Connect with us

Kerala

കറങ്ങിക്കറങ്ങി ഒടുവില്‍ നറുക്ക് എ കെ മണിക്ക്

Published

|

Last Updated

തൊടുപുഴ: മൂന്നാറിലെ കുലുക്കിക്കുത്തില്‍ ഒടുവില്‍ എ കെ മണിക്ക് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം. ഹൈക്കമാന്റ് പട്ടികയില്‍ ദേവികുളത്ത് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആര്‍ രാജാറാം ഇന്നലെ രാവിലെ പ്രചാരണം അവസാനിപ്പിച്ച് ചൊക്കനാട് എസ്റ്റേറ്റ് ലയത്തിലെ വീട്ടിലേക്ക് മടങ്ങി. കെ പി സി സി വൈസ് പ്രസിഡന്റ് കൂടിയായ മണിയുടെ അനുയായികള്‍ പടക്കം പൊട്ടിച്ച് മണിയണ്ണന്റെ തിരിച്ചു വരവ് ആഘോഷിച്ചു.
നാടകീയ നീക്കങ്ങളാണ് ദേവികുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം മുതല്‍ നടന്നത്. എ കെ മണി, ഡി കുമാര്‍, ആര്‍ രാജറാം എന്നിങ്ങനെയായിരുന്നു സംവരണ മണ്ഡലമായ ദേവികുളത്തിനായി ഡി സി സി നേതൃത്വം സമര്‍പ്പിച്ചിരുന്ന പട്ടിക. എന്നാല്‍ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനക്കാരനായ രാജാറാം ഒന്നാമതെത്തി. ഇതോടെ ഈ കൊടും വേനലിലും ചെറിയ തണുപ്പുളള മൂന്നാറിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രോഷാകുലരായി. മണിക്ക് സീറ്റില്ലെങ്കില്‍ തുറക്കേണ്ട എന്നു പറഞ്ഞ് ഐ എന്‍.ടി യു സി ഓഫീസ് പൂട്ടി. സ്വന്തം പാര്‍ട്ടി ഓഫീസിലെത്തിയ രാജാറാമിനെ അവിടെ നിന്നും നിര്‍ദാക്ഷിണ്യം ഇറക്കിവിട്ടു.
ഇതോടെ രാജാറാമിന്റെ കാര്യം ഏതാണ്ട് തീരുമാനമായി. പിന്നീട് ഡി കുമാറിന്റെ പേര് കേട്ടു. കേരളത്തെ അമ്പരപ്പിച്ച മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രക്ഷോഭത്തിന് പിന്നിലെ ബുദ്ധികേന്ദ്രം കുമാറാണെന്ന് സൂചനയുണ്ട്. എ കെ മണിക്കിട്ട് ഒരു പണി കൊടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം.
കുമാറിന്റെ സമുദായമായ പറയര്‍ വിഭാഗക്കാരായ സ്ത്രീകളായിരുന്നു പെമ്പിളൈ ഒരുമൈ പോരാട്ടത്തില്‍ സജീവമായി ഉണ്ടായിരുന്നത്. കെ പി സി സി സെക്രട്ടറി ലതികാ സുഭാഷ് പൊമ്പിളൈ ഒരുമൈക്ക് വേണ്ടി രംഗത്തെത്തിയതും കുമാറിന്റെ താല്‍പര്യപ്രകാരമായിരുന്നത്രെ.
തോട്ടം മേഖലയിലെ മറ്റൊരു പ്രബല തമിഴ് സമുദായമായ പളളന്‍ വിഭാഗക്കാരനാണ് എ കെ മണി. മൂന്നാം വിജയം തേടി സി പി എം രംഗത്തിറക്കിയിരിക്കുന്ന സിറ്റിംഗ് എം എല്‍ എ എസ് രാജേന്ദ്രനും ഇതേ വിഭാഗക്കാരനാണ്. പളളന്‍ സമുദായ സഭ എന്ന സംഘടനയും ഇവര്‍ക്കുണ്ട്. കോണ്‍ഗ്രസില്‍ മണിക്ക് വേണ്ടി കലാപമുയര്‍ത്തിയതും ഇതേ വിഭാഗക്കാരാണ്.
ഈ സമുദായ ശക്തിയും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖറുടെ പിന്‍ബലവുമാണ് ഒടുവില്‍ മണിയെ കളത്തിലിറക്കിയതും, രാജാറാമിനെ പുറത്താക്കിയതും. തോട്ടം തൊഴിലാളി മേഖലയില്‍ സീറ്റ് നല്‍കി ഐ എന്‍ ടി യു സിയുടെ വായടപ്പിക്കുകയാണ് വി എം സുധീരന്റെ ലക്ഷ്യം.
അഞ്ചു തവണ ദേവികുളത്ത് മല്‍സരിച്ച എ കെ മണി ആദ്യ മൂന്നു തവണ വിജയിച്ചു.
1991,96, 2001 വര്‍ഷങ്ങളില്‍. പക്ഷെ 2006ല്‍ 5887 വോട്ടിനും 2011ല്‍ 4078 വോട്ടിനും എസ് രാജേന്ദ്രനോട് പരാജയപ്പെട്ടു. പെമ്പിളൈ ഒരുമൈ, എ ഐ എ ഡി എം കെ സ്വാധീനമുളള ഇക്കുറി രാജേന്ദ്രനെ തളക്കാന്‍ മണിക്ക് കഴിയുമോ? കോണ്‍ഗ്രസിലെ എതിര്‍ ഗ്രൂപ്പുകാര്‍ അതിന് സമ്മതിക്കുമോ?

Latest