Connect with us

Kozhikode

വെടിക്കെട്ടപകടം പടക്ക വിപണിയെ ബാധിച്ചു: നാടും നഗരവും വിഷുത്തിരക്കില്‍

Published

|

Last Updated

കോഴിക്കോട്: വിഷുവിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അവധി ദിവസമായ ഇന്നലെ നഗരത്തില്‍ വന്‍ തിരക്ക്. പുറത്തിറങ്ങാന്‍ പറ്റാത്ത കൊടുംചൂടാണെങ്കിലും അതൊന്നും വകവെക്കാതെയാണ് വിഷു ആഘോഷിക്കാനായുള്ള ഒരുക്കങ്ങള്‍ക്കായി ജനം വ്യാപാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത്.
പ്രധാന വാണിജ്യ കേന്ദ്രങ്ങളായ മിഠായിത്തെരുവ്, മാവൂര്‍ റോഡ്, കല്ലായ്, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ വിഷുവിന് മുമ്പുള്ള അവസാന ഞായറാഴ്ച്ചയായ ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പടക്കങ്ങള്‍, പച്ചക്കറി, മത്സ്യ, മാംസ വിപണികളും വിഷുത്തിരക്കില്‍ സജീവമാണെങ്കിലും വസ്ത്ര കടകളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെട്ടത്. വിലക്കുറവിന്റെ തെരുവ് കച്ചവടത്തിനും വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. വിഷുവിനോട് അനുബന്ധിച്ചുള്ള തെരുവ് കച്ചവടം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് സജീവമായിത്തുടങ്ങിയത്.
കുട്ടിയുടുപ്പുകള്‍ 50 രൂപ മുതല്‍ ലഭിക്കാനുണ്ട്. വിഷു പ്രമാണിച്ച് ആരംഭിച്ച കൈത്തറി വസ്ത്ര പ്രദര്‍ശന മേളകളിലും നല്ല തിരക്കാണുണ്ടായത്. ഖാദി വസ്ത്രശാലകളിലും നല്ല തിരക്കാണ്. വിഷുവിന് കോടി അത്യാവശ്യമായതിനാല്‍ തന്നെ മുംബൈ, അഹ്മദാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ എത്തിച്ച് കടക്കാര്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ ഉപഭോക്താക്കളെ കാത്തിരിക്കുകയായിരുന്നു. ചുരിദാറിന്റെ പുതിയ മോഡലുകളാണ് വിഷുവിനായി വിപണിയിലെത്തിയത്. ലോംഗ് കുര്‍ത്തി, കറാച്ചി, പാക്കിസ്ഥാനി കുര്‍ത്തികള്‍ക്കാണ് ഡിമാന്റ് ഏറെയും. ലൈസ് വര്‍ക്കുള്ള കുര്‍ത്തികളാണ് വിപണിയില്‍ ഏറ്റവും അധികം വിറ്റഴിയുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
299 രൂപ മുതല്‍ മുകളിലേക്കാണ് ലോംഗ് കുര്‍ത്തിയുടെ വില. ഫാന്‍സി സാരികള്‍ക്കും ആവശ്യക്കാര്‍ കുറവല്ല. ചൈനീസ് കോളറുള്ള ഷര്‍ട്ടുകള്‍ക്കാണ് പുരുഷന്‍മാര്‍ ഏറെയും എത്തുന്നത്. ലിനന്‍ ഷര്‍ട്ടുകള്‍ക്കും വിപണി സജീവമാണ്. ജീന്‍സുകളില്‍ ആംഗിള്‍ വിറ്റ്, സ്‌കിന്നി എന്നിവയോടാണ് യുവാക്കള്‍ക്ക് പ്രിയം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആംഗിള്‍ വിറ്റിനായി എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
എന്നാല്‍ കൊല്ലം പരവൂരിലുണ്ടായ വെടിക്കെട്ട് അപകടം പടക്ക വിപണിയെ ഇന്നലെ സാരമായി ബാധിച്ചു. പടക്ക കടകളില്‍ കഴിഞ്ഞ ദിവസം വരെയുണ്ടായിരുന്ന തിരക്ക് ഇന്നലെ ഇല്ലായിരുന്നു. പോലീസിന്റെ കര്‍ശന പരിശോധന മൂലം കച്ചവടക്കാര്‍ പലരും പടക്കവില്‍പനയില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങിയിട്ടുമുണ്ട്. വിവിധ മോഡലുകളിലായി 6,600 പടക്കങ്ങളാണ് വിഷുവിനെ കൊഴുപ്പിക്കാന്‍ വിപണിയിലെത്തിയത് ചൈനീസ് പടക്കങ്ങള്‍ തന്നെയാണ് ഇത്തവണയും വിഷുവിപണി കൈയ്യടക്കിയത്. ആയിരം കോവ പടക്കങ്ങളുള്ള ആയിരം വാലയും 56 ജയന്റ് തുടങ്ങിയ ചൈനീസ് പടക്കങ്ങളുമാണ് ഇക്കുറി വിപണിയിലെ പ്രധാനികള്‍. 270 രൂപക്ക് ആയിരം കോവ പടക്കങ്ങള്‍ ലഭിക്കുന്നതോടെ ആയിരം വാലക്ക് ആവശ്യക്കാര്‍ കൂടുതലാണ്. ആകാശ വര്‍ണങ്ങള്‍ തീര്‍ക്കുന്ന ഷെല്‍ പടക്കങ്ങള്‍ക്കും ഇത്തവണ ആവശ്യക്കാര്‍ ഏറെയാണ്. 150 രൂപ മുതല്‍ 20,000 രൂപ വരെയാണ് ഷെല്‍ പടക്കങ്ങള്‍ക്ക് വില.

Latest