Connect with us

National

പനാമ രേഖയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: പനാമ രേഖയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, മരുമകളും നടിയുമായ ഐശ്വര്യ റായ്, അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഡിഎല്‍എഫ് ഉടമ കെപി സിംഗ്, അദ്ദേഹത്തിന്റെ ഒമ്പത് കുടുംബാംഗങ്ങള്‍, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ 50 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. പനാമ പേപ്പേഴ്‌സില്‍ ഉള്‍പ്പെട്ട ഇന്ത്യാക്കാര്‍ തങ്ങള്‍ തന്നെയാണോ എന്ന് വിശദീകരിക്കാനാണ് ആദ്യത്തെ ചോദ്യാവലിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനകം ഈ ചോദ്യാവലിക്ക് മറുപടി നല്‍കണം. രണ്ടാമത്തെ ചോദ്യാവലി കുറച്ചു കൂടി വിശാലമായതാണ്. വിദേശത്തെ കമ്പനികളുമായി സഹകരിക്കുന്‌പോള്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ, നിക്ഷേപം തുടങ്ങുന്നതിന് പണം എങ്ങനെ നല്‍കി, നിക്ഷേപമുള്ള കന്പനിയിലെ ഓഹരി വിവരങ്ങള്‍, അതിലൂടെ ഉണ്ടായ സാന്പത്തിക നേട്ടങ്ങള്‍, പനാമ അക്കൗണ്ടിലെ ബാങ്കിംഗ് ഇടപാടുകള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കാനാണ് രണ്ടാമത്തെ ചോദ്യാവലിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 20 ദിവസത്തിനകം ഇതിന് മറുപടി നല്‍കണം.വിദേശത്തെ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബഹുമുഖ ഏജന്‍സിയെ നിയോഗിച്ചതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി.

Latest