Connect with us

National

കര്‍ണാടകയില്‍ ചക്കക്ക് പ്രിയമേറെ

Published

|

Last Updated

ബെംഗളൂരു:മലയാളിക്ക് വേണ്ടാത്ത ചക്കക്ക് കര്‍ണാടകയില്‍ വമ്പിച്ച പ്രിയം. സീസണായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വഴിയോരങ്ങളില്‍ ചക്ക വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ചക്കക്കു പുറമേ കര്‍ണാടകയിലെ തുംകൂറില്‍ നിന്നുള്ള ഇനവും മാര്‍ക്കറ്റില്‍ സുലഭമാണ്. ഡിമാന്‍ഡ് പോലെ വില കേട്ടാലും ഞെട്ടും. ചുളയൊന്നിന് ഈടാക്കുന്നത് ഏഴ് മുതല്‍ 10 രൂപ വരെ.

കേരള ചക്കക്ക് തൊലിയോടെ കിലോക്ക് 40 രൂപയും ചുള മാത്രമാണെങ്കില്‍ 140 രൂപയും വില വരും. എന്നാല്‍, തുംകൂര്‍ ഇനത്തിന് നല്ല ഡിമാന്‍ഡും കൂടുതല്‍ വിലയുമുണ്ട്. കേരള ചക്കയെ അപേക്ഷിച്ച് ചുളക്ക് വലിപ്പം കൂടുതലും തൊലിയും മറ്റും കുറവുമാണത്രെ ഇവക്ക്. ബെംഗളൂരുവിലെ പ്രധാന പഴം, പച്ചക്കറി വിപണിയായ കെ ആര്‍ മാര്‍ക്കറ്റിലും യശ്വന്ത്പൂരിലും ചക്കയുടെ മൊത്ത വിപണിയും സജീവമാണ്. ദിവസം 100 കിലോയോളം ചക്ക സ്വന്തമായി വിറ്റഴിക്കുന്നതായി ബെംഗളൂരു അള്‍സൂരിലെ തെരുവ് വില്‍പ്പനക്കാരന്‍ ബാഷ പറഞ്ഞു.
അതേസമയം, ചക്കയുടെ ഔഷധ ഗുണം സംബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്ല പ്രചാരണം നടക്കുന്നുണ്ട്. പച്ചച്ചക്ക പ്രമേഹത്തിന് മരുന്നാണെന്നതിന് പുറമേ, ചക്കക്കുരുവും അതിന്റെ തൊലിയുമെല്ലാം മാരകമായ പല രോഗങ്ങളേയും പ്രതിരോധിക്കാനാകുന്നതാണെന്ന കണ്ടെത്തലും ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
ചക്കയുടെ ഔഷധ ഗുണം മുതലെടുത്തുകൊണ്ട് ഇവ ഉപയോഗിച്ച് വിവിധ തരം ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. പാക്കറ്റ് ഭക്ഷണ നിര്‍മാതാക്കള്‍ക്കിടയില്‍ ചക്കയുടെ വിവിധ തരം ഉത്പന്നങ്ങളെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുന്നതായി ബെംഗളൂരുവിലെ പ്രധാന വ്യാപാരി അറിയിച്ചു.

Latest