Connect with us

Editorial

വെടിക്കെട്ടുകളും പടക്കങ്ങളും

Published

|

Last Updated

വെടിക്കെട്ട് ഭാഗികമായി നിരോധിച്ചിരിക്കുകയാണ് ഹൈക്കോടതി. രാത്രിയില്‍ വലിയ ശബ്ദത്തോടെയുള്ള വെടിക്കെട്ടിനാണ് നിരോധം. പകല്‍ വെടിക്കെട്ടാകാമെങ്കിലുംഅത് 140 ഡെസിബെല്‍ ശബ്ദത്തിനു മുകളിലുള്ളതല്ലെന്ന് ഉറപ്പ് വരുത്തണം. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ പൂര്‍ത്തിയാകാതെ വെടിക്കെട്ട് നടത്താന്‍ യാതൊരു നീക്കവും അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശിക്കുകയുണ്ടായി. പരവൂര്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചിദംബരേഷ് കോടതി രജിസ്ട്രാര്‍ക്ക് അയച്ച കത്ത് സ്വമേധയാ ഹരജിയായി സ്വീകരിച്ചാണ് ഹൈക്കോടതി ഇടപട്ടത്. ഉഗ്രസ്‌ഫോടനമുണ്ടാക്കുന്ന അമിട്ട്, കതിന, ഗുണ്ട് തുടങ്ങിയവ നിരോധിക്കണമെന്നും ജീവിക്കാനുള്ള മനുഷ്യരുടെ അവകാശത്തെ ഉത്സവങ്ങള്‍ ഹനിക്കരുതെന്നും ജസ്റ്റിസ് ചിദംബരേഷ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് പലപ്പോഴായി 500 ഓളം പേര്‍ വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ട കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിഷുദിനത്തിലും മറ്റു ഉത്സവച്ചടങ്ങളുകളിലും പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്തിനും കാലത്ത് ആറിനും ഇടയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങി നിശ്ശബ്ദ മേഖലയായി സംരക്ഷിക്കേണ്ട സ്ഥാപനങ്ങളുടെ നൂറ് മീറ്റര്‍ പരസരത്തും ഉഗ്രശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നത്. ശബ്ദ തീവ്രത കൂടിയ പടക്കങ്ങളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നേരത്തെ ഇറക്കിയ വിജ്ഞാപനത്തിന്റെയും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണങ്ങള്‍.
അപകടങ്ങളും ദുരന്തങ്ങളും മാത്രമല്ല, വലിയ ശബ്ദത്തിലുള്ള വെടിക്കെട്ട് കേള്‍വിത്തകരാര്‍ ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. 90 ഡെസിബെലില്‍ കൂടുതല്‍ ശബ്ത തീവ്രതയുള്ള വെടിക്കെട്ട് കേള്‍വിത്തകരാര്‍ ഉണ്ടാക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരം വെടിക്കെട്ട് വേളയില്‍ നടത്തിയ ശബ്ദ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 30 മുതല്‍ 60 ഡെസിബെല്‍ വരെയാണ് സാധാരണ നിലയില്‍ ചെവിക്ക് താങ്ങാകുന്ന ശബ്ദ തീവ്രത. ഉഗ്രശബ്ദത്തിലുള്ള വെടിക്കെട്ടിന്റെ സമീപത്ത് നില്‍ക്കുന്നവര്‍ക്ക് 150 ഡെസിബെല്‍ മുതല്‍ മുകളിലേക്ക് ശബ്ദ തീവ്രത അനുഭവപ്പെടുമെന്ന് പഠനം കണ്ടെത്തിയിരുന്നു. തൃശൂര്‍ പൂരം വെടിക്കെട്ടില്‍ ശബ്ദ തീവ്രത കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഐ എം എ ആവശ്യപ്പെടുകയുണ്ടായി. അമിത ശബ്ദം രക്തസമ്മര്‍ദം, പ്രമേഹം, ആസ്ത്മ, തലചുറ്റല്‍, ഉറക്കമില്ലായ്മ, പഠനമില്ലായ്മ, വൈദഗ്ധ്യമുള്ള ജോലികള്‍ ചെയ്യുന്നതിന് വൈമുഖ്യം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ഇ എന്‍ ടി അസോസിയേഷനും ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചുകുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് കൂടൂതല്‍ ആഘാതമേല്‍പ്പിക്കും. ഈ സാഹചര്യത്തില്‍ രാത്രിയില്‍ മാത്രമല്ല, പകല്‍ സമയങ്ങളിലും വെടിക്കെട്ട് ഉള്‍പ്പെടെ ഉഗ്ര ശബ്ദമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും നിരോധിക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതുണ്ട്.
അതേസമയം വെടിക്കെട്ട് നിയന്ത്രിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തൃശുര്‍പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ കോടതി ഉത്തരവില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ഇത് സംബന്ധിച്ച ആശങ്ക പരിഹരിച്ചില്ലെങ്കില്‍ തൃശൂര്‍പൂരം ചടങ്ങിലൊതുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രോത്സവങ്ങളിലെ ഒരാചാരമെന്നതിന് പുറമെ വെടിക്കെട്ടില്ലാത്ത ഉത്സവങ്ങള്‍ക്ക് സന്ദര്‍ശകരും കാണികളും കുറയുമെന്നതാണ് എതിര്‍പ്പിന് പിന്നില്‍. നമ്മുടെ രാജ്യത്ത് മാത്രമല്ല, ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും വിദേശ രാഷ്ട്രങ്ങളിലും നടത്തുത്താറുണ്ട് കരിമരുന്ന് പ്രയോഗം. ഇവിടുത്തെ പോലെ അവ കാതടപ്പിക്കുന്ന ഭയാനക ശബ്ദമുണ്ടാക്കുന്നില്ല. വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലും ചെറിയ ശബ്ദത്തോടെ ആകാശത്ത് പൊട്ടി വിരിയുന്ന രീതിയിലാണ് അവയുടെ സംവിധാനം. ശബ്ദം നന്നേ കുറഞ്ഞതും ദൃശ്യഭംഗി ഏറിയതും അപകട സാധ്യത വിരളവുമായ അത്തരം കരിമരുന്ന് പ്രയോഗങ്ങള്‍ ഇവിടെയും നടപ്പാക്കിയാല്‍ പോരേ? വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ഇക്കാര്യവും ഉണര്‍ത്തിയിട്ടുണ്ട്. ശബ്ദത്തിനു പ്രാധാന്യം നല്‍കാതെ വര്‍ണത്തിനും മറ്റും പ്രാധാന്യം നല്‍കാനാണ് കോടതി നിര്‍ദേശം.

Latest