Connect with us

Gulf

താമസവാടകയുടെ മൂന്ന് ശതമാനം മുനിസിപ്പല്‍ ഫീ ഈടാക്കും

Published

|

Last Updated

അബുദാബി: അബുദാബിയില്‍ ഇനിമുതല്‍ താമസവാടകയുടെ മൂന്ന് ശതമാനം മുനിസിപ്പല്‍ ഫീസായി വിദേശികള്‍ നല്‍കണം. വാര്‍ഷിക വാടകയുടെ മൂന്ന് ശതമാനമാണ് ഓരോ വര്‍ഷവും നല്‍കേണ്ടത്. അബുദാബി വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി അതോറിറ്റി തവണകളായിട്ടാണ് ഫീസ് കളക്ട് ചെയ്യുക. 450 ദിര്‍ഹമാണ് ഒരുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഫീ. അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ തീരുമാനത്തില്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിശ്ചിത തുക കണക്കാക്കാതെ എല്ലാ മാസവും ഫീ കളക്ട് ചെയ്യുമെന്നും ഇത് താമസക്കാര്‍ക്ക് വളരെ എളുപ്പമാണെന്നും ലാന്റ് ആന്റ് പ്രോപ്പര്‍ട്ടി ഡിപ്പാര്‍ട്‌മെന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ ബലൂശി പറഞ്ഞു.
സമാനമായ മുനിസിപ്പല്‍ ഫീ മറ്റു എമിറേറ്റുകളിലും നടപ്പാക്കിയിട്ടുണ്ട്. ദുബൈയില്‍ ഇത് വാര്‍ഷിക വരുമാനത്തിന്റെ അഞ്ച് ശതമാനമാണ്. ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിക്കാണ് ഇത് പിരിച്ചെടുക്കുന്നതിന്റെ ചുമതല. ഷാര്‍ജയില്‍ ഇത് 2.5 ശതമാനമാണ്. വാടകക്കരാര്‍ പുതുക്കുന്ന സമയത്താണ് ഇത് നല്‍കേണ്ടത്. മാസാമാസം മുനിസിപ്പല്‍ ഫീ കളക്ട് ചെയ്യാനുള്ള തീരുമാനം ഭാരം കുറക്കുന്നതാണെന്ന് മിക്ക താമസക്കാരും അഭിപ്രായപ്പെട്ടു.

Latest