Connect with us

Ongoing News

ഐപിഎല്‍: ആദ്യ മല്‍സരത്തില്‍ റെസിംഗ് പൂനെക്ക് ജയം

Published

|

Last Updated

മുംബൈ: മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഐ പി എല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന്റെ ഉദയം ! നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് നവാഗത ഫ്രാഞ്ചൈസിയായ റൈസിംഗ് പൂനെ ഐ പി എല്‍ അരങ്ങേറ്റം വിജയത്തോടെ ഗംഭീരമാക്കിയത്.
സ്‌കോര്‍ : മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 121. റൈസിംഗ് പൂനെ 14.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 126.
അജിങ്ക്യ രഹാനെ (66 നോട്ടൗട്ട്) മാന്‍ ഓഫ് ദ മാച്ചായി. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ റിസര്‍വ് താരമായി ഒതുക്കപ്പെട്ട രഹാനെ 42 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറുകളുമായി തിളങ്ങുന്ന കാഴ്ചയായിരുന്നു ഐ പി എല്‍ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍. 34 റണ്‍സെടുത്ത ഡുപ്ലെസിസിന്റെ വിക്കറ്റാണ് പൂനെക്ക് നഷ്ടമായത്. ഇംഗ്ലണ്ട് ടീമില്‍ നിന്ന് തഴയപ്പെട്ട കെവിന്‍ പീറ്റേഴ്‌സനായിരുന്നു രഹാനെക്കൊപ്പം റൈസിംഗ് പൂനെയെ വിജയതീരത്തെത്തിച്ചത്. 14 പന്തില്‍ 21 നോട്ടൗട്ട്. രണ്ട് സിക്‌സറും പീറ്റേഴ്‌സന്‍ പറത്തി.
നേരത്തെ മുംബൈ ബാറ്റിംഗില്‍ ടോപ് ഓര്‍ഡര്‍ വന്‍ പരാജയമായി. വാലറ്റത്ത് ഹര്‍ഭജന്‍ സിംഗ് നേടിയ 45 റണ്‍സാണ് ടീം സ്‌കോര്‍ നൂറ് കടത്തിയത്. ലെന്‍ഡല്‍ സിമണ്‍സ് (8), രോഹിത് ശര്‍മ(7), ഹര്‍ദിക് (9), ജോസ് ബട്‌ലര്‍ (0), റായുഡു (22), പൊള്ളാര്‍ഡ് (1) എന്നീ മുംബൈ മുന്‍നിര നിറം മങ്ങി.
നാല് ഓവറില്‍ പത്ത് റണ്‍സിന് ഒരു വിക്കറ്റെടുത്ത രജത് ഭാട്ടിയ റൈസിംഗിനായി തിളങ്ങി. ഇഷാന്ത് ശ ര്‍മയും മിച്ചല്‍ മാര്‍ഷും രണ്ട് വിക്കറ്റ് വീതം നേടി. സീസണിലെ ആദ്യ വിക്കറ്റ് രോഹിതിനെ പുറത്താക്കി ഇഷാന്ത് ശര്‍മ സ്വന്തമാക്കി.

Latest