Connect with us

Kozhikode

മണ്ഡലങ്ങളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുമായി; പ്രചാരണം മുറുകുന്നു

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ മുന്നണികള്‍ അരയും തലയും മുറുക്കി ഗോദയിലേക്ക്. ഏറ്റവും ഒടുവില്‍ ജനതാദള്‍ യു മത്സരിക്കുന്ന രണ്ട് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളിലും ചിത്രം വ്യക്തമായത്.
ഏറ്റവും ആദ്യം ജില്ലയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് മുസ്‌ലിം ലീഗായിരുന്നു. എന്നാല്‍ തിരുവമ്പാടിയിലെ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള വിവാദം ഉയര്‍ന്നത് തുടക്കത്തില്‍ പ്രതിസന്ധിയുണ്ടാക്കി. പിന്നെ സി പി എം, സി പി ഐ, ബി ജെ പി, ഐ എന്‍ എല്‍, എസ് ഡി പി ഐ, എന്‍ സി പി, കേരള കോണ്‍ഗ്രസ് എം എന്നിവര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും ഇരു മുന്നണികളിലെയും ജനതാദളുകളിലെ തര്‍ക്കം കാരണം ജില്ലയിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള ചിത്രം അപൂര്‍ണമാവുകയായിരുന്നു.
ശനിയാഴ്ചയാണ് യുണൈറ്റഡ് ജനതാദളിലെ രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എലത്തൂരില്‍ കോര്‍പറേഷന്‍ അംഗം കൂടിയായ പി കിഷന്‍ചന്ദും വടകരയില്‍ ജില്ലാ സെക്രട്ടറി മനയത്ത് ചന്ദ്രനുമാണ് സ്ഥാനാര്‍ഥികള്‍. സിറ്റിംഗ് എം എല്‍ എമാരില്‍ മൂന്ന് പേരൊഴിച്ച് പത്ത് പേരും ഇത്തവണയും ജനവിധി തേടുന്നുണ്ട്. മത്സരിക്കാത്തവരില്‍ രണ്ട് പേര്‍ സി പി എമ്മുകരും ഒരാള്‍ മുസ്‌ലിം ലീഗുകാരനുമാണ്. ബേപ്പൂരില്‍ എളമരം കരീമും പേരാമ്പ്രയില്‍ കുഞ്ഞമ്മദ് മാസ്റ്ററുമാണ് സി പി എമ്മില്‍ നിന്ന് മത്സരിക്കാത്ത സിറ്റിംഗ് എം എല്‍ എമാര്‍.
തിരുവമ്പാടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗിലെ സി മോയിന്‍കുട്ടിയാണ് മത്സരിക്കാത്ത മറ്റൊരു ജനപ്രതിനിധി. മത്സരിക്കുന്നവരില്‍ ഒരാള്‍ മണ്ഡലം മാറിയിട്ടുണ്ട്. കൊടുവള്ളിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗിലെ വി എം ഉമ്മര്‍ മാസ്റ്റര്‍ ഇത്തവണ മത്സരിക്കുന്നത് തിരുവമ്പാടിയിലാണ്. സി കെ നാണു (വടകര), എ കെ ശശീന്ദ്രന്‍(എലത്തൂര്‍) പുരുഷന്‍ കടലുണ്ടി (ബാലുശേരി) കെ കെ ലതിക (കുറ്റിയാടി), പി ടി എ റഹീം(കുന്ദമംഗലം), ഡോ. എം കെ മുനീര്‍ (കോഴിക്കോട് സൗത്ത്), എ പ്രദീപ്കുമാര്‍(കോഴിക്കോട് നോര്‍ത്ത്), ഇ കെ വിജയന്‍ (നാദാപുരം), കെ ദാസന്‍ (കൊയിലാണ്ടി) എന്നിവരാണ് മത്സരിക്കുന്ന മറ്റ് സിറ്റിംഗ് എം എല്‍ എമാര്‍.
കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത് ബി ജെ പിയാണ്. പത്ത് സീറ്റിലാണ് ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. ഒമ്പത് സീറ്റുകളില്‍ സി പി എമ്മിന് സ്ഥാനാര്‍ഥികളുണ്ട്. കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും അഞ്ച് വീതം സ്ഥാനാര്‍ഥികളാണുള്ളത്. ജനതാദള്‍ യുവിന് രണ്ടും ജനതാദള്‍ എസ്, സി പി ഐ, എന്‍ സി പി, ഐ എന്‍ എല്‍, കേരള കോണ്‍ഗ്രസ് മാണി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സ്ഥാനാര്‍ഥികളും ജില്ലയിലുണ്ട്. ബി ജെ ഡി എസിന് മൂന്ന് സ്ഥാനാര്‍ഥികളുണ്ട്. എസ് ഡി പി ഐക്ക് രണ്ട് സ്ഥാനാര്‍ഥികളാണുള്ളത്. പി ഡി പിയും മൂന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മുസ്‌ലിം ലീഗ് മത്സരിച്ച കുന്ദമംഗലം ഇത്തവണ കോണ്‍ഗ്രസിന് വിട്ട് നല്‍കി കോണ്‍ഗ്രസ് മത്സരിച്ച ബാലുശേരി മുസ്‌ലിം ലീഗ് ഏറ്റെടുത്തിട്ടുണ്ട്.
തിരുവമ്പാടിയില്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥിയെക്കുറിച്ച് രൂപതയും മലയോര വികസന സമിതിയും ഉന്നയിച്ച പരാതിയും കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍ സുബ്രഹ്മണ്യനെതിരായി പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്‌നങ്ങളും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജയിച്ച് വരുന്ന കൊയിലാണ്ടി സീറ്റ് സി പി എം പിടിച്ചെടുത്തത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നായിരുന്നു. ഇത്തവണയും സ്ഥാനാര്‍ഥിക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നത് ജയ സാധ്യതയെ ബാധിക്കുമെന്ന് നേതൃത്വം കരുതുന്നു. വിമത സ്ഥാനാര്‍ഥിയുടെ രംഗ പ്രവേശം ഇല്ലാതാക്കാനുള്ള നീക്കങ്ങളും ശക്തമായി നടക്കുന്നുണ്ട്. ബാലുശേരി മുസ്‌ലിം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട പി കെ സുപ്രന്‍ അതെ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി രംഗത്ത് വന്നിട്ടുണ്ട്.
ജില്ലയില്‍ നിലവില്‍ എം എല്‍ എമാരില്ലാത്ത അവസ്ഥയില്‍ നിന്ന് മോചനം ലക്ഷ്യമിട്ടാണ് ഇത്തവണ കോണ്‍ഗ്രസ് പോരിനിറങ്ങുന്നത്. കൊയിലാണ്ടിയും കുന്ദമംഗലവുമാണ് അവര്‍ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മുന്നണികളുടെ വിവിധ തലങ്ങളിലുള്ള കണ്‍വെന്‍ഷനുകള്‍ നടന്നുവരികയാണ്. ഇടത് മുന്നണി കണ്‍വെന്‍ഷനുകള്‍ ഏറെക്കുറേ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ ആദ്യ ഘട്ട പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്നു. നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളുടെ ആദ്യ ഘട്ട പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പ്രധാന കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പ്രധാന വ്യക്തികളെ കാണുന്നതിനുമാണ് ആദ്യഘട്ട പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളെ ബന്ധപ്പെടുത്തി ഔദ്യോഗിക പര്യടന പരിപാടിയാണ് ഇനി നടക്കാനുള്ളത്. പ്രാദേശിക കേന്ദ്രങ്ങളില്‍ കുടുംബയോഗങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ പ്രചരണത്തിന്റെ ആവേശത്തിലേക്കാണ് പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും നീങ്ങുന്നത്.
ജില്ലയിലെ മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും:
ബേപ്പൂര്‍: വി കെ സി മമ്മദ്‌കോയ (സി പി എം),ആദം മുല്‍സി ( കോണ്‍ഗ്രസ്), കെ പി പ്രകാശ് ബാബു (ബി ജെ പി). കോഴിക്കോട് സൗത്ത്: ഡോ. എം കെ മുനീര്‍ (മുസ്‌ലിം ലീഗ്),പ്രൊഫ. എ പി അബ്ദുല്‍ വഹാബ് (ഐ എന്‍ എല്‍), കുറ്റിയില്‍ സതീശന്‍ (ബി ജെ ഡി എസ്). കോഴിക്കോട് നോര്‍ത്ത്: എ പ്രദീപ്കുമാര്‍ (സി പി എം),അഡ്വ. പി എം സുരേഷ് ബാബു (കോണ്‍ഗ്രസ്), കെ പി ശ്രീശന്‍ (ബി ജെ പി). എലത്തൂര്‍: എ കെ ശശീന്ദ്രന്‍ (എന്‍ സി പി), പി കിഷന്‍ചന്ദ് (ജനതാദള്‍ യു), വി വി രാജന്‍ (ബി ജെ പി). കൊയിലാണ്ടി: കെ ദാസന്‍ (സി പി എം), എന്‍ സുബ്രഹ്മണ്യന്‍ (കോണ്‍ഗ്രസ്), കെ രജനീഷ് ബാബു (ബി ജെ പി). വടകര: സി കെ നാണു (ജനതാദള്‍ എസ്), മനയത്ത് ചന്ദ്രന്‍ (ജനതാദള്‍ യു), എം രാജേഷ് കുമാര്‍ (ബി ജെ പി ), കെ രമ (ആര്‍ എം പി). നാദാപുരം: ഇ കെ വിജയന്‍ (സി പി ഐ ), അഡ്വ. പ്രവീണ്‍ കുമാര്‍ (കോണ്‍.), എം പി രാജന്‍ (ബി ജെ പി). കുറ്റിയാടി: കെ കെ ലതിക (സി പി എം), പാറക്കല്‍ അബ്ദുല്ല ( മുസ്‌ലിം ലീഗ്), രാംദാസ് മണലേരി (ബി ജെ പി). പേരാമ്പ്ര: ടി പി രാമകൃഷ്ണന്‍ (സി പി എം), മുഹമ്മദ് ഇക്ബാല്‍ (കേരള കോണ്‍. എം), കെ സുകുമാരന്‍ നായര്‍ (ബി ജെ ഡി എസ്). കൊടുവള്ളി: എം എ റസാഖ് (മുസ്‌ലിം ലീഗ്), കാരാട്ട് റസാഖ് (ഇടതുസ്വതന്ത്രന്‍), അലി അക്ബര്‍ (ബി ജെ പി). തിരുവമ്പാടി: വി എം ഉമ്മര്‍ മാസ്റ്റര്‍ (മുസ്‌ലിം ലീഗ്), ജോര്‍ജ് തോമസ് (സി പി എം), ഗിരി പാമ്പനാല്‍ (ബി ജെ ഡി എസ്). ബാലുശേരി: പുരുഷന്‍ കടലുണ്ടി (സി പി എം), യു സി രാമന്‍ (മുസ്‌ലിം ലീഗ്), പി കെ സുപ്രന്‍ (ബി ജെ പി). കുന്ദമംഗലം: പി ടി എ റഹീം ( ഇടതുസ്വതന്ത്രന്‍) ടി സിദ്ദീഖ് (കോണ്‍.), സി കെ പത്മനാഭന്‍ (ബി ജെ പി).

---- facebook comment plugin here -----

Latest