Connect with us

Gulf

ഇത്തവണയും വേള്‍ഡ് ട്രേഡ് സെന്ററില്‍ 'റമസാന്‍ നൈറ്റ് സൂഖ്'

Published

|

Last Updated

റമസാന്‍ നൈറ്റ് സൂഖ് (ഫയല്‍)

ദുബൈ: മികച്ച ഷോപ്പിംഗ് അനുഭവവും വിനോദ പരിപാടികളും രുചികരമായ ഭക്ഷണങ്ങളുമായി റമസാന്‍ നൈറ്റ് മാര്‍ക്കറ്റ് അടുത്ത ജൂണില്‍. ജൂണ്‍ 23ന് തുടങ്ങി 10 ദിവസം നീണ്ടുനില്‍ക്കുന്ന മാര്‍ക്കറ്റ് ജൂലൈ രണ്ടിന് സമാപിക്കും. വേള്‍ഡ് ട്രേഡ് സെന്ററിലെ സാബീല്‍ ഹാള്‍ കൂടാതെ നാല്, അഞ്ച് ഹാളുകളിലായിരിക്കും പരിപാടി. കഴിഞ്ഞ വര്‍ഷത്തെ സൂഖില്‍ 10 ദിവസത്തിനുള്ളില്‍ 1,16,000 സന്ദര്‍ശകരെത്തിയിരുന്നു. ലോകോത്തര സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങള്‍ക്കായി മെട്രോ സ്റ്റേഷന്‍ തൊട്ടടുത്തുള്ളതും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സഹായകമാകുമെന്ന് അധികൃതര്‍ പറഞ്ഞു. വിശുദ്ധ റമസാന്‍ മാസത്തില്‍ നടക്കുന്ന ചന്ത ഈദ് പര്‍ച്ചേസിംഗിന് മാളുകള്‍ നല്‍കുന്ന ഷോപ്പിംഗ് അനുഭവമാണ് സമ്മാനിക്കുക.
ഓരോ വര്‍ഷവും നൈറ്റ് സൂഖില്‍ പങ്കാളികളാകുന്ന റീട്ടെയിലര്‍മാരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്ന് സുമാന്‍സ എക്‌സിബിഷന്‍ ബ്രാന്റ് മാനേജര്‍ സമാന്ത കോര്‍ഡെയ്‌റോ മിറാന്റ പറഞ്ഞു. കമ്പനികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വ്യാപകമായ രീതിയില്‍ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ ഇവന്റ് വഴി സാധിക്കുമെന്നും മിറാന്റ വ്യക്തമാക്കി.
വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍, സ്വകാര്യ പരിരക്ഷ വസ്തുക്കള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ലെതര്‍ ഉത്പന്നങ്ങള്‍, വിവിധ ഭക്ഷണ പദാര്‍ഥങ്ങള്‍, ഗൃഹോപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ്, കുട്ടികളുടെ കളിക്കോപ്പുകള്‍, ഓട്ടോ മൊബൈല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ നൈറ്റ് സൂഖിലുണ്ടാകും. കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികളും നടക്കും. ഈദ് പ്രത്യേക പരിപാടിയായി “ഹെന്ന മജ്‌ലിസ്”, ലക്കി ഡ്രോ, സൗജന്യ ആരോഗ്യ പരിശോധന തുടങ്ങി ജനങ്ങളെ ആകര്‍ഷിക്കുന്ന വിവിധങ്ങളായ പരിപാടികള്‍ ഒരുക്കും.

---- facebook comment plugin here -----

Latest