Connect with us

National

ശബരിമലയിലെ സ്ത്രീകളുടെ വിലക്ക് : ഭരണഘടനപരമായി നിലനില്‍ക്കില്ലെന്ന്്് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനത്തിനുള്ള വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ദീപക് മിശ്ര, പിനാകി ചന്ദ്രഘോഷ്, എന്‍ വി രമണ എന്നിവരടങ്ങിയ ബഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. ആര്‍ത്തവം സ്ത്രീകളുടെ ശാരീരിക അവസ്ഥയാണെന്നും ഇതിന്റെ പേരില്‍ ഇവരെ ക്ഷേത്രപ്രവേശനത്തില്‍ നിന്ന് വിലക്കുന്നത് ശരിയല്ലെന്നും നിരീക്ഷിച്ച കോടതി, പത്തിനും അറുപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്നതെന്തിനാണെന്നും 41 ദിവസം വ്രതം എടുത്താണ് പുരുഷന്‍മാര്‍ ശബരിമലയില്‍ എത്തുന്നത് എന്നതിന് എന്ത് ഉറപ്പാണുള്ളതെന്നും ചോദിച്ചു. വനിതകള്‍ ദേവനെ ആരാധിക്കുന്നത് തടയാന്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് എന്ത് അധികാരമാണുള്ളത്? ദൈവത്തെ ആര്‍ക്കും ആരാധിക്കാം, കാരണം ദൈവം സര്‍വവ്യാപിയാണ് സുപ്രീം കോടതി പരാമര്‍ശിച്ചു. വിശ്വാസത്തിന്റെ പേരിലാണ് സ്ത്രീകളെ വിലക്കിയതെന്ന വാദത്തോടും കോടതി യോജിച്ചില്ല. മതാചാരങ്ങളുടെ അടിസ്ഥാനത്തിലല്ല, ഭരണഘടന മുന്‍നിര്‍ത്തിയാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
രാജ്യത്തെ നിയമത്തിന് അനുസൃതമായേ ഈ കേസില്‍ വിധി പറയാന്‍ കഴിയൂ. ഭരണഘടനാ വ്യവസ്ഥകളെ ആചാരങ്ങള്‍ക്ക് മറികടക്കാനാകുമോ എന്നും സുപ്രീം കോടതി ആരാഞ്ഞു. കേസില്‍ സര്‍ക്കാറിന്റേത് പരസ്പരവിരുദ്ധ നിലപാടാണെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, ഭിന്നലിംഗക്കാര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് നിലവില്‍ തടസ്സമില്ലെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ കേസ് പരിഗണിച്ച കോടതി സ്ത്രീകള്‍ക്കുള്ള വിലക്ക് ലിംഗസമത്വത്തിന് എതിരെയുള്ള ഭീഷണിയാണെന്നതാണ് കേസിനെ ഗൗരവകരമാക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, ആചാരങ്ങളുടെയും മതങ്ങളുടെയും ശരിതെറ്റുകള്‍ പരിശോധിക്കുന്നില്ലെങ്കിലും സ്ത്രീ പ്രവേശനം നിഷേധിക്കുന്നതിലെ സാധുതയെന്തെന്നും ഭരണഘടന നല്‍കുന്ന അധികാരം മറികടക്കാന്‍ പാരമ്പര്യങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ സാധിക്കുമോയെന്നും കോടതി ചോദിച്ചു. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഇഷ്ടമുണ്ടോ എന്നതിനപ്പുറം, പ്രവേശനം നിഷേധിക്കപ്പെടുന്നുവെന്നതാണ് പ്രധാനം. മതത്തിന്റെ ശരിതെറ്റുകള്‍ പരിശോധിക്കുകയല്ല, ഭരണഘടനക്ക് അനുസൃതമായി കാര്യങ്ങള്‍ കാണുകയാണ് കോടതി ചെയ്യുന്നതെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
അതേസമയം, ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അമിക്കസ്‌ക്യൂറിയിലും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest