Connect with us

Gulf

ഗുരുതര നിയമ ലംഘനം; പിഴ ചുമത്തിയത് ഒരു ലക്ഷത്തിലധികം പേര്‍ക്ക്

Published

|

Last Updated

അബുദാബി: ഈ വര്‍ഷം ആദ്യപാദത്തില്‍ 1,00,000ത്തിലധികം അപകടകരമായ പിഴകുറ്റങ്ങള്‍ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുക, അമിതവേഗത, റെഡ് സിഗ്‌നല്‍ മുറിച്ചുകടക്കല്‍ എന്നിവയാണ് പിഴ ചുമത്താനിടയിക്കിയ പ്രധാനമായ കുറ്റങ്ങളെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്റ് പട്രോളിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖയീലി വ്യക്തമാക്കി.
മണിക്കൂറില്‍ 60 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിച്ചത് 14 ശതമാനവും മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് 10 ശതമാനവുമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് 18 ശതമാനമാണെങ്കില്‍ കാലാവധി കഴിഞ്ഞ ടയര്‍ ഉപയോഗിച്ചത് എട്ട് ശതമാനമാണ്. റോഡില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് അഭ്യാസം നടത്തിയതിന് 78 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വാഹനങ്ങളെ മറികടന്ന് സഞ്ചരിച്ചതിന് 3,616 കേസും മാര്‍ഗതടസം വരുത്തിയതിന് 1,495 കേസും രജിസ്റ്റര്‍ ചെയ്തു.
അതേസമയം ഗുരുതരമായ ട്രാഫിക് അപകടങ്ങളുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമങ്ങള്‍ ട്രാഫിക് പോലീസ് തുടരുമെന്നും റോഡുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളും പദ്ധതികളും ആസൂത്രണം ചെയ്തുവരുന്നതായും അല്‍ ഖലീലി അറിയിച്ചു.
ട്രാഫിക് പോലീസും പട്രോളിംഗ് വിഭാഗവും റോഡിലെ നിരീക്ഷണം ശക്തമാക്കും. ട്രാഫിക് കണ്‍ട്രോള്‍ റൂം എയര്‍ വിംഗ് വകുപ്പുമായി ഏകോപിപ്പിച്ച് റോഡില്‍ മോണിറ്ററിംഗ് സജീവമാക്കുമെന്നും ഇതോടെ റോഡിലെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി നവമാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. യുവ ഡ്രൈവര്‍മാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായും അവരെ ഉദ്‌ബോധിപ്പിക്കുമെന്നും ഖയീലി പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest