Connect with us

Kerala

വെടിക്കെട്ട് ദുരന്തം: ദാരുണ നിമിഷങ്ങള്‍ പങ്കുവെച്ച് അഗ്നിശമന സേനാംഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

Published

|

Last Updated

ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന രതീഷ്

തൃശൂര്‍: കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിന് ദുരന്തഭൂമിയില്‍ ഉണ്ടായിരുന്ന അഗ്നിശമനസേനാംഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കൊല്ലം കടപ്പാക്കട സ്റ്റേഷനിലെ കരുനാഗപ്പള്ളി സ്വദേശിയായ എന്‍ ബി രതീഷിന്റൈ ഫേസ്ബുക്ക് കുറിപ്പാണ് നാടിനെ നടുക്കിയ ദുരന്തത്തിന്റെ വ്യാപ്തി വിളിച്ചോതുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 3.35നാണ് കടപ്പാക്കട അഗ്നി രക്ഷാ നിലയത്തിലെ രക്ഷാസംഘം ദുരന്തഭൂമിയിലേക്ക് തിരിച്ചതെന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പില്‍ ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ക്ക് നടുവില്‍ ജീവന്റെ തുടിപ്പ് മനസ്സിലാക്കാന്‍ നന്നേപാട്‌പെടേണ്ടി വന്നുവെന്ന് പറയുന്നു. രക്തത്തില്‍ കുളിച്ച് ശരീരമാസകലം പൊള്ളി വീര്‍ത്ത് അരക്ക് താഴെ കോണ്‍ക്രീറ്റ് പില്ലറിനടിയില്‍പെട്ട് ബോധം നഷ്ടപ്പെടാതെ രണ്ട് മണിക്കൂര്‍ കമിഴ്ന്നു കിടന്ന പേരറിയാത്ത ഒരാള്‍ “സാറേ, എനിക്കൊന്ന് തിരിഞ്ഞ് കിടക്കണം എന്റെ നെഞ്ച് വേദനിക്കുന്നു സാറേ” എന്ന് രക്ഷാ സംഘത്തോട് കെഞ്ചിയതായും കുറിപ്പിലുണ്ട്. എന്നാല്‍ ഇദ്ദേഹത്തെ ജീവനോടെ പുറത്തെടുത്തുവെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങിയതായി കുറിപ്പ് സൂചന നല്‍കുന്നു. അനുഭവക്കുറിപ്പ് രതീഷ് ഫേസ്ബുക്കില്‍ കുറിച്ച് 18 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 800 കണക്കിനാളുകള്‍ ഇത് പങ്ക് വെച്ചിട്ടുണ്ട്. ദുരന്തഭൂമിയിലെ മാലാഖമാരാണ് രക്ഷാപ്രവര്‍ത്തകരെന്ന് ഈ കുറിപ്പിന് പ്രതികരണമായി നിരവധി പേര്‍ കുറിച്ചിട്ടു.

എട്ട് വര്‍ഷമായി രക്ഷാ പ്രവര്‍ത്തന രംഗത്ത് സജീവമായുള്ള രതീഷിന്റെ ജീവിതത്തില്‍ ഇതിനേക്കാള്‍ നടുക്കിയ ദുരന്ത ദിനം ഉണ്ടായിട്ടില്ലെന്ന് ഇദ്ദേഹം സിറാജിനോട് പറഞ്ഞു. 2009 മാര്‍ച്ച് രണ്ടിന് ഏഴ് പേരുടെ ജീവന്‍ പൊലിഞ്ഞ പാലക്കാട് തൃത്താലയിലെ പടക്ക നിര്‍മാണ സ്ഥലത്തുണ്ടായ സ്‌ഫോടനത്തിലും ഇദ്ദേഹം കര്‍മ രംഗത്തുണ്ടായിരുന്നു. കായംകുളം, വടക്കുംചേരി, ചാലക്കുടി എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ സേവനം അനുഷ്ഠിച്ച രതീഷ് മൂന്ന് മാസം മുമ്പാണ് കൊല്ലം കടപ്പാക്കട സ്റ്റേഷനിലെത്തിയത്.