Connect with us

Sports

സ്പാനിഷ് ലീഗ്: അടിപതറി ബാഴ്‌സയും

Published

|

Last Updated

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ വമ്പന്മാരായ ബാഴ്‌സലോണക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സൂപ്പര്‍ താരനിരയടങ്ങിയ ബാഴ്‌സയെ റയല്‍ സോസിഡാഡാണ് തോല്‍പ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സോസിഡാഡിന്റെ ജയം. അഞ്ചാം മിനുട്ടില്‍ മൈക്കല്‍ ഒയര്‍സബല്‍ ആണ് വിജയ ഗോള്‍ നേടിയത്. ലാലിഗയില്‍ കഴിഞ്ഞയാഴ്ച നടന്ന എല്‍ക്ലാസികോ പോരില്‍ റയല്‍ മാഡ്രിഡിനോടേറ്റ (2-1) തോല്‍വിയുടെ തൊട്ടുപിന്നാലെയുണ്ടായ ഈ തിരിച്ചടി ബാഴ്‌സയുടെ ആത്മവീര്യം ചോര്‍ത്തുന്നതായി.
മറ്റ് മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് (4-0) ഐബറിനെയും അത്‌ലറ്റികോ മാഡ്രിഡ് (3-1) എസ്പാനിയോളിനെയും റയല്‍ ബെറ്റിസ് (1-0) ലെവന്റെയെയും തോല്‍പ്പിച്ചു. ബാഴ്‌സയുടെ തോല്‍വിയും അത്‌ലറ്റിക്കോയുടെ വിജയവും ലാ ലിഗയില്‍ കിരീടപ്പോര് മുറുക്കിക്കഴിഞ്ഞു. ആറ് മത്സരങ്ങള്‍ ശേഷിക്കേ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയും രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള വ്യത്യാസം മൂന്നായി കുറഞ്ഞു. ബാഴ്‌സക്ക് 76ഉം അത്‌ലറ്റിക്കോക്ക് 73ഉം പോയിന്റാണുള്ളത്. 72 പോയിന്റുമായി റയല്‍ മാഡ്രിഡ് തൊട്ടുപിറകിലുണ്ട്.
സൂപ്പര്‍ താരം ലൂയി സുവാരസ്, ആന്ദ്രെ ഇനിയേസ്റ്റ, ഇവാന്‍ റാകിടിച്, ജോര്‍ഡി ആല്‍ബ എന്നിവരില്ലാതെയാണ് ബാഴ്‌സ മത്സരത്തിനിറങ്ങിയത്. സസ്‌പെന്‍ഷന്‍മൂലമാണ് സുവാരസിന് കളിക്കാന്‍ കഴിയാതെ പോയത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ അടുത്ത ദിവസം അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടേണ്ടതിനാല്‍ മറ്റ് മൂന്ന് പേര്‍ക്കും വിശ്രമമനുവദിച്ചു.
മത്സരത്തിന്റെ അഞ്ചാം മിനുട്ടിലായിരുന്നു ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് ഒയര്‍സബലിന്റെ ഗോള്‍ വന്നത്. സാബി പ്രിസ്റ്റോയുടെ കോര്‍ണര്‍ ഒയര്‍സബല്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. സമനില ഗോള്‍ നേടാനുള്ള ബാഴ്‌സയുടെ ശ്രമങ്ങള്‍ സോസിഡാഡിന്റെ കരുത്തുറ്റ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സി നിറം മങ്ങിയതും കറ്റാലന്‍ പടക്ക് തിരിച്ചടിയായി. ഗോളെന്നുറച്ച മൂന്ന് അവസരങ്ങളാണ് മെസി പാഴാക്കിയത്. കരിയറില്‍ 500 ഗോള്‍ നേട്ടമാഘോഷിക്കാന്‍ മെസിക്ക് ഇനിയും കാത്തിരിക്കണം. ഗോള്‍ കീപ്പര്‍ ജെറോമിനോ റുള്ളിയുടെ തകര്‍പ്പന്‍ പ്രകടനവും സോസിഡാഡിന്റെ വിജയത്തില്‍ നിര്‍ണായകമായി. റയല്‍ സോസിഡാഡിന്റെ തട്ടകമായ സാന്‍ സബാസ്റ്റ്യനില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അവസാന അഞ്ച് മത്സരങ്ങളില്‍ ഒരു സമനില മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. 2007ന് ശേഷം ബാഴ്‌സക്ക് ഇവിടെ ഒരു ജയം പോലുമില്ല.
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ കഴിഞ്ഞ ദിവസം വോള്‍ഫ്‌സ്ബര്‍ഗിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ റയല്‍ മാഡ്രിഡ് ഐബറിനെ കീഴടക്കി ലാലിഗയിലൂടെ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഹാമിസ് റോഡ്രിഗസ്, ലൂക്കാസ് വാസ്‌കസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജെസ്സൈ എന്നിവരാണ് റയലിനായി വലകുലുക്കിയത്. ഗോളിലൂടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയൊരു റെക്കോര്‍ഡിനും ഉടമയായി. ലാലിഗയില്‍ തുടരെ ആറ് സീസണുകളില്‍ മുപ്പതോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ കുറിച്ചത്.
എസ്പാനിയോളിനെതിരെ മികച്ച ജയമാണ് അത്‌ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റിക്കോക്ക് ഈ വിജയം വലിയ ആത്മവിശ്വാസമേകും. 35ാം മിനുട്ടില്‍ ഫെര്‍ണാണ്ടോ ടോറസ്, 58ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാന്‍, 89ാം മിനുട്ടില്‍ കൊക്കെ എന്നിവരാണ് അത്‌ലറ്റിക്കോക്കായി സ്‌കോര്‍ ചെയ്തത്. ഡിയോപാണ് എസ്പാനിയോളിന്റെ ആശ്വാസ ഗോളിനുടമ.

Latest