേശ്വരത്തിന് സ്വന്തം. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഇവര്‍ സുപരിചിതരുമാണ്.
കഴിഞ്ഞ തവണ സംഭവിച്ച വീഴ്ചകള്‍ എന്തൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കിക്കൊണ്ടാണ് മൂന്നുപേരും പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ജയിച്ചേ അടങ്ങൂവെന്ന വാശിയില്‍ മഞ്ചേശ്വരത്ത് മൂന്ന് സ്ഥാനാര്‍ഥികളും നടത്തുന്നത് ജീവന്മരണപോരാട്ടമാണ്.
യൂത്ത് ലീഗിലൂടെ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത പി ബി അബ്ദുര്‍റസാഖ് ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗിന്റെയും മുസ്‌ലിം ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തനരംഗത്ത് സജീവമാകുകയായിരുന്നു. ലീഗിന്റെ ജില്ലാ വൈസ് പ്രസിഡന്റായ ശേഷമാണ് റസാഖ് സംസ്ഥാനപ്രവര്‍ത്തകസമിതിയിലെത്തിയത്.
ജില്ലാ പഞ്ചായത്തില്‍ 2005-10 കാലയളവില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു അബ്ദുര്‍റസാഖ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന സി പി എമ്മിലെ എം വി ബാലകൃഷ്ണന്‍ അവിശ്വാസപ്രമേയത്തിലൂടെ പുറത്തായപ്പോള്‍ അബ്ദുര്‍റസാഖ് കുറച്ചുകാലം പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
മഞ്ചേശ്വരം സീറ്റ് എല്‍ ഡി എഫിന് വേണ്ടി 2006ല്‍ തിരിച്ചുപിടിച്ച സി എച്ച് കുഞ്ഞമ്പു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെങ്കിലും ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒന്നരപ്പതിറ്റാണ്ടിലേറെയായി രാഷ്ര്ട്രീയ പ്രവര്‍ത്തനരംഗത്തുള്ള സി എച്ച് കുഞ്ഞമ്പു നിലവില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും കര്‍ഷകസംഘം ജില്ലാസെക്രട്ടറിയുമാണ്. നേരത്തെ സി പി എം കാസര്‍കോട് ഏരിയാസെക്രട്ടറിയായിരുന്നു. ബാലസംഘത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ സി എച്ച് എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടെയും നേതൃസ്ഥാനങ്ങളും അലങ്കരിച്ചിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി എച്ച് കുഞ്ഞമ്പുവിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി മഞ്ചേശ്വരം മണ്ഡലത്തില്‍ ബി ജെ പിക്ക് രണ്ടാംസ്ഥാനം നേടിക്കൊടുത്തത് സുരേന്ദ്രന്റെ സഥാനാര്‍ഥിത്വമായിരുന്നു. പിന്നീട് നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പിലും സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ബി ജെ പിക്കുള്ള വോട്ടുകള്‍ ഗണ്യമായി വര്‍ധിക്കാന്‍ കാരണമായി. നിലവില്‍ ബി ജെ പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ എ ബി വി പിയിലൂടെയാണ് പൊതുരംഗത്തെത്തിയത്. പിന്നീട് യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റുമായി.
2001ല്‍ സി കെ പത്മനാഭന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോട്ടെത്തിയ സുരേന്ദ്രന്‍ വര്‍ഷങ്ങളായി ഇവിടെ തന്നെയാണ് താമസം.

Latest