Connect with us

Editorial

വയോജന സംരക്ഷണം ഉറപ്പാക്കണം

Published

|

Last Updated

വയോജനങ്ങള്‍ക്ക് മതിയായ പരിചരണവും സുരക്ഷയും ലഭിക്കുന്നതിനാവശ്യമായ പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. പ്രായമായവര്‍ക്ക് ഭക്ഷണം, താമസ സൗകര്യം, വൈദ്യസഹായം, മുതലായവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബഞ്ച് നിര്‍ദേശിക്കുകയുണ്ടായി. മുന്‍ കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ഉത്തരവ്. വയോജനങ്ങളില്‍ ബഹുഭൂരിഭാഗത്തിന്റെയും ജീവിതം ദുരിത പൂര്‍ണമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം വിവിധ പദ്ധതികള്‍ക്കായി ലക്ഷം കോടികള്‍ ചിലവിടുമ്പോള്‍ വൃദ്ധജന ക്ഷേമത്തിന് നീക്കിവെക്കുന്നത് കേവലം 25 കോടി മാത്രമാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വയോജനങ്ങളുടെ പരിചരണത്തില്‍ ഇന്ത്യ വളരെ പിറകിലാണ്. ഇവരുടെ ജീവിത നിലവാരവുമായി ബന്ധപ്പെട്ട് യു എന്‍ നിര്‍ദേശാനുസാരം തയ്യാറാക്കിയ ഗ്ലോബല്‍ ഏജ് വാച്ചിംഗ് ഇന്‍ഡക്‌സ്- 2013 പ്രകാരം 91 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 73-ാം സ്ഥാനത്താണ്. പ്രായമേറിയവരുടെ ആരോഗ്യം, തൊഴില്‍, വരുമാനം, ചുറ്റുപാടുകള്‍എന്നിവ മാനദണ്ഡമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഹെല്‍പ് ഏജ് ഇന്ത്യയുടെ സര്‍വേ പ്രകാരം വയോജനങ്ങളില്‍ 58 ശതമാനവും സ്വന്തം ആവശ്യത്തിനുള്ള വരുമാനമില്ലാത്തവരാണ്. വിവിധ രോഗങ്ങള്‍ ബാധിച്ച ഇവരില്‍ പലര്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നുമില്ല. നല്ലൊരു ശതമാനത്തിനും ശരിയായ ഭക്ഷണം പോലുമില്ലെന്നും സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. നിലവില്‍ ഇന്ത്യയില്‍ 10.30 കോടി വയോജനങ്ങളാണുള്ളത്. 2021-ഓടെ ഇത് 14.3 കോടിയാകും.
വലിയൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണിന്ന് വയോജന സംരക്ഷണം. ജീവിതത്തിന്റെ വസന്തകാലം മുഴുക്കെ കുടുംബത്തിനും സമൂഹത്തിനുമായി വിനിയോഗിച്ചവര്‍ക്ക് ജീവിതത്തിന്റെ സായാഹ്നത്തില്‍ ആവശ്യമായ പരിചരണവും സഹാനുഭൂതിയും ലഭിക്കുന്നില്ല. ജീവന് തുല്യം സ്‌നേഹിച്ചു വളര്‍ത്തി വലുതാക്കിയ മക്കള്‍ തന്നെ അവരെ അധികപ്പറ്റായി കാണുകയും വഴിയോരങ്ങളിലും വൃദ്ധമന്ദിരങ്ങളിലും തള്ളുകയുമാണ്. വൃദ്ധ സദനമെന്നത് അടുത്ത കാലം വരെ നമുക്ക് ഉള്‍ക്കൊള്ളാനാകാത്ത പാശ്ചാത്യന്‍ സംസ്‌കാരമായിരുന്നുവെങ്കില്‍ നമ്മുടെ നാടുകളിലെങ്ങും ഇന്ന് അത്തരം സദനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ടവരും നിരാംലംബരുമായ വൃദ്ധര്‍ക്കുവേണ്ടി സംസ്ഥാനത്ത് അഞ്ഞൂറിലധികം വൃദ്ധസദനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതിവേഗം വൃദ്ധസദനങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ് “സാംസ്‌കാരിക കേരളം”.
വയോജനങ്ങളുടെ അവകാശ സംരക്ഷണത്തിന് റെഗുലേറ്ററി ബോര്‍ഡ് രൂപവത്കരിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇതനുസരിച്ചു കേരളത്തില്‍ രൂപവത്കരിച്ച സമിതി വിവിധ ജില്ലകളില്‍ സിറ്റിംഗ് നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇതിനിടെ കേന്ദ്ര നിയമമന്ത്രി ഡി വി സദാനന്ദ ഗൗഡക്കും സാമൂഹികക്ഷേമ മന്ത്രി താവര്‍ചന്ദ് ഗെഹലോട്ടിനും സമര്‍പ്പിക്കുകയുണ്ടായി. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിന് കേന്ദ്രം അനുവദിക്കുന്ന തുക വര്‍ധിപ്പിക്കുക, എല്ലാ ജില്ലകളിലും മുതിര്‍ന്നവര്‍ക്കായി പ്രത്യേക ഭവനം, നിലവിലെ പ്രയോജനകരമായ നിയമങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തില്‍ നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തുക തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍.
നിയമപരമായ സംരക്ഷണത്തിനപ്പുറം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള സ്‌നേഹവും സ്വാന്തനവും പരിചരണവുമാണ് വയോജനങ്ങള്‍ക്ക് ഏറ്റവും ആവശ്യം. വൃദ്ധസദനങ്ങളില്‍ എത്ര തന്നെ സൗകര്യങ്ങളുണ്ടായാലും വേണ്ടപ്പെട്ടവരുടെ സ്‌നേഹ പരിലാളനകള്‍ ഏറ്റുവാങ്ങി ജീവിക്കുമ്പോഴുണ്ടാകുന്ന മാനസിക സംതൃപ്തിയും ആശ്വാസവും ഒന്നു വേറെ തന്നെയാണ്. പ്രായം ചെല്ലുമ്പോള്‍ ഒരോ വ്യക്തിയും ആഗ്രഹിക്കുന്നതും അതാണ്. സ്വന്തക്കാരില്‍ നിന്ന് സ്‌നേഹപൂര്‍ണമായ തലോടലും കുശലാന്വേഷണവുമാണ് അവര്‍ക്കാവശ്യം. പ്രായമായവരെ അധികപ്പറ്റായി കാണാതെ വാര്‍ധക്യം തന്നെയും കാത്തിരിക്കുന്നുണ്ടെന്നും കടന്നു പോകുന്ന ഓരോ നിമിഷവും വാര്‍ധക്യത്തിലേക്കുള്ള ദൂരം കുറക്കുകയാണെന്നുമുള്ളബോധത്തോടെ മുതിര്‍ന്നവരെ സംരക്ഷിക്കാനുള്ള സന്നദ്ധതയും അര്‍പ്പണ ബോധവും യുവതലമുറ ഉള്‍ക്കൊള്ളേണ്ടതുണ്ട്. നിയമപരമായ പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തില്‍ ഇത്തരമൊരു ബോധവും ചിന്താഗതിയും വളര്‍ത്തിയെടുക്കാനുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മത, സാംസ്‌കാരിക സംഘടനകളുടെ സഹകരണം ലഭ്യമാക്കാകുന്നതുമാണ്.

---- facebook comment plugin here -----

Latest