Connect with us

Kozhikode

ചെങ്കോട്ട കാക്കുമോ, ചരിത്രം മാറുമോ?

Published

|

Last Updated

കോഴിക്കോട്: ജില്ലയിലെ ചെങ്കോട്ടയാണ് സുല്‍ത്താന്‍ പട്ടണമെന്ന് അപരനാമമുള്ള ബേപ്പൂര്‍. മണ്ഡല രൂപവത്കരണത്തിന് ശേഷം ഒരിക്കല്‍ മാത്രം ഇടതിന് കാലിടറിയ മണ്ഡലം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫാക്ടറികളും ചെറുകിട വ്യവസായ ശാലകളും സംസ്ഥാനത്തെ രണ്ടാമത്തെ തുറമുഖവും ഈ മണ്ഡലത്തിലാണ്. ഉരുനിര്‍മാണ വ്യവസായത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായ ബേപ്പൂരിന് ചുവപ്പന്‍ മുന്നേറ്റങ്ങളുടെ ചരിത്രം തന്നെയാണ് പറയാനുള്ളത്. എണ്ണമറ്റ തൊഴില്‍ സമരങ്ങളിലൂടെ പാകപ്പെടുത്തിയ ബേപ്പൂരിന്റെ മനസ്സ് കഴിഞ്ഞ 36 വര്‍ഷമായി ഇടതിനൊപ്പമാണ്. ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായ, രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇപ്പോഴും ഉയര്‍ന്ന് കേള്‍ക്കുന്ന ചില വിഷയങ്ങളും ബേപ്പൂരിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടായിട്ടുണ്ട്. 1991 തിരഞ്ഞെടുപ്പിലെ കോ- ലി -ബി സഖ്യം ഇത്തരത്തിലൊന്നാണ്.
എന്നാല്‍ അടുത്തകാലത്തെ ചില തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ബേപ്പൂരില്‍ ഇത്തവണ കടുത്ത മത്സരം നടക്കുമെന്ന കാര്യം വ്യക്തമാണ്. മികച്ച സ്ഥാനാര്‍ഥികളെ തന്നെ ഇരുമുന്നണിയും രംഗത്തിറക്കുകയും ബി ജെ പിക്ക് മണ്ഡലത്തിലുണ്ടായ വളര്‍ച്ചയുമാണ് ഇത്തവണ പോരാട്ടം കടുപ്പിക്കുന്നത്.
അഭിമാന മണ്ഡലം നിലനിര്‍ത്താന്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയറും മുന്‍ എം എല്‍ എയുമായ വി കെ സി മമ്മദ്‌കോയെയാണ് സി പി എം കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ സി പി എം കരുത്തനായ എളമരം കരീമിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആദം മുല്‍സി തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി. മണ്ഡലത്തിലെ തീരദേശ മേഖലകളില്‍ ഇതിനകം വലിയ സ്വാധീനം ഉറപ്പിച്ച ബി ജെ പിക്കായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവും രംഗത്തുണ്ട്. സ്ഥാനാര്‍ഥികളെല്ലാം പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു.
രണ്ട് തവണ എം എല്‍ എയായ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെ ഒഴിവാക്കിയാണ് സി പി എം വി കെ സിയെ പരിഗണിച്ചത്. മണ്ഡലം- ജില്ലാ കമ്മിറ്റികള്‍ ആദ്യം നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ എളമരം കരീം ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കരീം മത്സരിക്കേണ്ടന്ന് തീരുമാനിച്ച സംസ്ഥാന നേതൃത്വം പുതിയ പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം വി കെ സിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മണ്ഡലത്തില്‍ വി കെ സിക്കുള്ള ജനകീയ മുഖം തന്നെയാണ് പാര്‍ട്ടിയെ ഇതിന് പ്രേരിപ്പിച്ചത്. ഒപ്പം പ്രമുഖനെ രംഗത്തിറക്കിയില്ലെങ്കില്‍ മണ്ഡലം നഷ്ടപ്പെട്ടേക്കുമെന്ന വിലയിരുത്തലും. ജീവ കാരുണ്യ രംഗത്ത് ശ്രദ്ധേയനായ വി കെ സി ഇത് രണ്ടാം തവണയാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. 2001ല്‍ മുസ്‌ലിം ലീഗിലെ എം സി മായിന്‍ഹാജിയെ 5071 വോട്ടിന് തോല്‍പ്പിച്ച് നിയമസഭയിലെത്തി. പ്രമുഖ ഫുട്‌വെയര്‍ മാനുഫാക്ചറിംഗ് ഗ്രൂപ്പായി വി കെ സിയുടെ സ്ഥാപകനായ ഇദ്ദേഹം ചെറുവണ്ണൂര്‍- നല്ലളം പഞ്ചായത്ത് പ്രസിഡന്‍ന്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കയര്‍ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവിലെ കോഴിക്കോട് കോര്‍പറേഷനില്‍ അരീക്കാട് ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ആദം മുല്‍സി തന്നെയാണ് മണ്ഡലത്തില്‍ യു ഡി എഫിന്റെ തേര് തെളിക്കുന്നത്. തന്റെ കന്നി മത്സരത്തില്‍ കഴിഞ്ഞ തവണ എളമരം കരീമിനോട് 5316 വോട്ടിനാണ് ആദം പരാജയപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ അദ്ദേഹം സജീവ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. കെ എസ് യുവിലൂടെ പൊതുരംഗത്ത് എത്തിയ ആദം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വലിയ പ്രചാരണമാണ് എം ബി എ ബിരുദധാരിക്കായി നടക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥിയായ അഡ്വ. കെ പി പ്രകാശ്ബാബു കഴിഞ്ഞ തവണ നാദാപുരം മണ്ഡലത്തില്‍ ബി ജെ പിക്കായി മത്സരിച്ചിട്ടുണ്ട്.
മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിയ വികസനങ്ങള്‍ തന്നെയാണ് എല്‍ ഡി എഫിന്റെ പ്രധാന പ്രചാരണ വിഷയം. മാറാട് മത്സ്യ ഗ്രാമം പദ്ധതി, വെസ്റ്റ് നല്ലളം ഫ്‌ളൈഓവര്‍, ചെറുവണ്ണൂര്‍- ചുങ്കത്തറ റോഡ്, ബേപ്പൂര്‍ തുറമുഖ നവീകരണം, സ്വാന്തന പ്രവര്‍ത്തനങ്ങള്‍ എന്നിവയും യു ഡി എഫ് സര്‍ക്കാറിന്റെ അഴിമതി കഥകളും എല്‍ ഡി എഫ് പ്രചാരണ വിഷയമാക്കുന്നു.
എന്നാല്‍ തീരദേശ മണ്ഡലമായ ബേപ്പൂരിന്റെ പ്രധാന പ്രശ്‌നം കുടിവെള്ള ക്ഷാമമാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇത് പരിഹരിക്കാന്‍ ഒരു ഇടപെടലും സിറ്റിംഗ് എം എല്‍ എ നടത്തിയിട്ടില്ലെന്ന് യു ഡി എഫ് ആരോപിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നേട്ടങ്ങളായി പറയുന്നതെല്ലാം കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ ഉണ്ടായതാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.