Connect with us

Kannur

കൂത്തുപറമ്പ്: തിരിച്ചുപിടുത്തമോ ചരിത്രാവര്‍ത്തനമോ...?

Published

|

Last Updated

കെ കെ ശൈലജ, കെ പി മോഹനന്‍, സദാനന്ദന്‍

വൈകാരികമായി സി പി എമ്മിന് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് കൂത്തുപറമ്പ്. അഞ്ചു യുവസഖാക്കളെ രക്തസാക്ഷികളാക്കിയ വെടിവെപ്പിന്റെ മുഴക്കം വിട്ടൊഴിയാതെ നില്‍ക്കുന്ന പ്രദേശം. പക്ഷേ, കാലപ്രവാഹത്തില്‍ കൂത്തുപറമ്പിന്റെ നിറത്തിനും മാറ്റമുണ്ടായി. മണ്ഡല പുനര്‍നിര്‍ണയ ശേഷം നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് കൂത്തുപറമ്പ് വലതുപക്ഷത്തേക്കു ചാഞ്ഞു. എന്നാല്‍ മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കാന്‍ സര്‍വസന്നാഹങ്ങളുമായി സി പി എമ്മും ശക്തിതെളിയിക്കാന്‍ ബി ജെ പി യും രംഗത്തിറങ്ങുമ്പോള്‍ കൂത്തുപറമ്പിലെ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്.

