Connect with us

Kerala

തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 45 കിലോ കഞ്ചാവ് പിടികൂടി. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സാരിയില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മൂന്നോടെ റെയില്‍വേ പോലീസും ആര്‍ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. റെയില്‍വേ സി ഐ പ്രദീപിന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒറ്റനോട്ടത്തില്‍ സാരി അടുക്കിക്കെട്ടിയിരിക്കുകയാണെന്ന് തോന്നത്തക്കവിധം വന്ന പാഴ്‌സലില്‍ ഓരോ സാരിക്കും ഇടയിലായിട്ടാണ് കഞ്ചാവ് വെച്ചിരുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന ശക്തമാക്കണമെനന്ന് ഇന്റലിജന്‍സ് ഡി ഐ ജി. പി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം റെയില്‍വേ പോലീസ് പരിശോധന നടത്തുന്നതിനിടെ 26 ലിറ്റര്‍ മദ്യവും അതിനുശേഷം മധ്യപ്രദേശ് നിര്‍മിത മദ്യവും പിടികൂടിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് വ്യാപകമായി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതെന്ന് റെയില്‍വേ സി ഐ അറിയിച്ചു. ബുക്ക് ചെയ്ത് വന്ന പാഴ്‌സലാണെന്നും ഏജന്‍സിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. നേരത്തെ കഞ്ചാവ് കടത്തുകേസുകളില്‍ പിടിയിലായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.