Connect with us

Kerala

ശ്രദ്ധാ കേന്ദ്രത്തില്‍ പോരിന് ചൂടും വാശിയുമേറും

Published

|

Last Updated

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പിറന്ന ധര്‍മടത്തിന് ഇക്കുറി മറ്റൊരു മണ്ഡലത്തിനും കിട്ടാത്ത പേരും പെരുമയും കൈവന്നിരിക്കുകയാണ്. മണ്ഡലത്തില്‍ ഇത്തവണ ആരു ജയിച്ചാലും, സംസ്ഥാനഭരണം ഏത് മുന്നണിക്ക് കിട്ടിയാലും ധര്‍മടം രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും. സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്റെ സ്ഥാനാര്‍ഥിത്വമാണ് ധര്‍മടത്തിന് ഈ പ്രശസ്തി നേടിക്കൊടുത്തത്. ധര്‍മടത്ത് വിജയിക്കുകയും ഇടതുമുന്നണിക്കു ഭരണം ലഭിക്കുകയും ചെയ്താല്‍ മുഖ്യമന്ത്രിയായേക്കുമെന്ന് കരുതുന്ന നേതാവാണ് പിണറായി. ഭരണം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാവാകാന്‍ സാധ്യതയുള്ളയാള്‍. ധര്‍മടത്തെ പിണറായിയുടെ പ്രചാരണം പോലും രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്.
2011 ല്‍ ആദ്യ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലത്തിലെ കടമ്പൂര്‍ പഞ്ചായത്തില്‍ മാത്രമാണ് യു ഡി എഫ് ഭരണമുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കടമ്പൂരും എല്‍ ഡി എഫ് സ്വന്തമാക്കിയതോടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഇടതു ഭരണത്തിന് കീഴിലായി. അതേസമയം. ഇതുവരെയും പ്രതിപക്ഷമില്ലാതിരുന്ന പിണറായി പഞ്ചായത്തില്‍ യുഡി എഫ് ആദ്യമായി ഒരു സീറ്റ് നേടി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഭരണമില്ലെങ്കിലും കടമ്പൂര്‍, മുഴപ്പിലങ്ങാട്, ധര്‍മടം പഞ്ചായത്തുകളില്‍ യു ഡി എഫിന് ശക്തമായ വേരുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫിന് 2011 ല്‍ ലഭിച്ച ആറ് സീറ്റുകളില്‍ ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചത് ധര്‍മടത്തായിരുന്നു. 25000 നുമേല്‍ ഭൂരിപക്ഷം പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശേരി, തലശേരി, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ ലഭിച്ചപ്പോള്‍ ധര്‍മടത്ത് 15,162 വോട്ടിനായിരുന്നു മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സി പി എമ്മിലെ കെ കെ നാരായണന്റെ വിജയം. കോണ്‍ഗ്രസിലെ മമ്പറം ദിവാകരന്‍ ആയിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥി.
സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതമായി വൈകിയതിന്റെ പേരില്‍ മമ്പറം ദിവാകരന് പാര്‍ട്ടി ചിഹ്നം ലഭിച്ചിരുന്നില്ല. ക്രിക്കറ്റ് ബാറ്റായിരുന്നു ചിഹ്നം. എന്നിട്ടും വിജയപ്രതീക്ഷ ഉണര്‍ത്തും വിധത്തിലുള്ള പോരാട്ടം കാഴ്ചവയ്ക്കാന്‍ ദിവാകരനായി. ഇടത് ഭൂരിപക്ഷം കുറക്കാനും കഴിഞ്ഞു.
ഇത്തവണയും മമ്പറം ദിവാകരന്‍ തന്നെയാണ് ധര്‍മടത്ത്‌പോരിനിറങ്ങിയത്. ബി ജെ പി സ്ഥാനാര്‍ഥിയായി ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാനന്തേരിയും കളത്തിലിറങ്ങുന്നു. കൂത്തുപറമ്പില്‍നിന്ന് മൂന്നുതവണയും പയ്യന്നൂരില്‍ നിന്ന് ഒരുവട്ടവും നിയമസഭയിലെത്തിയ പിണറായി അഞ്ചാം തവണയാണ് മത്സരത്തിനൊരുങ്ങുന്നത്. ഇത്തവണ പയ്യന്നൂര്‍, തലശേരി മണ്ഡലങ്ങളെല്ലാം പിണറായിയുടെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നെങ്കിലും ജന്മനാട് ഉള്‍പ്പെടുന്ന ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കാനാണ് അവസാനം തീരുമാനമായത്.
മണ്ഡലത്തിലെ താമസക്കാരനും ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡന്റുമാണ് ദിവാകരന്‍. കഴിഞ്ഞതവണ പാര്‍ട്ടി ചിഹ്നം ലഭിക്കാതിരുന്നിട്ടും മികച്ച മത്സരം കാഴ്ചവെക്കാന്‍ സാധിച്ച ദിവാകരന് പിണറായിക്കെതിരെ കടുത്ത പോരാട്ടം നടത്താനാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണത്തെ 4,963 വോട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 6,916മായി വര്‍ധിപ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബി ജെ പി മത്സരിക്കുന്നത്.
