Connect with us

Articles

ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും...

Published

|

Last Updated

ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും…
എന്ന വൈലോപ്പിള്ളിയുടെ വരികളോര്‍ത്താണ് മലയാളി ഇന്ന് വിഷു ആഘോഷിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പെങ്കിലുമായിരിക്കണം മലയാളി തനിമ ചോരാതെ വിഷു ആഘോഷിച്ചതെന്ന് പഴമക്കാര്‍ പറഞ്ഞാല്‍ അതിനെ അത്ര പെട്ടെന്ന് തള്ളിക്കളയാനാകില്ല. ദേശവും കാലവും മണ്ണും മരങ്ങളും പുഴയും പാടവും സമൃദ്ധമായിരുന്ന വിഷുക്കാലമായിരുന്നു അതത്രെ.
മലയാളിയുടെ മനസ്സിലും മണ്ണിലും വിളവെടുപ്പിന്റെ സമൃദ്ധിയും കൃഷിയിറക്കിന്റെ പ്രതീക്ഷയും ഒരുപോലെ നിറഞ്ഞ ഉത്സവമാണ് വിഷു. ഐശ്വര്യത്തിന്റെ സമ്പല്‍സമൃദ്ധിയുടെ പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍ പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നുനീങ്ങുന്നു. വസന്തകാലത്തിന്റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനം പാടിക്കൊണ്ട് പറന്നെത്തുന്ന വിഷുപ്പക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം. കേരളീയര്‍ക്ക് പ്രകൃതിയുടെ ഓര്‍മപ്പെടുത്തലാണ് കണിക്കൊന്ന. വിഷുവെന്ന പാരമ്പര്യ തനിമ വന്നെത്തുന്നു എന്നതിന്റെ മാത്രം ഓര്‍മപ്പെടുത്തലല്ല അത്. ചൂട് കൂടുന്നുവെന്നും മഴ പെയ്യാനിനി എത്ര നാളുണ്ടെന്നും കര്‍ഷകനെ അറിയിക്കുന്ന കാലത്തിന്റെ ഘടികാരമായിരുന്നു അന്ന് കണിക്കൊന്ന. തെറ്റാവരം പോലെ ഓരോ വിഷുവിനും മുന്നോടിയായി കണിക്കൊന്നകള്‍ പൂത്ത് തളിര്‍ത്ത് വര്‍ണക്കാഴ്ചകളൊരുക്കി അങ്ങനെ നില്‍ക്കും. വിഷുക്കാലമല്ലേ, കണിക്കൊന്നയല്ലേ, എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ എന്ന ഭാവത്തില്‍ തലയെടുപ്പോടെ.
മേടപ്പുലരിയിലെ വിഷു ദിനത്തില്‍ ഐശ്വര്യത്തെ വരവേല്‍ക്കാന്‍ കണിക്കൊന്നയെ കണികാണുന്നതു കൊണ്ടാകാം ഈ പേര് ലഭിച്ചത്. മനോഹരമായ സ്വര്‍ണ മഞ്ഞനിറമുള്ള കണിക്കൊന്നപ്പൂവ് സുവര്‍ണകം (രാജപുഷ്പം) എന്നാണ് സംസ്‌കൃതത്തില്‍ അറിയപ്പെടുന്നത്. മികച്ചൊരു ഔധസസ്യം കൂടിയായ കണിക്കൊന്ന ചതുരംഗൂല, ദീര്‍ഘഫല, നൃപേന്ദ്ര തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ഗോള്‍ഡന്‍ ഷോവര്‍ ട്രീ എന്നറിയപ്പെടുന്നു. കാസിയ ഫിസ്റ്റുല എന്നാണിതിന്റെ ശാസ്ത്ര നാമം. കണിക്കൊന്നയുടെ മുരിങ്ങാക്കായ പോലുള്ള ഫലത്തിനാണ് കൂടുതല്‍ ഔധ പ്രാധാന്യം. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കണിക്കൊന്നയുടെ പൂക്കാലം. ഇലപൊഴിയും ഇനത്തില്‍പെട്ട മരമാണിത്. സൗവര്‍ണമായ സങ്കത്പങ്ങള്‍ക്ക് ചാരുത പകരുന്ന പൂക്കളാണ് കൊന്നപ്പൂക്കള്‍. പ്രകൃതിയുടെ വിഷുക്കൈനീട്ടമാണിവ. സംസ്‌കൃതത്തില്‍ കര്‍ണ്ണികാരമെന്നാണ് കൊന്ന അറിയപ്പെടുന്നത്.
വിശ്വാസികള്‍ക്കു കണിക്കൊന്ന പൂത്തുലഞ്ഞ പഴയനാളുകളിലെ വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയായിരുന്നു. കര്‍ഷകര്‍ക്കാകട്ടെ, അത് വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദി കുറിക്കുന്ന ദിനം. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്‌നം വിതക്കാന്‍ വിഷുവും കണിക്കൊന്നയും അന്ന് അവരെ പ്രേരിപ്പിച്ചിരുന്നു. പ്രതീക്ഷയുടെ പൂത്താലവും ഓര്‍മകളുടെ താലപ്പൊലിയുമായാണ് ഓരോ വിഷുപ്പുലരിയും അന്ന് മലയാളിയുടെ പടിവാതില്‍ക്കലെത്തിയത്. പിന്നിടുന്ന സംവത്സരങ്ങളുടെ നെറുകെയില്‍ അത് കുളിര്‍ജലത്തിന്റെ സ്പര്‍ശമായി. അന്ന് അവരുടെ മനസ്സ് സമ്പന്നമായത് ആഘോഷങ്ങളുടെ സമൃദ്ധിയിലാണ്. മണ്ണിനെയും വിണ്ണിനെയും മനുഷ്യമനസ്സില്‍ കോര്‍ത്തിടുന്ന അനുഭൂതികളിലാണ്. അങ്ങനെ പ്രകൃതിയുടെ പിറന്നാളുകള്‍ പോലെ വിഷുവും ആഘോഷിച്ചു.
കാലം മാറി, കഥയും കാലവസ്ഥയും മാറി.കണിക്കൊന്ന കാലം തെറ്റി പൂത്തു. കൃഷിക്ക് പ്രാധാന്യം നല്‍കാത്ത പുതിയ സമൂഹത്തില്‍ എന്തിനുവേണ്ടിയൊക്കെയോ വിഷു ആഘോഷിക്കുമ്പോള്‍ അറിയാതെ മുന്നില്‍ മുല്ലനേഴിയുടെ വരികള്‍ തെളിഞ്ഞു വന്നേക്കും… കത്തുന്നൊരുഷ്ണക്കാറ്റിന്‍ ചിറകില്‍ തീനാവുമായ് മൃത്യുവന്നെത്തുന്നൊരീ വിഷുവല്‍പ്പുലരിയില്‍ കരിഞ്ഞ നെല്‍പ്പാടങ്ങള്‍, കര്‍ഷകര്‍, വിതുമ്പുന്ന പൊലിഞ്ഞ സ്വപ്‌നങ്ങള്‍, ഈനാടാകെത്തിളക്കുമ്പോള്‍ എങ്ങനെയാഘോഷിക്കും വിഷു നാം നമ്മെത്തന്നെ ചങ്ങലക്കിടുന്നോരീ ഭ്രാന്താശുപത്രിയ്ക്കുളില്‍ ?……

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest