Connect with us

Ongoing News

എന്‍ ഐ ടി ശ്രീനഗറില്‍ നിന്ന് മാറ്റില്ല: മെഹ്ബൂബ

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ ഐ ടി) ശ്രീനഗറില്‍ നിന്ന് മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തള്ളി. മുഖ്യമന്ത്രിപദമേറ്റെടുത്ത ശേഷം ആദ്യമായി ഡല്‍ഹി സന്ദര്‍ശിച്ച അവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചക്കാണ് മെഹ്ബൂബ ഡല്‍ഹിയിലെത്തിയത്. 45 മിനുട്ടുകളോളം രാജ്‌നാഥ് സിംഗുമായി അവര്‍ ചര്‍ച്ച നടത്തി. പി ഡി പി- ബി ജെ പി സഖ്യകക്ഷി സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റതിലുള്ള കടപ്പാട് അറിയിക്കാനുള്ള കൂടിക്കാഴ്ച മാത്രമായിരുന്നു ഇതെന്നായിരുന്നു ഇതേക്കുറിച്ചുള്ള മെഹ്ബൂബയുടെ വിശദീകരണം. അതേസമയം, സംസ്ഥാനത്ത് നിലനില്‍ക്കുന്ന വിദ്യാര്‍ഥി സംഘര്‍ഷങ്ങളെ കുറിച്ചും ക്രമസമാധാനത്തെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായാണ് വിവരം. എന്‍ ഐ ടിയില്‍ പഠിക്കുന്ന സംസ്ഥാനത്തിന് വെളിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുന്നുവെന്നാരോപിച്ച് പ്രതിഷേധത്തിലാണ്.
പല വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം ആരംഭിച്ച പരീക്ഷകള്‍ എഴുതിയിട്ടില്ലെന്നും ഇവര്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അറിയിച്ചു.

---- facebook comment plugin here -----

Latest