പ്രമുഖ സോഷ്യലിസ്റ്റായ പി ആര്‍ കുറുപ്പിന്റെ തട്ടകമായിരുന്നു ഒരു കാലത്ത് കൂത്തുപറമ്പ്, പെരിങ്ങളം മണ്ഡലങ്ങള്‍. 1957 ലും 60 ലും പി എസ് പി സ്ഥാനാര്‍ഥിയായി പി ആര്‍ കുറുപ്പ് കൂത്തുപറമ്പില്‍ ജയിച്ചു. 1965, 67, 77, 87, 96 കാലഘട്ടങ്ങളില്‍ പെരിങ്ങളത്ത് നിന്നും പി ആര്‍ ജയിച്ചു കയറി. എസ് എസ് പി, ഐ എസ് പി, ജനത, ജനതാദള്‍ എന്നീ ലേബലിലായിരുന്നു കുറുപ്പിന്റെ പെരിങ്ങളം വിജയങ്ങള്‍. 2001 ല്‍ എംഎല്‍ എയായിരിക്കെയാണ് കുറുപ്പിന്റെ മരണം. പിന്നെ മകനായ കെ പി മോഹനന്റെ ഊഴമായി.
2001 ലും 2006 ലും മോഹനന്‍ പെരിങ്ങളത്തുനിന്ന് ഇടതുസ്ഥാനാര്‍ഥിയായി നിയമസഭയിലെത്തി. പെരിങ്ങളം പിന്നീട് ഇല്ലാതായി കൂത്തുപറമ്പിനൊപ്പമായി. ജനതാദള്‍ പിളരുകയും കെ പി മോഹനന്റെ പക്ഷം യു ഡി എഫിലെത്തുകയും ചെയ്തു.
KOOTHUPARAMBA 2പിണറായി വിജയന്‍, എം വി രാഘവന്‍, പി വി കുഞ്ഞിക്കണ്ണന്‍, കെ പി മമ്മു മാസ്റ്റര്‍, കെ കെ ശൈലജ, പി ജയരാജന്‍ എന്നിവരാണ് കൂത്തുപറമ്പില്‍നിന്നു നിയമസഭയിലെത്തിയ സിപിഎം നേതാക്കള്‍. 2001ല്‍ ജയിച്ച പി ജയരാജന് കോടതി വിധിയിലൂടെ എം എല്‍ എ സ്ഥാനം നഷ്ടപ്പെട്ടു. തുടര്‍ന്ന് 2005ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 45,377 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിനു വീണ്ടും ജയിച്ചു. 2006ലും ജയരാജന്‍ തിരഞ്ഞെടുക്കപ്പെട്ടു. 1970 മുതല്‍ നടന്ന പത്ത് തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ച സി പി എം കഴിഞ്ഞ തവണ മത്സരിക്കാതെ മാറി നിന്നു. ഐ എന്‍ എല്ലിന്റെ എസ് എ പുതിയവളപ്പിലായിരുന്നു കെ പി മോഹനന്റെ എതിര്‍ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ ഇവിടെ കെ പി മോഹനന്റെ വിജയം 3,303 വോട്ടിനായിരുന്നു.
യു ഡി എഫ് ഘടകകക്ഷിയായ ജനതാദള്‍-യുവിന്റെ സ്ഥാനാര്‍ഥി കെ പി മോഹനന്‍ തന്നെയാണ് ഇത്തവണയും യു ഡി എഫിന്റെ സ്ഥാനാര്‍ഥി. എന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സി പി എം നിയോഗിച്ചതാവട്ടെ കേന്ദ്രകമ്മിറ്റിയംഗവും മഹിളാനേതാവുമായ കെ കെ ശൈലജയെ. അതേസമയം സംഘ്പരിവാറിന് നല്ല സ്വാധീനമുള്ള മണ്ഡലത്തില്‍ ആര്‍ എസ് എസ് നേതാവ് സി സദാനന്ദനാണ് ബി ജെ പി സ്ഥാനാര്‍ഥി.
മോഹനന്‍ തന്നെ ഇത്തവണ യു ഡി എഫ് സ്ഥാനാര്‍ഥിയാകാനെത്തിയതോടെയാണ് കൂത്തുപറമ്പ് പിടിച്ചെടുക്കുക എന്നത് അഭിമാന പ്രശ്‌നമായ സി പി എം ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കാതെ സ്വയം മത്സരത്തിനിറങ്ങിയത്. 2014 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍ വരുന്ന കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് 4,725 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി.
യു ഡി എഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ച തിരഞ്ഞെടുപ്പിലാണ് കൂത്തുപറമ്പില്‍ ഇടതിന് ഭൂരിപക്ഷം കിട്ടിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ ഡിഎഫിനാണ് മുന്‍തൂക്കം. മണ്ഡല പരിധിക്കുള്ളില്‍ വരുന്ന കൂത്തുപറമ്പ് നഗരസഭയിലും മൊകേരി, പാട്യം, കോട്ടയം പഞ്ചായത്തുകളിലും ഇടതിന് വന്‍ഭൂരിപക്ഷം കിട്ടിയപ്പോള്‍ പാനൂര്‍ നഗരസഭയിലും തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിലുമാണ് യുഡി എഫിന് മേല്‍ക്കൈ നേടാനായത്. കൂത്തുപറമ്പ് നഗരസഭയിലെ 28 ഡിവിഷനുകളില്‍ 27 ഉം എല്‍ ഡി എഫ് സ്വന്തമാക്കിയിരുന്നു.
വികസന പ്രവര്‍ത്തനങ്ങളുടെ കണക്കില്‍ കെ പി മോഹനന് വിജയസാധ്യതയുണ്ടെങ്കിലും വോട്ട് കണക്കുകള്‍ എല്‍ ഡി എഫിന് അനുകൂലമാണ്. മന്ത്രിയെന്ന നിലയില്‍ കെ പി മോഹനനുള്ള മികച്ച പ്രതിച്ഛായ വികസനപ്രവര്‍ത്തനങ്ങളുടെ നീണ്ടപട്ടികയും തിരഞ്ഞെടുപ്പില്‍ തുണയാകുമെന്നാണ് യു ഡി എഫിന്റെ കണക്കുകൂട്ടല്‍. മിനി സിവില്‍ സ്റ്റേഷന്‍, കൃഷി മേഖലാ ഡയറക്ടറേറ്റ്, കാംകോയുടെ കാര്‍ഷികോപകരണ നിര്‍മാണ യൂനിറ്റ്, ഗവ. ഐ ടി ഐ തുടങ്ങിയവ എടുത്തുപറയുന്നു. ഒപ്പം വ്യക്തിബന്ധങ്ങള്‍ ഏറെയുണ്ടെന്ന ആത്മവിശ്വാസവും മോഹനനുണ്ട്.
ആദ്യമായി നിയമസഭാംഗമാക്കിയ മണ്ഡലത്തിലേക്കുള്ള തിരിച്ചുവരവാണ് കെ കെ ശൈലജക്ക് ഈ മത്സരം. അതുകൊണ്ട് തന്നെ പഴയ തട്ടകത്തിലുള്ള ബന്ധങ്ങള്‍ തുണയാകുമെന്നാണ് ശൈലജയുടെ കണക്കുകൂട്ടല്‍.ലോക്‌സഭാ-തദ്ദേശതിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റമാണ് ഈ കണക്കുകൂട്ടലിന് പ്രധാന കാരണം. സി പി എമ്മിന്റെ പ്രധാന നേതാക്കളെല്ലാം ഇത്തവണ ഇവിടെ ക്യാമ്പ്് ചെയ്ത് തിഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു തുടങ്ങിയിട്ടുമുണ്ട്. പരമാവധി വോട്ടുകള്‍ ഇടത് പാളയത്തിലേക്കെത്തിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം.
ബി ജെ പിക്ക് വോട്ട് ബേങ്കുള്ള ജില്ലയിലെ അപൂര്‍വം സ്ഥലങ്ങളിലൊന്നാണ് മണ്ഡലത്തില്‍ വരുന്ന പാനൂര്‍ മേഖല. ഒ കെ വാസു സ്ഥാനാര്‍ഥിയായ കഴിഞ്ഞതവണ 11,835 വോട്ട് ബി ജെ പി നേടി. ഒ കെ വാസു ഇപ്പോള്‍ സിപിഎമ്മിലാണെങ്കിലും തങ്ങളുടെ വോട്ട് വര്‍ധിപ്പിക്കുമെന്നാണു ബി ജെ പി നേതൃത്വം പറയുന്നത്.
ഇവര്‍ പിടിക്കുന്ന വോട്ടിനു ജയ പരാജയങ്ങള്‍ നിര്‍ണയിക്കാനുളള്ള ശക്തിയുണ്ട്. കണ്ണൂര്‍ സ്വദേശിയായ സദാനന്ദന്‍ വര്‍ഷങ്ങളായി തൃശൂര്‍ ജില്ലയിലെ പേരാമംഗലം സ്‌കൂളിലെ അധ്യാപകനായിരുന്നു. ആര്‍ എസ് എസിന്റെ തൃശൂര്‍ ജില്ലാനേതാവ് കൂടിയായിരുന്ന അദ്ദേഹത്തിന് 1994ല്‍ കണ്ണൂര്‍ ഉരുവച്ചാലില്‍ നിന്ന് രാഷ്ര്ട്രീയ എതിരാളികളുടെ അക്രമത്തില്‍ ഇരുകാലുകളുംമുട്ടിനു താഴെ നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ കണ്ണൂരിലെ അക്രമരാഷ്ട്രീയം വിഷയമാക്കി സഹതാപ വോട്ടുകള്‍ പിടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി