Connect with us

Business

കുരുമുളക് വില മുന്നേറ്റ പാതയില്‍; പവന് തിളക്കമേറുന്നു

Published

|

Last Updated

കൊച്ചി: കുരുമുളകിന്റെ കുതിച്ചു ചാട്ടത്തിന് ശക്തിയേറി. പ്രദേശിക വിപണികളില്‍ കുരുമുളകിന്റെ ലഭ്യത ചുരുങ്ങിയതോടെ ചരക്ക് സംഭരിക്കാന്‍ ഇടപാടുകാര്‍ മത്സരിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം അടുത്ത സീസനിലും ഉത്പാദനം കുറയുമെന്ന ആശങ്ക വാങ്ങലുകാരെ അസ്വസ്ഥരാക്കി. കൊച്ചിയില്‍ 68,100 രൂപയില്‍ നിന്ന് ഗാര്‍ബിള്‍ഡ് കുരുമുളക് 70,600 രൂപയായി ഉയര്‍ന്നു. ഒരാഴ്ച്ചകൊണ്ട് 2500 രൂപയുടെ മുന്നേറ്റം. ഇടുക്കി, വയനാട് ഭാഗങ്ങളില്‍ നിന്നുള്ള കുരുമുളക് വരവ് കുറവാണ്. വിലക്കയറ്റത്തിന് വേഗമേറിയതിനാല്‍ പരമാവധി വില ഉയര്‍ന്ന ശേഷം ഉത്പന്നം വില്‍പനക്ക് ഇറക്കാമെന്ന നിലപാടിലേക്ക് സ്‌റ്റോക്കിസ്റ്റുകള്‍. അമേരിക്കന്‍ കയറ്റുമതിക്ക് 11,300 ഡോളറും യൂറോപ്യന്‍ കയറ്റുമതികള്‍ക്ക് 11,000 ഡോളറിനുമാണ് എക്‌സ്‌പോര്‍ട്ടര്‍മാര്‍ ക്വട്ടേഷന്‍ ഇറക്കിയത്. എന്നാല്‍ ഈ വിലക്ക് വിദേശ വ്യാപാരങ്ങള്‍ക്ക് ബയ്യര്‍മാര്‍ തയ്യാറായില്ല.
രാജ്യാന്തര റബ്ബര്‍ വിപണിയിലെ ഉണര്‍വ് കണ്ട് ആഭ്യന്തര ടയര്‍ നിര്‍മാതാക്കള്‍ ഷീറ്റില്‍ പിടിമുറുക്കി. ഓഫ് സീസനായതിനാല്‍ കാര്‍ഷിക മേഖലകളില്‍ നിന്ന് കാര്യമായി ഷീറ്റ് ലഭ്യമില്ല. വില ഉയര്‍ത്തി ലഭ്യത ഉറപ്പിക്കാന്‍ ടയര്‍ കമ്പനികള്‍ ശ്രമം നടത്തിയതോടെ നാലാം ഗ്രേഡ് റബ്ബര്‍ വില 11,700 ല്‍ നിന്ന് 12,200 രൂപയായി. അഞ്ചാം ഗ്രേഡ് 11,500 ല്‍ നിന്ന് 12,000 രൂപയായി.
വിഷു അടുത്തതോടെ വെളിച്ചെണ്ണക്ക് പ്രദേശിക ഡിമാന്‍ഡ്. മില്ലുകാര്‍ എണ്ണ നീക്കം കുറച്ചതോടെ 300 രൂപ വര്‍ധിച്ച് ശനിയാഴ്ച്ച 8000 രൂപയായി. കൊപ്ര 5280 രൂപയില്‍ നിന്ന് 5470 രൂപയായി. ഇതര ഭക്ഷ്യയെണ്ണകളുടെ നിരക്കും ഉയരുന്നത് വെളിച്ചെണ്ണക്ക് കരുത്തായി. അതേ സമയം വിഷു ആഘോഷങ്ങള്‍ കഴിയുന്നതോടെ വിപണി സമ്മര്‍ദത്തില്‍ അകപ്പെടാം.
ചുക്കിന്റെ വില ഉയര്‍ന്നില്ല. ഉത്തരേന്ത്യയില്‍ നിന്ന് അന്വേഷണങ്ങള്‍ കുറവാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പില്‍ നിന്നും ചുക്കിന് പുതിയ ഓര്‍ഡറില്ല. വൈകാതെ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് സ്‌റ്റോക്കിസ്റ്റുകള്‍. മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 18,000 രൂപയിലുമാണ്.
കറിമസാല വ്യവസായികളും ഔഷധ നിര്‍മാതാക്കളും ജാതിക്ക ശേഖരിച്ചു. ജാതിക്ക തൊണ്ടന്‍ കിലോ 170-200 രൂപയിലും തൊണ്ടില്ലാത്തത് 350-390, ജാതിപത്രി 590-925 രൂപ.
സ്വര്‍ണ വില ഉയര്‍ന്നു. പവന്‍ 21,280 രൂപയില്‍ നിന്ന് 21,480 രൂപയായി. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരൗണ്‍സ് സ്വര്‍ണം 1222 ഡോളറില്‍ നിന്ന് 1240 ഡോറായി.

Latest