യു ഡി എഫ് സര്‍ക്കാറിന്റേയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങളും അഴിമതിയും അക്രമരാഷ്ട്രീയവുമെല്ലാം ധര്‍മടത്ത് പ്രചാരണായുധമാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ ചലനങ്ങള്‍ക്കും മറുപടി ധര്‍മടത്ത് നിന്നാണുയരുന്നതെന്നതില്‍ എല്ലാ വിഷയവും ഇവിടെ പ്രചാരണത്തിലുയരുന്നുണ്ട്.
ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ പിണറായി വിജയന്‍ നേരിട്ടെത്തിത്തുടങ്ങിയ പ്രചാരണത്തില്‍ കേരളത്തിലെ പ്രമുഖരായ എല്ലാ ഇടതു മുന്നണി നേതാക്കളും ഇതിനകം തന്നെ പങ്കെടുത്തു കഴിഞ്ഞു. പുതിയ മൊയ്തു പാലം ഉള്‍പ്പെടെ മണ്ഡലത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണി ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു വിഷയം.
മുഴപ്പിലങ്ങാട് ബീച്ചില്‍ ഫിഷ് ലാന്റിംഗ് കേന്ദ്രം, 26 കോടി രൂപ മുടക്കി നിര്‍മിച്ച പുതിയ റോഡുകള്‍, കാര്‍ഷിക മേഖലയിലെ പത്ത് കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍, ബ്രണ്ണന്‍ കോളജ് ശതോത്തരജൂബിലി സ്മാരകം, ധര്‍മടം സ്റ്റേഡിയം നവീകരണം തുടങ്ങിയവയും ചൂണ്ടിക്കാട്ടാനുണ്ട്. ഇടതുമുന്നണി ഭരണകാലത്തു തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ തുരങ്കംവച്ചെന്ന ആരോപണവും പ്രചാരണത്തില്‍ സജീവമാണ്.
അതേസമയം എം എല്‍ എ ഫണ്ട് ഉള്‍പ്പെടെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ധൂര്‍ത്തടിച്ച കെ കെ നാരായണന്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അവഗണിച്ചെന്നാണ് യു ഡി എഫ് ആരോപിക്കുന്നത്. അവസാനഘട്ടത്തില്‍ അനുവദിച്ച എം എല്‍ എ ഫണ്ടായ അഞ്ച് കോടി രൂപയും പിണറായിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാനായി നല്‍കുകയായിരുന്നു. അപകടത്തിലായ മമ്പറം പാലത്തിന് പകരം പാലം നിര്‍മിക്കാന്‍ ഒരു നടപടിയും എം എല്‍ എ സ്വീകരിച്ചില്ല. മേലൂരിനേയും മമ്പറത്തേയും കൂട്ടിയോജിപ്പിക്കുന്ന പാറപ്രം പാലം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ സാധിച്ചില്ല. അഞ്ചരക്കണ്ടി പുഴയില്‍നിന്ന് ഉപ്പു വെള്ളം കയറി ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമിയാണ് നശിച്ചത്. ഇങ്ങനെ പോകുന്നു ഇടതു പക്ഷത്തിനെതിരായ ആരോപണങ്ങള്‍. ബി ജെ പി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായ മോഹനന്‍ മാനന്തേരിക്ക് ഇത് കന്നി അങ്കമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ധര്‍മടത്ത് തീപാറുന്ന പ്രചാരണമാണ് പൊരിവെയിലത്തും ഇടത് – വലത് മുന്നണികളും ബി ജെ പിയും നടത്തുന്നത്. മുഖ്യമന്ത്രിയെ സമ്മാനിക്കാനാകുമെന്ന് ഇടതുപക്ഷം കരുതുന്ന മണ്ഡലമായതിനാല്‍ ഇവിടെ മറ്റു മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഉയര്‍ന്ന ഭൂരിപക്ഷം കൊണ്ടുവരാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. എന്നാല്‍ വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും ഇക്കുറി പ്രതീക്ഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വവും പറയുന്നു.

വോട്ടുരേഖ
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്
കെ കെ നാരായണന്‍ (സി പി എം) 72,354
മമ്പറം ദിവാകരന്‍ (കേണ്‍ഗ്രസ്) 57,192
സി പി സംഗീത (ബി ജെ പി) 4,963
ഭൂരിപക്ഷം 15,162

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
(ധര്‍മടം)
പി കെ ശ്രീമതി (സി പി എം) ……………………………………….72,158
കെ സുധാകരന്‍ (കോണ്‍ഗ്രസ്) 57,197
പി സി മോഹനന്‍ മാസ്റ്റര്‍ (ബി ജെ പി ) 6,916

2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
എല്‍ ഡി എഫ് 8 പഞ്ചായത്ത്
യു ഡി എഫ് ഇല്ല

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest